കോട്ടയം: കണ്ടു നിന്നവരെ എല്ലാം കണ്ണീരണിയിച്ച ദുരന്തമാണ് ഇന്നലെ കോട്ടയം നാഗമ്പടം മേൽപ്പാലത്തിന് സമീപം നടന്നത്. ലോറിക്കടിയിൽപ്പെട്ട് മരിച്ചത് സ്വന്തം ഭർത്താവ് ജോബി ജോസ് (39) ആണെന്ന് അറിയാതെയാണ് പിന്നാലെ ബസിൽ ഭാര്യ സീന എത്തുന്നത്. ആൾക്കൂട്ടം കണ്ട് വിവരങ്ങൾ തിരക്കിയപ്പോഴാണ് ടോറസ് ലോറിക്കടിയിൽപ്പെട്ട് മരിച്ചത് തന്റെ ഭർത്താവാണെന്ന വിവരം സീന അറിയുന്നത്. മരണ വിവരം അറിഞ്ഞ സീന കുഴഞ്ഞു വീണു.

ഇന്നലെ രാവിലെ ഏഴരയ്ക്കായിരുന്നു അപകടം. പെയിന്റിങ് തൊഴിലാളിയായ പേരൂർ മണ്ഡപത്തിൽ ജോബി ജോസ് ആണ് നാഗമ്പടം റെയിൽവേ മേൽപാലത്തിലേക്കു പ്രവേശിക്കുന്ന ഭാഗത്തു പാറമണലുമായി വന്ന ടോറസിനടിയിൽപ്പെട്ടു മരിച്ചത്.

അപകടത്തെ തുടർന്നു ലോറി റോഡിനു നടുവിൽ നിർത്തിയിട്ട് ഡ്രൈവർ രക്ഷപ്പെട്ടു. ഏറ്റുമാനൂർ ഭാഗത്തുനിന്നു കോട്ടയം ഭാഗത്തേക്കു വരികയായിരുന്നു ഇരുവാഹനങ്ങളും. നാഗമ്പടം റയിൽവേ മേൽപ്പാലത്തിലേക്കു പ്രവേശിക്കുന്നതിനു മുൻപു റോഡിനു നടുവിൽ വച്ചിരുന്ന താൽക്കാലിക മീഡിയനിൽ തട്ടിയ സ്‌കൂട്ടർ ലോറിക്കടിയിലേക്ക് വീഴുകയായിരുന്നുവെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു. ലോറിയുടെ പിൻ ചക്രങ്ങൾക്കിടയിലേക്കാണു ജോബി വീണത്. തൽക്ഷണം മരിച്ചു. ഉടൻ പൊലീസും നാട്ടുകാരും ഓടിയെത്തി.

മൃതദേഹം മെഡിക്കൽ കോളജാശുപത്രിയിലേക്കു കൊണ്ടുപോയതിനു പിന്നാലെയാണ് ജോബിയുടെ ഭാര്യ സീന കോട്ടയത്ത് സ്വകാര്യസ്ഥാപനത്തിൽ ജോലിക്കു പോകാനായി പിന്നാലെയുള്ള ബസിൽ വന്നത്. മുൻപരിചയമുള്ള വെസ്റ്റ് എസ്‌ഐ എം.ജെ.അരുൺ അപകടസ്ഥലത്ത് നിൽക്കുന്നതു കണ്ടു വിവരം തിരക്കുന്നതിനിടെയാണു ജോബിയുടെ സ്‌കൂട്ടർ ശ്രദ്ധയിൽപ്പെട്ടത്.

അപകടത്തിൽപ്പെട്ട സ്‌കൂട്ടർ ഭർത്താവിന്റേതാണെന്നും സ്‌കൂട്ടറിലാണു രാവിലെ വീട്ടിൽ നിന്നു പോന്നതെന്നും സീന പറഞ്ഞു. തുടർന്ന് എസ്‌ഐ ലൈസൻസ് ഉൾപ്പെടെയുള്ള രേഖകൾ കാണിച്ചതോടെ മരിച്ചതു ജോബിയാണെന്നു പൊലീസ് സ്ഥിരീകരിച്ചു. ഇതോടെ സീന കുഴഞ്ഞുവീഴുകയായിരുന്നു. എസ്‌ഐയും സഹപ്രവർത്തകരും ഇവരെ മറ്റൊരു വാഹനത്തിൽ പെട്ടെന്നു തിരിച്ചയയ്ക്കുകയായിരുന്നു. കൊങ്ങാണ്ടൂർ വഴിയമ്പലത്തിൽ കുടുംബാംഗമാണു സീന. മകൻ: ജിയോൺ. സംസ്‌കാരം ഇന്നു മൂന്നിനു പേരൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.