അമ്പലപ്പുഴ: ദമ്പതികൾ സഞ്ചരിച്ച ബുള്ളറ്റ് മറിഞ്ഞ് ഭാര്യയ്ക്ക് ദാരുണാന്ത്യം. കെ.എസ്.എഫ്.ഇ ഉദ്യോഗസ്ഥയായ ഓച്ചിറ ക്ലാപ്പന കവറാത്ത് പുത്തൻവീട്ടിൽ നാസിമിന്റെ ഭാര്യ അനിലയാണ് (34) മരിച്ചത്. ഞായറാഴ്ച വൈകിട്ട് 6.30ന് ദേശീയ പാതയിൽ അറവുകാട് ഭാഗത്താണ് അപകടം. മണ്ണഞ്ചേരിയിൽ ബന്ധുവീട്ടിൽ പോയി മടങ്ങവേ ഇവർ സഞ്ചരിച്ച ബുള്ളറ്റ് ബ്രേക്ക് പിടിക്കുന്നതിനിടയിൽ മറിയുകയായിരുന്നു.

മുൻഭാഗത്തെ ബ്രേക്ക് പിടിച്ചപ്പോൾ വാഹനം തെന്നിമറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനിലയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കെ.എസ്.എഫ്.ഇ ഹരിപ്പാട് മുട്ടം ശാഖയിലെ ഉദ്യോഗസ്ഥയാണ് അനില. നാസിമിന് നിസാര പരിക്കേറ്റു. മക്കൾ: അഭ്‌നാൻ, അദ്‌നാൻ.