- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവിതം കൊടുത്തവന്റെ ജീവനെടുത്തു; പുതുപ്പള്ളിയിൽ ഭർത്താവിനെ കൊലപ്പെടുത്തി മകനുമായി വീടുവിട്ട ഭാര്യ പിടിയിൽ; റോസന്ന കൊല നടത്തിയത്, വിദഗ്ധ ചികിത്സയ്ക്കായി മാനസികാരോഗ്യകേന്ദ്രത്തിൽ കൊണ്ടുപോകാനിരിക്കെ
കോട്ടയം: പുതുപ്പള്ളിയിൽ ഭർത്താവിനെ ഉറങ്ങിക്കിടക്കവെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭാര്യ പിടിയിൽ. പടനിലം വീട്ടിൽ ഷിജു കൊല്ലപ്പെട്ട കേസിൽ ഭാര്യ റോസന്നയാണ് മണർകാട് പള്ളി പരിസരത്തുനിന്ന് പിടിയിലായത്. പയ്യപ്പാടി കാഞ്ഞിരത്തുംമൂട് പെരുങ്കാവ് പടനിലത്ത് വീട്ടിൽ ഓട്ടോ ഡ്രൈവറായ മാത്യു ഏബ്രഹാമിനെ (ഷിജു48) കിടപ്പുമുറിയിൽ വെട്ടേറ്റു മരിച്ച നിലയിലാണു കണ്ടെത്തിയത്.
ഭാര്യ റോസന്നയെയും (45) മകൻ ജോയൽ മാത്യുവിനെയും (6) പിന്നീട് കാണാതാവുകയായിരുന്നു. മാനസിക അസ്വാസ്ഥ്യമുള്ള റോസന്ന, ഉറങ്ങിക്കിടന്ന ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഏക മകനുമായി രക്ഷപ്പെട്ടതാണെന്നാണ് പൊലീസ് പറയുന്നത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്.
നേരം പുലർന്നിട്ടും ഷിജുവിന്റെ വീട്ടിൽ ആളനക്കം കാണാതായതോടെ, വീടിനു സമീപം താമസിക്കുന്ന സഹോദരന്റെ ഭാര്യ മറിയാമ്മ ജോൺ അന്വേഷിച്ച് എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. പെരുങ്കാവ് കവലയ്ക്കു സമീപത്തെ വീടിന്റെ കിടപ്പുമുറിയിൽ കട്ടിലിനു താഴെ വീണുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മറിയാമ്മ ബഹളംവച്ച് അയൽക്കാരെയും മറ്റും വരുത്തി. തുടർന്നു പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
അർധരാത്രിക്കു ശേഷമാകാം കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. ഉറങ്ങിക്കിടന്ന ഷിജുവിനെ റോസന്ന കൈക്കോടാലി കൊണ്ടു കഴുത്തിൽ വെട്ടി. കട്ടിലിൽനിന്നു താഴെ വീണ ശേഷം വീണ്ടും വെട്ടി. രാത്രി മുഴുവൻ വീട്ടിൽ കഴിച്ചുകൂട്ടിയ ശേഷം പുലർച്ചയോടെയാണു മകനുമായി വീടു വിട്ടതെന്നാണ് പൊലീസിന്റെ അനുമാനം.
പുലർച്ചെ അഞ്ചരയോടെ റോസന്നയും മകനും വീട്ടിൽനിന്നു നടന്നു പോകുന്നത് പെരുങ്കാവ് കവലയിൽ വച്ച് നാട്ടുകാർ കണ്ടിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഇവർ കോട്ടയം റെയിൽവേ സ്റ്റേഷൻ വരെ എത്തിയതായി സൂചന ലഭിച്ചു.
വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തി. ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ, സ്റ്റേഷൻ ഹൗസ് ഓഫിസർ റിജോ പി.ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കോട്ടയം വെസ്റ്റ് പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ, കൊലയ്ക്ക് ഉപയോഗിച്ച കൈക്കോടാലി വീട്ടിൽനിന്നു ലഭിച്ചിരുന്നു.
തമിഴ്നാട് ബോഡിമെട്ട് സ്വദേശിനിയാണ് റോസന്ന. കോട്ടയത്തെ ഒരു അനാഥാലയത്തിലെ അന്തേവാസിയായിരുന്നു. ഒൻപതു വർഷങ്ങൾക്ക് മുമ്പായിരുന്നു സിജു റോസന്നയെ ജീവിത സഖിയാക്കിയത്. ഇവർക്കു മാനസിക പ്രശ്നങ്ങളുള്ള വിവരം സിജി അറിഞ്ഞിരുന്നില്ല.
റോസന്നയെ അനാഥാലയത്തിൽനിന്നും വിവാഹം ചെയ്ത് കൂട്ടിക്കൊണ്ടുവരുമ്പോൾ നല്ലപാതിയെന്ന സ്വപ്നം മാത്രമാണ് സജി കണ്ടത്. എന്നാൽ സജി ആഗ്രഹിച്ച നല്ലപാതിയാകാൻ താളംതെറ്റിയ മനസ് റോസന്നയെ അനുവദിച്ചില്ല. അതിനുശേഷം പലതവണ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച റോസന്ന, മെഡിക്കൽ കോളജ് ആശുപത്രിയിൽ മാനസികാരോഗ്യ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഒടുവിൽ റോസന്നയുടെ കൈകൾ തന്നെ സജിയുടെ അന്ത്യം കുറിക്കുകയും ചെയ്തു.
ബന്ധുക്കളും ഏതാനും ചില നാട്ടുകാരും മാത്രമാണ് ഇവരുടെ വിവാഹ വിവരം അറിഞ്ഞതുപോലും. നാളുകൾക്കുശേഷം ഇവർക്ക് മകനുണ്ടായി. ആരെയും റോസന്ന വീട്ടിൽ പ്രവേശിപ്പിച്ചിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. മുൻപും റോസന്ന നാട് വിട്ട് പോയിട്ടുണ്ട്. അന്ന് ഇവരെ തമിഴ്നാട്ടിൽനിന്നുമാണ് കണ്ടെത്തിയതെന്നും പൊലീസ് പറയുന്നു.
ഇടയ്ക്കിടെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന റോസന്നയെ വിദഗ്ധ ചികിത്സയ്ക്കായി കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ കൊണ്ടുപോകാനിരിക്കുകയായിരുന്നു സിജു. വീട്ടിൽ പറയത്തക്ക വഴക്കുകളോ അസ്വാരസ്യങ്ങളോ ഉണ്ടായിരുന്നില്ലെന്നും നല്ല നിലയിൽ കുടുംബം നോക്കിയിരുന്ന വ്യക്തിയായിരുന്നു ഓട്ടോറിക്ഷ ഡ്രൈവറായ സിജുവെന്നും നാട്ടുകാർ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ