കോട്ടയം: ഭർത്താവിന് മാനസികരോഗത്തിനുള്ള മരുന്ന് നൽകി അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് പിന്നിൽ സ്വത്ത് സംബന്ധിച്ചുള്ള തർക്കമെന്ന് പൊലീസിന്റെ നിഗമനം. ഭർത്താവിനെ നിഷ്‌ക്രിയനാക്കി വരുതിയിലാക്കി സ്വത്തുക്കളുടെ നിയന്ത്രണം കൈവശപ്പെടുത്തുകയായിരുന്നു യുവതിയുടെ ലക്ഷ്യമെന്ന് പൊലീസ് പറയുന്നു. എന്നാൽ ആശാ സുരേഷിന്റെ നീക്കത്തിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുള്ളതായി കണ്ടെത്തിയിട്ടില്ല. സുഹൃത്തുക്കൾ മുഖേനയും ഇന്റർനെറ്റിൽ നിന്നുമാണ് മാരകമായ ആന്റിബയോട്ടിക്കുകളെ സംബന്ധിച്ച വിവരം ലഭിച്ചതെന്ന് അറസ്റ്റിലായ യുവതി പൊലീസിനോട് പറഞ്ഞത്.

'ഞങ്ങൾക്കൊന്നും തരത്തില്ല, എല്ലാം അയാളുടെ വീട്ടുകാർക്കും സഹോദരങ്ങൾക്കും കൊടുക്കും' എന്നാണ് യുവതി പൊലീസിന് മൊഴി നൽകിയത്. ഭർത്താവ് സതീഷിന് (38) മാനസികരോഗികൾക്ക് നൽകുന്ന വീര്യം കൂടിയ മരുന്നു നൽകിയ കേസിൽ അറസ്റ്റിലായ മീനച്ചിൽ പാലാക്കാട് സതീമന്ദിരം ആശാ സുരേഷി(36)നെ ചോദ്യം ചെയ്തതോടെയാണ് അപായപ്പെടുത്താനുള്ള നീക്കത്തിന് പിന്നിലെന്ന് വെളിപ്പെടുത്തിയത്.

'ഇതു കൊടുത്താൽ പല്ലു കൊഴിഞ്ഞ സിംഹം പോലെ കിടന്നോളും, ഒരു ശല്യവുമില്ല'- കൂട്ടുകാരിക്ക് ആശ സുരേഷ് നൽകിയ ഈ സന്ദേശമാണ് ഭർത്താവിന് മാനസിക രോഗത്തിന്റെ മരുന്നു കൊടുത്ത കേസിൽ ഭാര്യയെ വെട്ടിലാക്കിയത്. ഈ വോയിസ് ക്ലിപ്പ് നിർണായക തെളിവായി മാറുകയായിരുന്നു. മനോരോഗ ചികിത്സയ്ക്കുള്ള മരുന്നുകൾ കലർത്തി അപായപ്പെടുത്താൻ ശ്രമിച്ചെന്ന ഭർത്താവിന്റെ പരാതിയിലാണ് ആശാ സുരേഷിനെ(36) ആണ് അറസ്റ്റു ചെയ്തത്.

ആശയും അവരുടെ വീട്ടുകാരും ചേർന്ന് തന്നെ ഇല്ലാതാക്കി താൻ ഒറ്റയ്ക്ക് ഉണ്ടാക്കിയ ബിസിനസും സ്വത്തും തട്ടിയെടുക്കാനാണ് ശ്രമിച്ചതെന്ന് ഭർത്താവ് സതീഷ് പൊലീസിനോട് പറഞ്ഞിരുന്നു. താൻ ഇല്ലാതായാൽ തന്റെ സ്വത്തിന് വേണ്ടി തിരുവനന്തപുരത്തുനിന്ന് ആരും വരില്ലെന്നാണ് അവർ കരുതിയതെന്നും ഇയാൾ പറയുന്നു. ഭർത്താവ് കുറച്ചു ദിവസം വീട്ടിൽ വരാതിരുന്നപ്പോൾ, മരുന്ന് ഓഫീസിലെത്തിച്ചും വെള്ളത്തിൽ കലർത്തിയും ഭർത്താവിന് യുവതി നൽകി. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസിന് ലഭിച്ചു.

യുവാവിന് തുടർച്ചയായി അനുഭവപ്പെട്ടിരുന്ന ക്ഷീണമാണ് ഭാര്യയുടെ മരുന്ന് നൽകലിന്റെ ചുരുളഴിച്ചത്. ക്ഷീണത്തെ തുടർന്ന് ഡോക്ടറെ കണ്ടെങ്കിലും ഷുഗർ താഴ്ന്നു പോയതാകാം കാരണം എന്ന് കരുതി മരുന്ന് കഴിച്ചെങ്കിലും കുറവുണ്ടായില്ല. എന്നാൽ 2021 സെപ്റ്റംബര് മാസത്തിൽ 20 ദിവസത്തോളം വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാതെ പുറത്തു നിന്ന് കഴിച്ചപ്പോൾ ക്ഷീണം ഉണ്ടായില്ല. ഇതേത്തുടർന്ന് തോന്നിയ സംശയമാണ് പരാതിയിലേക്കും കേസിലേക്കും നയിച്ചത്.

ഭാര്യയുടെ കൂട്ടുകാരിയോട് സതീഷ് ക്ഷീണത്തെക്കുറിച്ച് പറയുകയും, എന്തെങ്കിലും മരുന്ന് തനിക്ക് തരുന്നുണ്ടോയെന്ന് ഭാര്യയോട് ചോദിച്ചറിയണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് കൂട്ടുകാരി ആശയോട് കാര്യം തിരക്കിയപ്പോഴാണ് മാനസിക രോഗത്തിനുള്ള മരുന്ന് ദിവസവും ഭക്ഷണത്തിൽ കലർത്തി നൽകുന്ന കാര്യം വെളിപ്പെട്ടത്. മരുന്നിന്റെ ഫോട്ടോ കൂട്ടുകാരിക്ക് വാട്സാപ്പിൽ അയച്ചു നൽകുകയും ചെയ്തു. തുടർന്ന് ഭർത്താവ് വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. പാലാ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പൊലീസ് വീട് പരിശോധിച്ച് മരുന്ന് പിടിച്ചെടുക്കുകയും യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഡോക്ടറുടെ കുറിപ്പടിയില്ലാതെ യുവതിക്ക് മയക്കുമരുന്ന് എവിടെനിന്നും തുടർച്ചയായി ലഭിച്ചു എന്നതിലും അന്വേഷണം നടത്തിയിരുന്നു. മരുന്ന് നൽകിയ ആളിൽ നിന്നടക്കം മൊഴിയെടുത്തിട്ടുണ്ട്. മുൻകാല പരിചയമുള്ളതിനാലാണ് ഡോക്ടറുടെ കുറിപ്പടി ഇല്ലാതിരുന്നിട്ടും യുവതിക്ക് മെഡിക്കൽ ഷോപ്പിൽനിന്ന് മരുന്ന് ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. 2006ലാണ് തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയായ സതീഷ് പാലാ മുരിക്കുംപുഴ സ്വദേശിയായ യുവതിയെ വിവാഹം കഴിക്കുന്നത്. പാലായിലെ ഭാര്യവീട്ടിലും വാടക വീട്ടിലുമായിരുന്നു താമസം. യുവാവിന്റെ ഐസ്‌ക്രീം ബിസിനസ് പച്ചപിടിച്ചതോടെ പാലാക്കാട്ട് സ്വന്തമായി വീട് വാങ്ങി കുടുംബസമേതം അങ്ങോട്ടേക്ക് താമസം മാറുകയായിരുന്നു.

എട്ടു വർഷത്തോളം നീണ്ട ഗൂഢ നീക്കം

സ്വത്ത് കൈവശപ്പെടുത്താൻ ആശ ഭർത്താവിന് മാനസികരോഗത്തിനുള്ള മരുന്ന് നൽകിയത് എട്ട് വർഷത്തോളമാണ്. ശാരീരികക്ഷിണം പതിവായതോടെ തോന്നിയ സംശയമാണ് ഭാര്യയുടെ ക്രൂരത വെളിച്ചത്തു കൊണ്ടുവന്നത്. സ്വന്തം വീട്ടിൽ ഇരുവരും താമസം ആരംഭിച്ച ശേഷമായിരുന്നു സംഭവങ്ങൾക്ക് തുടക്കം. പതിവായി വീട്ടിൽനിന്ന് ഭക്ഷണം കഴിച്ചിരുന്ന സതീഷിന് തുടർച്ചയായി ക്ഷീണവും തളർച്ചയും അനുഭവപ്പെട്ടിരുന്നു. ഇതിന് ചികിത്സ തേടിയെങ്കിലും ഷുഗർനില താഴുന്നതാണ് കാരമെന്നാണ് ഡോക്ടർമാർ കണ്ടെത്തിയത്.

ഐസ്‌ക്രീം കമ്പനിയുടെ മൊത്ത വിതരണ ഏജൻസി ഉടമയാണ് സതീഷ്. സതീഷും ആശയും തമ്മിൽ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് ഡിവൈഎസ്‌പി ഷാജു ജോസ് പറഞ്ഞു. 2015 മുതലാണ് മരുന്നു നൽകിത്തുടങ്ങിയത്. ഉപദ്രവിക്കുന്നത് സംബന്ധിച്ച് സതീഷിനെതിരെ ആശ പൊലീസിൽ നേരത്തെ പരാതി നൽകിയിട്ടുണ്ട്. മനോരോഗികൾക്കുള്ള മരുന്നാണ് ആശ നൽകിയത്. ഗുളിക വെള്ളത്തിൽ കലർത്തി ഭക്ഷണത്തിൽ നൽകും. മരുന്നു കഴിച്ചാൽ ഉടനെ ക്ഷീണം വരും. ഉടൻ ഉറങ്ങുകയും ചെയ്യും. ഭക്ഷണം കഴിച്ച ഉടനെ സതീഷിന് കടുത്ത ക്ഷീണം തോന്നിത്തുടങ്ങിയതിനെത്തുടർന്ന് പല ഡോക്ടർമാരെയും കണ്ടു. എന്നാൽ ഫലമുണ്ടായില്ല. സംശയം തോന്നിയ സതീഷ് വീട്ടിൽ നിന്നു ഭക്ഷണം ഒഴിവാക്കി. അതോടെ ക്ഷീണം കുറഞ്ഞു.

ഇതോടെ ആശ ഐസ്‌ക്രീം കമ്പനിയിലെ കൂജയിൽ മറ്റൊരാൾ വഴി മരുന്ന് എത്തിച്ചു കലർത്തി. കൂജയിൽ നിന്നു വെള്ളം കുടിച്ച സതീഷിന് തളർച്ച തോന്നി.തുടർന്ന് വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോൾ മരുന്നു കലർത്തുന്നതായി കണ്ടെത്തിയതായി ഡിവൈഎസ്‌പി പറഞ്ഞു. ആശയുടെ കൂട്ടുകാരി വഴി സതീഷ് നടത്തിയ അന്വേഷണത്തിലാണ് മരുന്നു കലർത്തി നൽകുന്ന വിവരം സ്ഥിരീകരിച്ചത്.

ആശയുടെ കൂട്ടുകാരിയിൽ നിന്നും ലഭിച്ച മരുന്നുമായി സതീഷ് ഡോക്ടർമാരെ കണ്ടു. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജി ലാബിൽ പരിശോധനയും നടത്തി. ദീർഘകാലം മരുന്നു കഴിച്ചാൽ മനോരോഗമോ മരണമോ സംഭവിക്കാമെന്ന് ഡോക്ടർമാർ സതീഷിനോട് പറഞ്ഞു.

ഇതേത്തുടർന്ന് ഭാര്യ കൂട്ടുകാരിക്ക് അയച്ചു കൊടുത്ത മരുന്നുകളുടെ ലേബലും വീട്ടിൽനിന്നുള്ള സിസി ടിവി ദൃശ്യങ്ങളും സഹിതം സതീഷ് ജില്ലാ പൊലീസ് മേധാവിക്ക് നൽകി. പാലാ ഡൈവൈഎസ്‌പിക്ക് കൈമാറിയ പരാതിയിൽ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. പാലാ എസ്എച്ച്ഒ കെ പി തോംസന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി. തുടർന്ന് വീട് റെയ്ഡ് ചെയ്ത് മരുന്നുകൾ പിടിച്ചെടുത്ത ശേഷം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.