കണ്ണൂർ: വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചുള്ള പ്രണയവിവാഹത്തിന് ദാരുണാന്ത്യം. കണ്ണൂരിലെ ശ്രീകണ്ഠാപുരത്താണ് ബസ് ഡ്രൈവറെ പ്രണയിച്ച് വിവാഹം കഴിച്ച കോളേജ് കുമാരി വിവാഹത്തിന്റെ മധുവിധു കഴിയും മുമ്പ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ഭർത്താവ് അറസ്റ്റിലായി. കോളജ് വിദ്യാർത്ഥിനിയായിരുന്ന നിടുവാലൂർ സ്വദേശി ആന്മരിയ (18) യുടെ മരണവുമായി ബന്ധപ്പെട്ടാണ് പൂപ്പറമ്പ് സ്വദേശിയും ബസ് ഡ്രൈവറുമായ ഭർത്താവിനെ കുടിയാന്മല എസ്.ഐ കസ്റ്റഡിയിലെടുത്തത്.

പൈസക്കരി ദേവമാതാ കോളജിലെ ഒന്നാം വർഷം ബി.ബി.എ വിദ്യാർത്ഥിനിയായിരുന്ന ആന്മരിയ നാല് മാസം മുൻപാണ് വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ബസ് ഡ്രൈവറായ സുബിനെ വിവാഹം കഴിച്ചത്. ആന്മരിയ യാത്ര ചെയ്യുന്ന ബസിലെ ഡ്രൈവറായിരുന്നു സുബിൻ ഈ കൂടിക്കാഴ്‌ച്ചയാണ് പ്രണയത്തിലേക്ക് വഴിമാറിയതും ഒടുവിൽ ഒളിച്ചോടി വിവാഹം കഴിക്കുന്നതിലും എത്തിയത്.

വിവാഹ ശേഷം പൂപ്പറമ്പിലുള്ള ഭർത്താവിന്റെ വിട്ടിലാണ് ആന്മരിയ താമസിച്ചിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഭർതൃവീട്ടിൽ വച്ചാണ് ആന്മരിയ ആത്മഹത്യക്ക് ശ്രമിച്ചത്. ദമ്പതികൾ തമ്മിലുള്ള വഴക്കിനെ തുടർന്ന് പെൺകുട്ടി വിഷം കഴിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. വീട്ടുകാരെ ഉപേക്ഷിച്ച് നല്ലജീവിതം മോഹിച്ചെത്തിയപ്പോഴും പ്രതീക്ഷയ്‌ക്കൊത്ത് ഒന്നും നടക്കാതെ വന്നപ്പോഴാണ് ആത്മഹത്യ ചെയ്തതെന്നാണ് സൂചന.

ഭർതൃവീട്ടിൽ വച്ച് വിഷം അകത്തു ചെന്ന നിലയിൽ കണ്ടെത്തിയ ആൻ മരിയയെ കോഴിക്കോട് മിംസിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച വൈകിട്ടോടെ മരിക്കുകയായിരുന്നു. മകളുടെ മരണത്തിൽ സംശയം തോന്നിയ മാതാവ് ആനി പൊലീസിൽ പരാതി നൽകിയിരുന്നു. സുബിന്റെ കുടുംബാംഗങ്ങളുടെയും ആന്മരിയയുടെ സഹപാഠികളുടെയും മൊഴി പൊലിസ് രേഖപ്പെടുത്തി. തളിപ്പറമ്പ് ഡി.വൈ.എസ്‌പി കെ.വി വേണുഗോപാലിന്റെ നിർദ്ദേശാനുസരണം കുടിയാന്മല എസ്.ഐ വിപിൻ കുമാറാണ് സുബിനെ കസ്റ്റഡിയിലെടുത്തത്. തളിപ്പറമ്പ് തഹസിൽദാർ നാദിർഷാൻ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ചേരൻകുന്ന് സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിയിൽ സംസ്‌കരിച്ചു.