വിമാനത്താവളത്തിൽ കാത്തിരിക്കുകയെന്നത് വല്ലാതെ മുഷിച്ചിലുണ്ടാക്കുന്ന കാര്യമാണ്. ഫ്‌ളൈറ്റ് താമസിക്കുക കൂടി ചെയ്താൽ പറയുകയും വേണ്ട. അത്തരം ഘട്ടങ്ങളിൽ വൈഫൈ ഉണ്ടായിരുന്നെങ്കിൽ എന്ന് ആലോചിക്കാത്തവർ വിരളമായിരിക്കും. മൊബൈൽ ഫോണിൽ വീഡിയോകളോ സംഗീതമോ ഒക്കെ ആസ്വദിച്ച് സമയം പോക്കാനാവും. ഔദ്യോഗികമായ ആവശ്യങ്ങൾക്കും ആ സമയം ഉപകരിക്കാനാവും.

ലോകത്തെ വൻനഗരങ്ങളിലെ വിമാനത്താവളങ്ങളിലെ വൈഫൈ പാസ്‌വേഡുകൾ ഒരുമിച്ച് ലഭിച്ചാലോ? ലണ്ടനിലോ മാഞ്ചസ്റ്ററിലോ ദുബായിലോ അബുദാബിയിലോ എവിടെച്ചെന്നാലും ആരോടും ചോദിക്കാതെ വൈഫൈ ഉപയോഗിക്കാനാണ് ഇതിലൂടെ അവസരമൊരുങ്ങിയിരിക്കുന്നത്. അതിന് വഴിയൊരുക്കിയത് ഒരു മലയാളിയും.

കമ്പ്യൂട്ടർ എൻജിനിയറും യാത്രികനുമായ അനിൽ പോളാട്ട് തയ്യാറാക്കിയ ഇന്ററാക്ടീവ് മാപ്പിൽ എയർപോർട്ട് വൈഫൈ ലഭിക്കാനുള്ള കുറുക്കുവഴികളുണ്ട്. ഈ ഭൂപടം ആപ്ലിക്കേഷനായും ലഭിക്കും. സ്മാർട്ട്‌ഫോണിലേക്ക് ഡൗൺലോഡ് ചെയ്യുകയാണെങ്കിൽ വിരൽത്തുമ്പിൽ എപ്പോഴും അതുണ്ടാവുകയും ചെയ്യും.

'ഫോക്‌സ്‌നോമാഡ്' എന്ന തന്റെ ബ്ലോഗിലാണ് അനിൽ ഈ മാപ്പ് അവതരപിപ്പിച്ചത്. യാത്രയ്ക്കിടെ പല വിമാനത്താവളങ്ങളിലും സൗജന്യ വൈഫൈ ലഭിക്കാൻ ബുദ്ധിമുട്ട് നേരിട്ടപ്പോഴാണ് ഇങ്ങനെ പാസ്‌വേഡുകൾ ഒരുമിപ്പി്കാനുള്ള സാധ്യതയെക്കുറി്ച് അനിൽ ചിന്തിച്ചത്. തന്റെ ബ്ലോഗിലെ വായനക്കാരിൽനിന്നും യാത്രയിൽനിന്നും സമാഹരിച്ച പാസ്‌വേഡുകൾ ഒരു പട്ടികയാക്കി മാറ്റുകയാണ് ചെയ്തത്.

ഇത്തരം പാസ്‌വേഡുകൾ ഇടയ്ക്കിടെ മാറാൻ സാധ്യതയുള്ളതിനാൽ ഇത് ഓരോ സമയത്തും അപ്‌ഡേറ്റ് ചെയ്യേണ്ടി വരാറുണ്ട്. അതിനും അനിൽ തന്റെ വായനക്കാരുടെ സഹായം തേടുന്നു. ഓരോ വിമാനത്താവളത്തിലെത്തുമ്പോഴും അവിടുത്തെ പാസ്‌വേഡ് ഷെയർ ചെയ്ത് പട്ടിക എല്ലായ്‌പ്പോഴും അപ്‌ഡേറ്റ് ചെയ്തുനിർത്താനുമാകുന്നു. ആകെ ചെയ്യേണ്ടത് ഇത്രമാത്രം. ഫ്രീ എയർപോർട്ട് വൈ-ഫൈ എന്ന ആപ്പ് ഡൗൺലോഡ് ചെയ്യുക. ആൻഡ്രോയ്ഡിനും ഐഫോണിനും പാകമായ ആപ്പ് ലഭ്യമാണ്.