റെയിൽവേ സ്റ്റേഷനുകളിൽ സൗജന്യമായി വൈഫൈ ഏർപ്പെടുത്തുമ്പോൾ ഇങ്ങനെയൊരു പുലിവാല് കേന്ദ്രസർക്കാർ പ്രതീക്ഷിച്ചിരുന്നില്ല. സൗജന്യമായി ഇന്റർനെറ്റ് കിട്ടാൻ തുടങ്ങിയതോടെ, സ്‌റ്റേഷൻ പ്ലാറ്റ്‌ഫോമുകളിൽ യുവാക്കൾ തമ്പടിക്കാൻ തുടങ്ങി. എത്തുന്നവരിൽ ഭൂരിഭാഗം പേരും തിരയുന്നത് നെറ്റിലെ പോൺ വെബ്‌സൈറ്റുകൾ. നീലച്ചിത്രങ്ങൾ നിറഞ്ഞതോടെ, പ്ലാറ്റ്‌ഫോമിലൂടെ സ്ത്രീയാത്രക്കാർക്ക് നടക്കാൻ പറ്റാത്ത അവസ്ഥയായി.

പട്‌നയിലാണ് നീലച്ചിത്രങ്ങൾ തേടിയെത്തുന്നവരിൽ ഏറെയും. സൗജന്യ വൈഫൈ ഏർപ്പെടുത്തിയ രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത് പട്‌നയിലാണെന്ന് റെയിൽവേ അധികൃതർ പറയുന്നു. എത്തുന്നവരിലേറെയും തേടുന്നത് പോൺ സൈറ്റുകളാണെന്ന് റെയിൽടെൽ അധികൃതർ പറയുന്നു.

പട്‌ന കഴിഞ്ഞാൽ ജയ്‌പ്പുരാണ് നീലച്ചിത്രം തേടിയെത്തുന്നർ ഏറെയും. ബെംഗളൂരുവും ന്യൂഡൽഹിയും അതിന് പിന്നാലെയുണ്ട്. ഡാറ്റ ഉപയോഗത്തിന്റെ കണക്കനുസരിച്ചാണ് അധികൃതർ ഈ പട്ടിക തയ്യാറാക്കിയത്.

പൂർവ-മധ്യ റെയിൽവേയിലെ ദാനാപ്പുർ ഡിവിഷനിലാണ് പട്‌ന റെയിൽവേ സ്റ്റേഷൻ. ബിഹാറിൽ വൈഫൈ ആദ്യമായി ഏർപ്പെടുത്തിയതും ഈ സ്റ്റേഷനിലാണ്. പ്രതിദിനം 200-ലേറെ തീവണ്ടികളാണ് ഇതിലൂടെ കടന്നുപോകുന്നത്.

പട്‌നയിലെ സൗജന്യ വൈഫൈ ഉപഭോക്താക്കളിലേറെയും യുട്യൂബാണ് കൂടുതലായും തിരയുന്നത്. അതുകഴിഞ്ഞാൽ വിക്കിപ്പിഡിയയാണ് ഇഷ്ട വെബ്‌സൈറ്റ്. മറ്റെന്തിനെക്കാൾ പോൺ സൈറ്റുകളാണ് ആളുകൾ തിരയുന്നതും ഡൗൺലോഡ് ചെയ്യുന്നതെന്നും അധികൃതർ പറയുന്നു. ആപ്ലിക്കേഷനുകളും ബോളിവുഡ്, ഹോളിവുഡ് സിനിമകളും ഡൗൺലോഡ് ചെയ്യാനും ഈ സൗകര്യം ആളുകൾ ഉപയോഗിക്കുന്നുണ്ട്.

നിലവിൽ ഒരു ജിബി വൈഫൈയാണ് പട്‌ന റെയിൽവ സ്റ്റേഷനിൽ റെയിൽടെൽ നൽകുന്നത്. ഇന്റർനെറ്റ് വേഗം കുറവായതിനാൽ, 10 ജിബിയായി വർധിപ്പിക്കാൻ ഒരുങ്ങുകയാണ് റെയിൽടെൽ. മണിക്കൂറുകളോളം റെയിൽവേ സ്‌റ്റേഷനിൽവന്ന് തമ്പടിക്കുന്ന യുവാക്കൾക്ക് ഈ തീരുമാനം ഒരു അനുഗ്രഹമായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

രാജ്യത്ത് നിലവിൽ 23 റെയിൽവേ സ്റ്റേഷനുകളിലാണ് സൗജന്യ വൈഫൈ ഉള്ളത്. അടുത്ത മൂന്നുവർഷത്തിനുള്ളിൽ പ്രധാന റെയിൽവേ സ്റ്റേഷനുകളിലെല്ലാം വൈഫൈ ഏർപ്പെടുത്തുമെന്ന് റെയിൽവേ മന്ത്രി സുരേഷ് പ്രഭു പ്രഖ്യാപിച്ചിരുന്നു. ഇക്കൊല്ലം അവസാനത്തോടെ ഫ്രീ വൈഫൈ 100 സ്റ്റേഷനുകളിലേക്ക് വർധിപ്പിക്കും. മൂന്നവർഷത്തിനുള്ളിൽ 400 സ്റ്റേഷനുകളാണ് ലക്ഷ്യമിടുന്നത്.