- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോളയാട് 95കാരനെ കൊന്നത് കാട്ടു പോത്ത്; മട്ടന്നൂരിൽ ഓട്ടോ മറിച്ചത് കാട്ടുപന്നി; മലയോരത്ത് കടകളെല്ലാം ആറിന് അടയ്ക്കേണ്ട അവസ്ഥ; കർഷകർക്കും ദുരിതം; മൃഗങ്ങളെ വിരട്ടി ഓടിക്കാൻ പോലും പറ്റില്ല; മൃഗങ്ങൾക്ക് ആപത്ത് സംഭവിച്ചാൽ കേസും പൊല്ലാപ്പും; കാട്ടിലെ മൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുമ്പോൾ
കണ്ണൂർ: കണ്ണൂർ ജില്ലയിലെ മലയോര പ്രദേശങ്ങളിൽ കർഷർ വൻ പ്രതിസന്ധിയിൽ. ഇരിട്ടി, ആറളം, കൊട്ടിയൂർ, ആലക്കോട്, പേരാവൂര്, കേളകം തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടുപന്നിയുടേയും കാട്ടാനയുടെയും ശല്യം രൂക്ഷം. സമീപപ്രദേശമായ വയനാട്ടിലും നാട്ടിലേക്ക് ഇറങ്ങുന്ന വന്യമൃഗങ്ങൾ കർഷകരുടെ ഉറക്കം കെടുത്തുന്നു.
കാടു വിട്ട് നാട്ടിലേക്ക് ഇറങ്ങുന്ന ഇത്തരത്തിൽ മൃഗങ്ങൾ വരുത്തി വെക്കുന്ന നാശനഷ്ടങ്ങൾക്ക് കയ്യും കണക്കുമില്ല. പ്രതീക്ഷയോടെ തങ്ങളുടെ വിളവെടുപ്പുമായി കാത്തിരിക്കുന്ന കർഷകർക്ക് ഈ മൃഗങ്ങങ്ങൾ നൽകുന്നത് ഇരുട്ടടി ആണ്. കഴിഞ്ഞദിവസം ഇരിട്ടിയിൽ ബൈക്കിൽ യാത്ര ചെയ്യുന്ന യുവാക്കളായ അജിത്തിനെയും അഖിലിനെയും കാട്ടുപന്നി ആക്രമിച്ചിരുന്നു. സാരമായി ഇവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇടുക്കിയിലും കളിച്ചുകൊണ്ട് നിൽക്കുന്ന കുട്ടിയെ പന്നി ആക്രമിക്കാൻ ശ്രമിച്ചിരുന്നു. പന്നിയുടെ വരവ് കണ്ട് ഓടി മാറിയതുകൊണ്ടാണ് കുട്ടിക്ക് വൻ അപകടം ഒഴിവായത്. അങ്ങനെ കണ്ണൂരും ഇടുക്കിയുമെല്ലാം കാട്ടുപ്പന്നി ഭീതിയിലാവുകയാണ്.
കണ്ണൂരിലെ മലയോര പ്രദേശത്ത് 95 വയസ്സായ ഗോവിന്ദൻ നടക്കാനിറങ്ങിയപ്പോൾ കാട്ടുപോത്ത് ആക്രമിച്ച ആണ് മരണപ്പെട്ടത്. ഇത് സംഭവിച്ചത് ആവട്ടെ പേരാവൂരിനടുത്തുള്ള കോളയാടുമാണ്. കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ ഒന്നുമില്ലാത്ത ഗോവിന്ദനെ കൊന്നത് കുറച്ചുദിവസങ്ങളായി നാട്ടുകാരെ പേടിപ്പിച്ചു കൊണ്ടിരുന്ന കാട്ടുപോത്താണെന്നാണ് നിഗമനം. മട്ടന്നൂരിനടുത്ത് ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയിൽ കാട്ടുപന്നി വന്ന് ഇടിച്ച് ഓട്ടോ തെറിച്ച് പോകുന്ന ദൃശ്യങ്ങൾ കഴിഞ്ഞദിവസം വൈറൽ ആയ ഒന്നായിരുന്നു. ആ അപകടത്തിൽ ഓട്ടോ ഡ്രൈവർ ഉൾപ്പെടെയുള്ളവർക്ക് പരിക്കേക്കും ഏറ്റിരുന്നു.
വയനാട്ടിലും ഭീതി
വയനാട്ടിലും സ്ഥിതി മറ്റൊന്നല്ല. നേരം ഇരുട്ടുന്നതിനു മുൻപേ തന്നെ മിക്ക മൃഗങ്ങളും കാടിറങ്ങുന്നു. കഴിഞ്ഞദിവസം വയനാട് കാട്ടാനയെ പകൽസമയത്ത് നാട്ടിൽ കണ്ടിരുന്നു എന്നത് ഇതിന് ഉത്തമ തെളിവാണ്. ഈ അപകടങ്ങളിൽ മിക്കതും നടക്കുന്നത് ആളുകൾ സഞ്ചരിക്കുന്ന വഴിയിലാണ് എന്നതാണ് ജനങ്ങൾക്ക് ഭയം ഉളവാക്കുന്ന ഒന്ന്. വിദ്യാലയങ്ങൾ ഒക്കെ വീണ്ടും തുറന്നിരിക്കുന്ന ഈ സാഹചര്യത്തിൽ പൊതുവിദ്യാലയങ്ങൾ ഉൾപ്പെടെ ഒത്തിരി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മലയോര പ്രദേശത്താണ് കാട്ടുപന്നിയുടെയും കാട്ടാനയുടെയും കാട്ടുപോത്തിന്റെയും ആക്രമണം ഉണ്ടാവുന്നതും അവ പകൽ സമയത്തു തന്നെ ഇറങ്ങി നാട്ടിലൂടെ നടക്കുന്നതും.
മുൻപ് പത്തുമണിവരെ ഒക്കെ പ്രവർത്തിച്ചിരുന്ന പല കടകളും ഇന്ന് ആറു മണി കഴിയുന്നതോടെ പൂട്ടും. കോവിഡ് മാനദണ്ഡങ്ങൾക്ക് മാറ്റം വന്ന ശേഷവും ഈ കടകൾ നേരത്തെ പൂട്ടുന്നത് കടക്കാർക്ക് അവരുടെ വീട് സ്ഥിതി ചെയ്യുന്നത് ഉൾ പ്രദേശത്ത് ആണ് എന്നതിനാലും അവിടേക്ക് രാത്രിയാത്ര ദുഷ്‌കരമാണ് എന്നതിനാലും ആണ്.
പേരാവൂരിനടുത്ത് കണിച്ചാർ എന്ന സ്ഥലത്ത് കഴിഞ്ഞദിവസം കാട്ടാന ശല്യത്തെ പേടിച്ച് ആളുകൾ ചക്ക കൂട്ടത്തോടെ പറിച്ചു നിൽക്കുന്നത് വാർത്തയായിരുന്നു. വീണ്ടും വീണ്ടും ഇത്തരത്തിലുള്ള വാർത്തകൾ പത്രങ്ങളിലും മറ്റു മാധ്യമങ്ങളിലും വായിക്കാൻ ഇടയാവുന്നു എന്നതല്ലാതെ ഇത്തരത്തിലുള്ള ജീവികളുടെ ആക്രമണം കുറക്കുവാൻ വേണ്ട കാര്യം ആയിട്ടുള്ള നടപടികളൊന്നും തന്നെ ഉണ്ടാവുന്നില്ല.
കൃഷിക്കാരുടെ ജീവിതം കഷ്ടത്തിൽ
കാട്ടിലെ മൃഗങ്ങൾ നാട്ടിലേക്ക് വരുന്നത് നാട്ടിലുള്ളവർക്ക് വേറെ ഭയപ്പാട് ആണ് ഇപ്പോൾ സൃഷ്ടിച്ചിട്ടുള്ളത്. പല ആളുകളും സന്ധ്യയായി കഴിഞ്ഞാൽ ഇത്തരത്തിലുള്ള മൃഗങ്ങളുടെ ശല്യം പേടിച്ച് പുറത്തോട്ട് ഇറങ്ങാൻ തന്നെയില്ല. മലയോര പ്രദേശത്തുള്ള മിക്ക ആളുകളുടെയും ജീവിതം കൃഷിയെ ആശ്രയിച്ചാണ്.
റബ്ബർ, ഏലം, കുരുമുളക്, കപ്പ, കാച്ചിൽ, വെള്ളരിക്ക, ഇഞ്ചി എന്നിങ്ങനെ പലയിനം കൃഷി നടത്തുന്ന കൃഷിക്കാരാണ് ഇത്തരത്തിൽ മൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുമ്പോൾ വെട്ടിലായിരിക്കുന്നത്. ഇരിട്ടിയിലും പേരാവൂരിലും ഒക്കെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇത്തരത്തിൽ കാടിറങ്ങുന്ന മൃഗങ്ങൾ വരുത്തിവെക്കുന്നത്. കാട്ടുപന്നിയുടെയും കാട്ടുപോത്തിനെയും ശല്യമാണ് ഈ പ്രദേശങ്ങളിൽ കൂടുതലായുള്ളത്.
ഇത്തരത്തിലുള്ള മൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങിയാൽ അവരെ വിരട്ടി ഓടിക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ് നാട്ടുകാർ. ഈ മൃഗങ്ങൾക്ക് എന്തെങ്കിലും ആപത്ത് സംഭവിച്ചാൽ അതിന് പേരിലുള്ള കേസും പൊല്ലാപ്പും വേറെയും പിന്നാലെ വരും. കാട്ടുപോത്തിനെ വെടിവെക്കാൻ തന്നെയുണ്ട് ഒത്തിരി നൂലാമാലകൾ. കൃഷിയിടത്തിൽ വന്ന ഇവർക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ പോലും മിക്കവാറും ജയിലിൽ കയറിയിറങ്ങേണ്ട ഗതികേടിലാണ് കർഷകർ ഉള്ളത്. ഏക വരുമാനമാർഗമായ കൃഷി പോലും ഇത്തരത്തിലുള്ള മൃഗങ്ങൾ നശിപ്പിക്കുമ്പോൾ പിന്നെ എവിടുന്നാണ് കേസ് നടത്താൻ പണം?
കാട്ടുപന്നി ക്ഷുദ്ര ജീവി
കേരള സർക്കാർ കഴിഞ്ഞദിവസം കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണം എന്ന് കേന്ദ്രസർക്കാരിന് മുമ്പിൽ ഒരു അപേക്ഷ സമർപ്പിച്ചു എങ്കിലും അത് തള്ളപ്പെട്ടിരുന്നു. ഇത്തരത്തിൽ മൃഗസംരക്ഷണം മുറയ്ക്ക് നടക്കുമ്പോൾ മറന്നുപോകുന്നത് നമ്മൾക്ക് അന്നം തരുന്ന കർഷകരുടെ അവസ്ഥയാണ്. നമ്മളിന്നും സന്തോഷകരമായി ഭക്ഷണം കഴിക്കുന്നത് പോലും ഈ കർഷകരുടെ അധ്വാനത്തിന്റെ ഫലം ആണ് എന്ന് പലരും മറന്നു പോകുന്നു. മലയോര പ്രദേശത്ത് ഈ കർഷകരുടെ പ്രശ്‌നം വളരെ വലുതാണ്. കണ്ണൂർ ജില്ലയിൽ മാത്രമല്ല കേരളത്തിലെ മിക്ക പ്രദേശത്തും ഇന്ന് കാട്ടാനയുടെ യും മറ്റു വന്യജീവികളുടെ ആക്രമണം രൂക്ഷമാണ്.
എല്ലാ നാട്ടിലെ കർഷകരും പ്രതിസന്ധിയിലും ആണ്. ഇത് തടയാനുള്ള കൃത്യമായ പ്രതിവിധി സർക്കാർ കണ്ടെത്തണം എന്നാണ് കർഷകരുടെ ആവശ്യം. മൃഗത്തിന്റെ ജീവൻ സംരക്ഷിക്കപ്പെടുന്നതിനോടൊപ്പം തന്നെ പ്രധാനമാണ് മനുഷ്യജീവനും മനുഷ്യ ജീവൻ നിലനിൽക്കാൻ ആയി നമ്മൾക്ക് ഭക്ഷണം എത്തിച്ചു നൽകുന്ന കർഷകരുടെ പ്രശ്‌നപരിഹാരവും.
പലവിധത്തിലുള്ള പ്രശ്‌നങ്ങൾ അഭിമുഖീകരിച്ചാണ് ഒരു കർഷകൻ വിളവെടുക്കുന്നത്. ഒരു കൃഷി പൂർണതയിൽ എത്തുന്നത് എല്ലാ കാലാവസ്ഥയും മറ്റു കാര്യങ്ങളും ഒക്കെ അനുകൂലമായി ഇരിക്കുമ്പോഴാണ്. പ്രളയവും അതിനുശേഷം കോവിഡ് വ്യാപനം കൊണ്ടുണ്ടാവുന്ന പ്രതിസന്ധിയും അതിജീവിച്ച് കൃഷിയിറക്കുന്ന കർഷകർക്ക് ഈ വന്യ ജീവികളുടെ ഉപദ്രവം വളരെ വലിയ ശാപമാണ്. കാലാവസ്ഥയിൽ വരുന്ന മാറ്റവും മറ്റ് പ്രതികൂല ഘടകങ്ങളും അതിജീവിച്ച് ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ആളുകൾക്ക് കിട്ടുന്ന ഇരുട്ടടി തന്നെയാണിത്.
വന്യമൃഗങ്ങളുടെ ഈ ആക്രമണത്തിൽ നിന്ന് എങ്ങനെ രക്ഷനേടാനായി കൃത്യമായി നിയമഭേദഗതി കൊണ്ടുവന്നു രക്ഷിക്കണം അതാണ് കർഷകർ മുന്നോട്ടുവെക്കുന്ന ഒരാവശ്യം. കാടിറങ്ങി മൃഗങ്ങൾ നാട്ടിലേക്ക് വരുമ്പോൾ ഇല്ലാതാവുന്നത് അന്നുള്ള ജീവിതം നയിക്കാൻ ആയി നെട്ടോട്ടമോടി വിളവിറക്കുന്ന കർഷകരുടെ സ്വപ്നമാണ്.