പത്തനംതിട്ട: മലയോര മേഖലയിലെ കർഷകരുടെ കണ്ണീരു കാണാൻ ആരുമില്ലാത്ത അവസ്ഥയിലാണ്. പന്നികൾ വിള നശിപ്പിക്കുന്നത് അടക്കം പതിവാകുമ്പോൾ എല്ലാ മേഖലയിലും കർഷകന് ദുരിത ജീവിതമാണ്. പത്തനംതിട്ടയിലെ വന്യജീവികളുടെ ആക്രമണത്തിൽ ആളുകൾ മരിച്ച അവസ്ഥ ഉണ്ടായിട്ടും നഷ്ടപരിഹാരം പോലും കൃതയമായി നൽകാൻ കാഴിയാത്ത സാഹചര്യവും നിലനിൽക്കുന്നു. ഇക്കാര്യത്തിൽ വനം വകുപ്പും വേണ്ടത്ര ശ്രദ്ധ പുലർത്തുന്നില്ലെന്നാണ് ആക്ഷേപം.

കാട്ടുപന്നികളുടെ വരവോടെ വന്യമൃഗശല്യത്തിന് നാടെന്നോ കാടെന്നോ വ്യത്യാസമില്ലാതായി. ആനയും കടുവയും കാട്ടുപോത്തും പുലിയും പന്നിയും മ്ലാവും മലയണ്ണാനും കുരങ്ങും കേഴയുമെല്ലാം കൃഷിക്കും ജനങ്ങളുടെ സമാധാന ജീവിതത്തിനും ഭീഷണിയാകുന്നു. വന്യമൃഗ ആക്രമണങ്ങളുടെ വ്യാപ്തിയും അതുണ്ടാക്കുന്ന മുറിവുകളും വാക്കുകൾക്കതീതമാണ്. വകയാർ കരിങ്കുടുക്ക സ്വദേശിയായ പി.ആർ.മനോജി് (49)ന്റെ ജീവൻ പോയത് കാട്ടുപന്നിയുടെ ആക്രമണത്തിലായിരുന്നു. മനോജിന്റെ മരണത്തോടെ കുടുംബം തന്നെ അനാഥമായി.

വകയാറിൽ ഭൂമി പാട്ടത്തിനെടുത്തായിരുന്നു കൃഷി. പയറും വാഴയുമെല്ലാം നട്ടുവളർത്തിയ മനോജിന്റെ ജീവിതം, 2020 ഫെബ്രുവരി 26ന് പുലർച്ചെ തകിടം മറിഞ്ഞു. കൃഷിയിടത്തിലെ പതിവു സന്ദർശനത്തിനിടെ ഇരുളിന്റെ മറവിൽനിന്ന് കാട്ടുപന്നി ആക്രമണം. ആദ്യ കുത്തേറ്റത് കാലിന്. പിന്നാലെ മനോജിന്റെ കൈ പന്നി കടിച്ചു പറിച്ചു. ഞരമ്പു മുറിഞ്ഞു രക്തം ചീറ്റി. ആദ്യം കോന്നിയിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലും പിന്നീടു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോട്ടയത്തെ ചികിത്സ കഴിഞ്ഞു പത്തനംതിട്ട ജനറൽ ആശുപത്രിയിലെക്ക് തിരികെ അയച്ചു. എന്നാൽ വൈകാതെ ആരോഗ്യ സ്ഥിതി വീണ്ടും മോശമായി. 28ന് വൈകിട്ട് മനോജ് മരിച്ചു... തൊണ്ട ഇടറിയും കണ്ണു നിറഞ്ഞുമാണ് രതി, ഭർത്താവിന്റെ മരണത്തേക്കുറിച്ച് പറഞ്ഞത്.

അന്നു മുതൽ ജീവിക്കാനുള്ള ഒറ്റയാൾ പ്രയത്‌നമാണ്. മൂത്ത മകൻ മജീഷ് കൂലിപ്പണിക്കും രതി തൊഴിലുറപ്പിനും പോയുമാണു കുടുംബം കഴിയുന്നത്. രണ്ടാമത്തെ മകൻ മഞ്ജുഷിനു അപകടത്തിൽ ഗുരുതര പരുക്കേറ്റതിനാൽ കഠിന ജോലികൾ ചെയ്യാനും കഴിയില്ല. ജോലിക്കു പ്രവേശിക്കാൻ 5 ദിവസം ബാക്കി നിൽക്കേയാണു മഞ്ജുഷ് അപകടത്തിൽപെട്ടത്. തലയ്ക്കു പരുക്കേറ്റ മഞ്ജുഷിന് ഇനി ഒരു ശസ്ത്രക്രിയ കൂടി ബാക്കിയുണ്ട്. വനം വകുപ്പിൽ നിന്നു സഹായം ലഭിക്കുമെന്നു പറഞ്ഞുകേട്ട് പലവട്ടം ഓഫിസുകൾ കയറിയിറങ്ങി പണം നഷ്ടമായതല്ലാതെ ഒന്നും സംഭവിച്ചില്ലെന്നു കുടുംബം പറയുന്നു.

വനം വകുപ്പിൽനിന്നും പഞ്ചായത്തിൽനിന്നും പലരും വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചെങ്കിലും 2 വർഷം കഴിഞ്ഞും നഷ്ടപരിഹാരമോ സഹായമോ കിട്ടിയിട്ടില്ല. സമാനമായ അനുഭവങ്ങളുള്ള കുടുംബങ്ങൾ വേയെുമുണ്ട്. കഴിഞ്ഞ ജനുവരി 25നാണ് തണ്ണിത്തോട് മണ്ണീറ വടക്കേക്കരയിലെ അയൽക്കാരായ വിശ്വംഭരനും കുഞ്ഞമ്മയും കാട്ടുപന്നി ആക്രമണത്തിന് ഇരയായത്. മകളുടെ വീട്ടിൽ നിന്ന് രാവിലെ സ്വന്തം വീട്ടിലേക്കു വരുന്നതിനിടെ പ്ലാമൂട്ടിൽ കുഞ്ഞമ്മ ജോണിനെ (68)കാട്ടുപന്നി ആദ്യം ഇടിച്ചു, പുറകോട്ടു മാറിയ ശേഷം വീണ്ടും കുഞ്ഞമ്മയെ കുത്തിയെറിഞ്ഞു. കുഞ്ഞമ്മയുടെ വലതു തുടയിൽ വലിയ ചതവാണുണ്ടായത്. പിടലി തിരിക്കാൻ വയ്യ. ചതവു വലിയ മുഴയായി മാറി. നടക്കാനും പ്രയാസം. മക്കളും മരുമക്കളും സഹായത്തിനുണ്ടെങ്കിലും കുഞ്ഞമ്മ ഒറ്റയ്ക്കാണു താമസം.

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോയെങ്കിലും ഓരോ തവണയും ആയിരം രൂപയ്ക്കു മുകളിൽ മരുന്നായതോടെ ഇപ്പോൾ ചികിത്സയ്ക്കു പോകുന്നില്ല. വനം വകുപ്പിൽനിന്നു സഹായം കിട്ടുമെന്നു പ്രദേശവാസികൾ പറയുന്നതല്ലാതെ ആർക്കും കാര്യമായി സഹായം ലഭിക്കുന്നില്ല. ആർക്കും ധനസഹായം നിഷേധിക്കില്ലെന്നും സാങ്കേതിക പ്രശ്‌നങ്ങൾ മൂലം ചില കേസുകളിൽ നഷ്ടപരിഹാരം നൽകാൻ കഴിഞ്ഞില്ലെന്നുമാണു വനം വകുപ്പ് വിശദീകരിക്കുന്നത്. വകയാർ സ്വദേശി മനോജിന്റെ മരണത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ സാങ്കേതിക പ്രശ്‌നങ്ങളാണു നഷ്ടപരിഹാരം നൽകാൻ തടസ്സമായിരിക്കുന്നതെന്നു കോന്നി ഡിഎഫ്ഒ ശ്യാം മോഹൻലാൽ പറഞ്ഞു.

ആശുപത്രി ബില്ലുകൾ ഹാജരാക്കിയാൽ പണം നൽകുമെങ്കിലും സർക്കാർ ആശുപത്രിയിൽ ചികിത്സ സൗജന്യമായതിനാൽ പലർക്കും ബില്ലുകൾ ഹാജരാക്കാൻ കഴിയാറില്ല. സ്വകാര്യ ആശുപത്രിയിലെ ബില്ല്, സർക്കാർ ഡോക്ടർ സാക്ഷ്യപ്പെടുത്തണം. കൃഷിനാശം സംഭവിക്കുന്നവർക്കും സഹായം നൽകുന്നുണ്ട്. ഓരോ വിളകൾക്കും സർക്കാർ നിശ്ചയിച്ചിരിക്കുന്ന തുക, ഹെക്ടർ അടിസ്ഥാനത്തിലാണ്. പലപ്പോഴും നിശ്ചിത സെന്റുകളിലെ കൃഷി നാശത്തിനാണു അപേക്ഷ ലഭിക്കുന്നത്. അതിനാൽ അനുവദിക്കുന്ന തുകയിൽ കുറവുണ്ടാകാറുണ്ടെന്നും അധികൃതർ പറഞ്ഞു.