- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാട്ടുപന്നിയെ കൊല്ലാനുള്ള ഉത്തരവിൽ അവ്യക്തത; സാമ്പത്തിക പരാധീനത മൂലം നിയമം എങ്ങനെ നടപ്പാക്കുമെന്നറിയില്ല; കാട്ടുപന്നിയുടെ ജഡം സംസ്കരിക്കാൻ ശരാശരി ചെലവ് വരുന്നത് 4000 രൂപ; ഈ തുക എങ്ങനെ നൽകുമെന്ന് തദ്ദേശ ഭരണസമിതികൾക്ക് വ്യക്തതയില്ല
കോഴിക്കോട്: കൃഷിക്കും ജീവനും സ്വത്തിനും വിനാശം വരുത്തുന്ന കാട്ടുപന്നികളെ നിയമാനുസൃതമായി നശിപ്പിക്കുന്നതിനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചെങ്കിലും സാമ്പത്തിക പരാധീനത മൂലം മിക്ക പഞ്ചായത്തുകൾക്കും സർക്കാർ തീരുമാനം എങ്ങനെ നടപ്പാക്കണമെന്ന് വ്യക്തതയില്ലാതെ കുഴങ്ങുകയാണ്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മുൻസിപ്പൽ ചെയർപേഴ്സൺ, കോർപ്പറേഷൻ മേയർ എന്നിവരെ വന്യജീവി നിയമപ്രകാരം ഹോണററി വൈൽഡ്ലൈഫ് വാർഡനായി സർക്കാരിന് നിയമിക്കാവുന്നതാണ്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി, മുൻസിപ്പൽ സെക്രട്ടറി, കോർപ്പറേഷൻ സെക്രട്ടറി എന്നിവരെ അധികാരപ്പെട്ട ഉദ്യോഗസ്ഥരായി ചീഫ് വൈൽഡ് ലൈഫ് വാർഡന് നിയമിക്കാവുന്നതാണ്. ഇക്കഴിഞ്ഞ ദിവസം കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തിൽ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. സർക്കാർ ഉത്തരവ് വന്നതിന് ശേഷം ആദ്യമായാണ് പഞ്ചായത്തിന്റെ അനുമതിയോടെ പന്നിയെ വെടിവെച്ച് കൊല്ലുന്നത്. ഞാളിയത്ത് യോഹന്നാന്റെ കൃഷിയിടത്തിൽ ഇറങ്ങിയ പന്നിയെയാണ് വെടിവെച്ച് കൊന്നത്. സർക്കാർ ഉത്തരവിലെ നിർദ്ദേശങ്ങൾ അനുസരിച്ചായിരുന്നു നടപടികൾ. തോക്ക് ലൈസൻസുള്ള ബാബുവാണ് പന്നിയെ വെടിവെച്ചത്.
എന്നാൽ, സർക്കാർ ഉത്തരവ് പ്രകാരം കൊന്ന പന്നിയുടെ ജഡം സംസ്‌കരിക്കുന്നതിന് ഏതാണ്ട് നാലായിരം രൂപയോളം ചെലവ് വരും. ഇതിനുള്ള പണം ചിലവഴിക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ പക്കൽ ഇല്ലാത്തതുകൊണ്ട് ഭരണസമിതിക്ക് സാങ്കേതിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. തോക്ക് ലൈസൻസുള്ളവർക്ക് വേതനം നൽകുന്ന കാര്യം ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. വനം വകുപ്പിന്റെ എം പാനൽഡ് ലിസ്റ്റിൽപ്പെട്ടവർക്ക് ഒരു പന്നിയെ വെടിവെയ്ക്കുന്നവർക്ക് ആയിരം രൂപയാണ് നൽകുന്നത്. ഇതിന് പുറമേയാണ് പന്നിയുടെ ജഡം സംസ്‌കരിക്കുന്നതിനും മറ്റുമായി 3000 രൂപയോളം ചിലവഴിക്കേണ്ടി വരുന്നതെന്ന് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് പറഞ്ഞു. തന്റെ പോക്കറ്റിൽ നിന്നാണ് ഈ തുക ചെലവാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ പഞ്ചായത്ത് ഫണ്ടിൽ നിന്ന് ഈ ആവശ്യത്തിനായി പണം ചിലവഴിക്കുന്നതിന് പരിമിതികളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പഞ്ചായത്ത് പ്രസിഡന്റുമാർക്ക് കാട്ടുപന്നിയെ വെടിവെയ്ക്കുന്നതിനായി അധികാരം നൽകിയിട്ടുണ്ടെങ്കിലും ഈ ആവശ്യത്തിലേക്ക് തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വിനിയോ?ഗിക്കുന്നതിന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുമില്ല. വനംവകുപ്പ് നിഷ്‌കർഷിച്ചിരിക്കുന്ന നിയമപ്രകാരം തന്നെ കാട്ടുപന്നിയുടെ ജഡം സംസ്‌കരിക്കണം. അതിന് നിലവിലെ പണം തികയാതെ വരുന്ന സ്ഥിതിയാണെന്നും അലക്‌സ് പറഞ്ഞു.
ഇതുകൂടാതെ കാട്ടുപന്നികളെ വെടിവെയ്ക്കുന്നതിന് ആവശ്യമായ ബുള്ളറ്റ്, വിപണിയിൽ ലഭിക്കുന്നതിനും ഒട്ടേറെ പരിമിതികളുണ്ട്. ആംസ് ലൈസൻസുള്ള വ്യാപാരികളിൽ നിന്നും നേരിട്ട് മാത്രമേ ബുള്ളറ്റ് വാങ്ങാനും കഴിയുകയുള്ളൂ. സംസ്ഥാനത്തുകൊച്ചിയിലും തിരുവനന്തപുരത്തും മാത്രമാണ് ഇത്തരം ബുള്ളറ്റുകളും തോക്കുകളും വിൽപ്പനയുള്ളത്. മലയോര പ്രദേശങ്ങളിലെ ഗ്രാമപഞ്ചായത്ത് ഭരണസമിതികൾ ഇത്തരത്തിലുള്ള ഒട്ടേറെ ആശങ്കകൾ പങ്കുവെയ്ക്കുന്നുണ്ട്. കൂടുതൽ പേർക്ക് തോക്ക് ലൈസൻസ് അനുവദിക്കുന്നതിനും, ഈ ആവശ്യത്തിലേക്കായി സർക്കാർ ഫണ്ട് അനുവദിച്ചാൽ മാത്രമേ കാര്യങ്ങൾ സു?ഗമമായി നടപ്പിലാക്കാൻ സാധിക്കുകയുള്ളൂവെന്നാണ് പഞ്ചായത്ത് പ്രസിഡന്റുമാർ പറയുന്നത്.
ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെയ്ക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകി സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ അനുയോജ്യമായ മാർഗ്ഗങ്ങളിലൂടെ കൊല്ലാൻ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലവന്മാർക്ക് അധികാരം നൽകുന്നതാണ് ഉത്തരവ്. ഇതിനായി തദ്ദേശ സ്ഥാപനങ്ങളിലെ തലവന്മാർക്ക് ഓണററി വൈൽഡ് ലൈഫ് വാർഡൻ എന്ന പദവിയും നൽകിയിട്ടുണ്ട്.
നൂറ് ഏക്കർ വരെ വിസ്തൃതിയുള്ള ചെറിയ വനപ്രദേശത്തെ കാട്ടുപന്നികളെ വനംവകുപ്പ് തന്നെ നിയന്ത്രിക്കും. കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യുന്ന വേളകളിൽ മനുഷ്യജീവനും സ്വത്തിനും വളർത്തുമൃഗങ്ങൾക്കും ഇതര വന്യജീവികൾക്കും നാശനഷ്ടമുണ്ടാകുന്നില്ലെന്ന് ബന്ധപ്പെട്ടർ ഉറപ്പുവരുത്തണം. കൊല്ലപ്പെടുന്ന കാട്ടുപന്നിയുടെ ജഡം ശാസ്ത്രീയമായി മറവു ചെയ്യണം. അതിന്റെ വിവരങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ രജിസ്റ്ററിൽ സൂക്ഷിക്കണം. കൊല്ലുന്നതിനും ജഡം സംസ്‌കരിക്കുന്നതിനും ജനജാഗ്രതാ സമിതികളുടെ സേവനം തദ്ദേശസ്ഥാപനങ്ങൾക്ക് ആവശ്യമെങ്കിൽ ഉപയോഗിക്കാവുന്നതാണ്.