ഹാമിൽട്ടൺ: ന്യൂസിലന്റിലെ വൈക്കാട്ടോയിൽ മലയാളി കുടുംബത്തിലെ മൂന്നുപേർ കാട്ടുപന്നിയുടെ ഇറച്ചി കഴിച്ച് അതീവ ഗുരുതരാവസ്ഥയിലായ സംഭവത്തിൽ അപകടമുണ്ടായത് വിഷബാധ മൂലമാണെന്ന് സ്ഥിരീകരിച്ചു. വൈക്കാട്ടോ ഡിസ്ട്രിക്ട് ഹെൽത്ത് ബോർഡ് കുടുംബത്തെ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.

ബാക്ടീരിയ ബാധ മൂലമുണ്ടാകുന്ന ബോട്ടുലിസം എന്ന രോഗാവസ്ഥയാണ് ഇവർക്കെന്നായിരുന്നു ഡോക്ടർമാർ ആദ്യം സംശയിച്ചിരുന്നത്. ബോട്ടുലിസം രോഗമാണെങ്കിൽ ഇവർക്ക് നഷ്ടപരിഹാരം നൽകാനാവില്ലെന്ന് ആക്‌സിഡന്റ് കോംപൻസേഷൻ കോർപ്പറേഷൻ വ്യക്തമാക്കിയിരുന്നു. ഇതോടെ ഭീമമായ മെഡിക്കൽ ചെലവ് ഇവർ സ്വയം വഹിക്കേണ്ടി വരും എന്ന അവസ്ഥയിലായിരുന്നു. മാത്രമല്ല, ഇനി എത്ര കാലം കഴിഞ്ഞ് ജോലിക്ക് പോകാൻ കഴിയുമെന്ന് വ്യക്തമല്ലാത്തതിനാൽ ഈ കുടുംബത്തിന്റെ ഭാവിയെക്കുറിച്ചും ആശങ്കകളുണ്ടായിരുന്നു. ഇതിനാണ് പരിഹാരമുണ്ടാകുന്നത്.

ഷിബു കൊച്ചുമ്മൻ, ഭാര്യ സുബി, ഷിബുവിന്റെ അമ്മ ഏലിക്കുട്ടി ഡാനിയൽ എന്നിവരെയാണ് അബോധാവസ്ഥയിൽ നവംബർ പത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബോട്ടുലിസം അല്ലെന്ന് കഴിഞ്ഞ മാസം ഡിസ്ചാർജ് നോട്ടിൽ ആശുപത്രി അധികൃതർ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഷിബുവിന്റെ കുടുംബ സുഹൃത്തുക്കൾ അഭിഭാഷകർ വഴി വീണ്ടും ആരോഗ്യവകുപ്പിനെ സമീപിച്ചത്. മെഡിക്കൽ പരിശോധന ഫലങ്ങളും എന്താണ് സംഭവിച്ചതെന്ന കണ്ടെത്തലും നൽകിയില്ലെങ്കിൽ നിയമനടപടികൾ തുടങ്ങുമെന്നും അവർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെയാണ് ഷിബുവിനും കുടുംബത്തിനുമുണ്ടായത് നാഡീവ്യൂഹത്തെ ബാധിക്കുന്ന വിഷബാധയാണെന്ന് ജില്ലാ ആരോഗ്യബോർഡ് രേഖാമൂലം വ്യക്തമാക്കിയത്. എന്നാൽ ഏതു വിഷമാണെന്നോ, എങ്ങനെ വിഷബാധയുണ്ടായെന്നോ ഉള്ളകാര്യം അവർ വ്യക്തമാക്കിയിട്ടില്ലെന്ന് ഷിബുവിന്റെ കുടുംബവക്താവ് ജോജി വർഗീസ് പറഞ്ഞു.

സർക്കാർ ഹെൽത്ത്‌കെയർ ഉള്ളതിനാൽ ഷിബുവിനും ഭാര്യ സുബിക്കും ചികിത്സ സൗജന്യമായിരുന്നു. എന്നാൽ ഷിബുവിന്റെ അമ്മ ഏലിക്കുട്ടിക്ക് രണ്ടു ലക്ഷം ഡോളറിന്റെ ആശുപത്രി ബില്ലാണ് ലഭിച്ചത്. സന്ദർശക വിസയിലുള്ള ഏലിക്കുട്ടിക്ക് ഇൻഷുറൻസ് പരിരക്ഷയും ഇല്ലായിരുന്നു. അതേസമയം, ബോട്ടുലിസമല്ല വിഷബാധയാണ് എന്ന് സ്ഥിരീകരണം ലഭിച്ച സാഹചര്യത്തിൽ ഇനി നഷ്ടപരിഹാരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജോജി വർഗ്ഗീസ് വ്യക്തമാക്കി. ഷിബുവിനെയും കുടുംബത്തെയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയെങ്കിലും ഇപ്പോഴും ജോലിക്കു പോകാനോ വാഹനമോടിക്കാനോ യാത്ര ചെയ്യാനോ അനുവാദം നൽകിയിട്ടില്ല. ശരീരം വിറയലും, അമിതമായ ക്ഷീണവും ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ ഇപ്പോഴും ഇവർ നേരിടുന്നുണ്ട്.

ക്ലോസ്ട്രിഡിയം ബോട്ടുലിനം എന്ന ബാക്ടീരിയയാണ് ബോട്ടുലിസം എന്ന രോഗാവസ്ഥയ്ക്ക് കാരണം. മണ്ണിൽ കാണുന്ന ഈ ബാക്ടീരിയ നല്ലവണ്ണം പാകം ചെയ്യാത്ത ഭക്ഷണത്തിലൂടെയാണ് ഉള്ളിലെത്തുന്നത്. നന്നായി സൂക്ഷിക്കാത്തതും അശ്രദ്ധമായി ടിന്നിലടച്ചതുമായ ഭക്ഷ്യവസ്തുക്കളിലും ഈ ബാക്ടീരിയ ബാധിക്കാം. മാരകമായ ബോട്ടുലിസം ബാധ മൂവർക്കും ഉണ്ടായിട്ടില്ലെന്നാണ് പുറത്തുവന്ന പരിശോധനാ ഫലം വ്യക്തമാക്കുന്നത്. ന്യൂസിലന്റിലെ ഹാമിൽട്ടണിൽ താമസിക്കുന്ന ഷിബു കൊച്ചുമ്മൻ(35) ഭാര്യ സുബി ബാബു(32) ഷിബുവിന്റെ അമ്മ ഏലിക്കുട്ടി ഡാനിയേൽ(62) എന്നിവരെയാണ് കഴിഞ്ഞ നവംബർ 10 -നു ഭക്ഷ്യ വിഷബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഷിബു വേട്ടയാടിക്കൊണ്ടുവന്ന കാട്ടുപന്നിയുടെ ഇറച്ചി കഴിച്ചതിന് പിന്നാലെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർക്ക് മാരകമായ ബോട്ടുലിസം എന്ന രോഗാവസ്ഥയായിരിക്കാം എന്നായിരുന്നു ഡോക്ടർമാർ ആദ്യം നൽകിയ സൂചന. ഇവർ കഴിച്ച കാട്ടുപന്നിയിറച്ചിയുടെ സാംപിളും മൂന്നുപേരുടെയും ശരീരദ്രവങ്ങളും വിദഗ്ധ പരിശോധനയ്ക്കായി ഓസ്‌ട്രേലിയയിലെ ക്വീൻസ്ലാന്റിലേക്ക് അയച്ചിരുന്നു. ഈ പരിശോധനയുടെ പ്രാഥമിക റിപ്പോർട്ടിലാണ് ബോട്ടുലിസത്തിന് കാരണമാകുന്ന ബാക്ടീരിയ ബാധ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്ന് വ്യക്തമാക്കുന്നത്. എന്നാൽ ബോട്ടുലിസമല്ലെങ്കിൽ മറ്റെന്താണ് ഇവരെ ബാധിച്ച രോഗാവസ്ഥ എന്ന് വ്യക്തമാക്കാൻ അധികൃതർക്ക് ഇതുവരയെും കഴിഞ്ഞിട്ടില്ല. കൃഷിയിടകളിലും മറ്റും ഉപദ്രവകാരിയാകുന്ന ജീവികളെ കൊല്ലാനായി ഉപയോഗിക്കുന്ന 1080 എന്ന വിഷവസ്തു ഉൾപ്പെടെയുള്ളവയാണോ കാരണം എന്നതിനെക്കുറിച്ച് സംശയമുണ്ടെന്ന് ഷിബുവിന്റെ കുടുംബസുഹൃത്തുകൾ പറയുന്നത്.

നവംബറിലാണ് കുടുംബത്തെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഭക്ഷണം കഴിച്ച് അരമണിക്കൂറിനകം ശക്തമായ ഛർദി അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ബാബു എമർജൻസി സർവീസിൽ സഹായം തേടി. മൂവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. ഗുരുതര ഭക്ഷ്യവിഷബാധയാണ് അപകട കാരണമെന്ന് സൂചനയുണ്ടായിരുന്നു. ചുരുങ്ങിയത് രണ്ട് മാസമെങ്കിലും കഴിഞ്ഞാൽ മാത്രമേ ചികിൽസയിൽ പുരോഗതി കാണാനാകൂ എന്നാണ് വിദഗ്ദ മെഡിക്കൽ സംഘം പറഞ്ഞിരുന്നു. അഞ്ച് വർഷം മുമ്പാണ് ഇവർ ന്യൂസിലന്റിൽ എത്തിയത്. മാതാവ് സമീപകാലത്ത് വിസിറ്റിങ് വിസയിൽ എത്തിയതുമായിരുന്നു.

അഞ്ചുവർഷം മുമ്പ് ന്യൂസീലൻഡിലെത്തിയതാണ് ഷിബുവും കുടുംബവും. വടക്കൻ ന്യൂസീലൻഡിലെ പുടാരുരുവിലാണ് താമസം. സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ് ഷിബു. സുബി നഴ്സാണ്. ദമ്പതികളുടെ രണ്ട് മക്കൾ പന്നിയിറച്ചി കഴിക്കാതിരുന്നതുകൊണ്ട് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.വേട്ടയാടി കൊന്ന പന്നിയുടെ ഇറച്ചി രാത്രി ഭക്ഷണത്തിന് വിളമ്പുകയായിരുന്നു. എന്നാൽ ഭക്ഷ്യവിഷബാധയുണ്ടായതോടെ എല്ലാവരും ഛർദ്ദിൽ തുടങ്ങി. കാര്യങ്ങൾ പന്തിയല്ലെന്ന് കണ്ട് ഷിബു അടിയന്തിര വൈദ്യസഹായം തേടി ഫോൺചെയ്യുകയായിരുന്നു. ആരോഗ്യപ്രവർത്തകർ ഇവരുടെ വീട്ടിൽ എത്തുമ്പോഴേക്കും ഷിബുവും കുഴഞ്ഞ് ബോധംകെട്ട് വീണിരുന്നു.