- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് കൃഷിയിടത്തിലെ കിണറ്റിൽ വീണ ആറ് കാട്ടുപന്നികളെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ച് കൊന്നു
കോഴിക്കോട് : കൃഷിയിടത്തിലെ കിണറ്റിൽ വീണ കാട്ടുപന്നികളെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ച് കൊന്നു. കൂടരഞ്ഞി താഴെകൂടരഞ്ഞി ബെന്നി ജോസഫ് കപ്പ്യാങ്കൽ എന്നയാളുടെ പറമ്പിലെ കിണറ്റിലാണ് ആറ് കാട്ടുപന്നികൾ വീണത്. ഏകദേശം ഒന്നര വയസ് പ്രായമുള്ള കാട്ടുപന്നികളായിരുന്നു ഇവ.
വനം വകുപ്പ് ഉദ്യോഗസ്ഥരായ ബാബു ജോസഫ് പ്ലാക്കാട്ട് , അഗസ്റ്റിൻ ജോസ് പുതിയേടത്ത് എന്നിവർ ചേർന്നാണ് പന്നികളെ വെടിവെച്ചു കൊന്നത്. ഒരു പെൺ പന്നിയും അഞ്ച് ആൺപന്നികളുമാണ് കൊല്ലപ്പെട്ടത്. കാട്ടുപന്നികളുടെ ജഡങ്ങൾ സ്ഥലത്ത് തന്നെ മറവുചെയ്തു.
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ റോസിലിടീച്ചർ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ സഹായങ്ങൾ നൽകി. കൃഷിയിടത്തിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്ന നടപടികൾ ഊർജ്ജിതമാക്കിയതായി താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ രാജീവ് കുമാർ അറിയിച്ചു.
കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു. നാട്ടിൻപുറങ്ങളിലെ കൃഷിയിടങ്ങളിലും വനാതിർത്തികളിലും കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് നടപടി. ഈ നടപടിക്രമങ്ങൾ എല്ലാം പാലിച്ചാണ് കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നത്.




