- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലമ്പുഴയിൽ കാട്ടാന ഭീതി; കാട്ടാനയെത്തിയത് ആൾക്കൂട്ടത്തിനിടയിലേക്ക്; നിലവിളിച്ചോടി വിനോദ സഞ്ചാരികൾ; കാട്ടാന പിൻവാങ്ങിയത് മണിക്കൂറുകൾക്കൊടുവിൽ
മലമ്പുഴ: പാലക്കാട് മലമ്പുഴ റൂട്ടിൽ കാട്ടാന ഭീതി. കാട്ടാനകളുടെ സ്വൈര്യവിഹാരം വിനോദസഞ്ചാരികൾ ഉൾപ്പടെയുള്ളവർക്ക് ഭീഷണിയാകുന്നുമുണ്ട്. കഴിഞ്ഞ ദിവസം വൈകീട്ടോടെ ഉദ്യാനത്തിനു സമീപം തിരക്കുള്ള റോഡിലേക്കു പൊടുന്നനെ കാട്ടാനയെത്തിയതു പരിഭ്രാന്തി പരത്തി. വിനോദ സഞ്ചാരികൾ ഉൾപ്പെടെ വാഹനം നിർത്തി നിലവിളിച്ച് ഇറങ്ങിയോടി. സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന ആൾക്കൂട്ടത്തിനിടയിലേക്ക് കാട്ടാന ഓടിയടുത്തു. ചിതറിയോടിയ പലരും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
ഇന്നലെ വൈകിട്ട് അഞ്ചോടെയാണു കാട്ടാന റോഡിലിറങ്ങിയത്. ആറങ്ങോട്ടുകുളമ്പ് പന്നിമട ഭാഗത്ത് കഴിഞ്ഞ ദിവസം കൃഷി നശിപ്പിച്ച കാട്ടാനയാണിതെന്നു സംശയിക്കുന്നു.അര മണിക്കൂറോളം കാട്ടാന റോഡിൽ നിലയുറപ്പിച്ചു.പിന്നീട് കാട്ടാന മലമ്പുഴ കൃഷി ഭവന്റെ തോട്ടത്തിലേക്കും അവിടെ നിന്നു മലമ്പുഴ ഡാമിലേക്കും ഇറങ്ങി.
ആനയ്ക്കു മദപ്പാട് സംശയിക്കുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.പ്രദേശത്ത് പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കാവൽ ഏർപ്പെടുത്തി. ഡാമിൽ മീൻ പിടിക്കാൻ പോകുന്ന മത്സ്യബന്ധന തൊഴിലാളികൾ ജാഗ്രത പുലർത്തണമെന്നു പൊലീസ് അറിയിച്ചു.ഒരാഴ്ച മുൻപും ഉദ്യാനത്തിനു സമീപം കാട്ടാനയെത്തിയിരുന്നു.