കൊട്ടിയൂർ: കൊട്ടിയൂരിനടുത്തെ കേളകത്ത് ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാന പരുക്കേറ്റ് പുഴയിൽ കുടുങ്ങി. ആറളം വന്യ ജീവി സങ്കേതത്തിനടുത്താണ് സംഭവം.കർണാടക വനത്തിൽ നിന്നും ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയാണ് പരുക്കേറ്റതിനാൽ പുഴയിൽ കുടുങ്ങിയത്.

കേളകം ചെട്ടിയാംപറമ്പ് ചീങ്കണ്ണിപ്പുഴയിലാണ് കാട്ടാന മണിക്കൂറുകളോളമായി പുഴയിൽ കുടുങ്ങിയത്. കാട്ടാനയ്ക്ക് ഗുരുതരമായ പരുക്കേറ്റതാണ് പുഴയിൽ നിന്നും കരകയറാൻ കഴിയാത്തതിന് കാരണമെന്ന് സംശയിക്കുന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

ആറളം വന്യ ജീവി സങ്കേതത്തിന്റെ അതിർത്തിയിലാണ് സംഭവം. സ്ഥലത്തേക്ക് കൂടുതൽ വനപാലക സംഘം എത്തിയിട്ടുണ്ട്. ആനയുടെ ശരീരത്തിന്റെ പല ഭാഗത്തും പരിക്കുകൾ കാണാനുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. വടം കെട്ടി ആനയെ കരയ്‌ക്കെത്തിക്കാനുള്ള നീക്കമാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്നത്. രാത്രി ഏറെ വൈകിയും ഇതിനുള്ള ശ്രമം നടത്തി വരികയാണ്.കഴിഞ്ഞ കുറെ നാളുകളായി മേഖലകളിൽ കാട്ടാനകളുടെ ശല്യം അതിരൂക്ഷമാണെന്ന് പ്രദേശവാസികൾ പറഞ്ഞു.