- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാഴ്ച്ചക്കാരുടെ മനസ്സിലെ നോവായി മുതുമലയിലെ കൊമ്പൻ; മരണകാരണം തീപന്തത്തിന്റെ തുണി ചെവിയിൽ കുടുങ്ങിയത്; സംഭവത്തിൽ റിസോർട്ട് ഉടമകൾ അറസ്റ്റിൽ; അനധികൃതമായി പ്രവർത്തിച്ച റിസോർട്ടും പൊലീസ് പൂട്ടിച്ചു
കോയമ്പത്തൂർ: ഏതൊരാളുടെയും കരളലിയിക്കുന്ന കാഴ്ചയായിരുന്നു മുതുമലയിൽ കണ്ടത്. തലയിൽ ആളിക്കത്തുന്ന പന്തവുമായി ജീവനുംകൊണ്ടോടിയ കൊമ്പൻ കാഴ്ച്ചക്കാരുടെ മനസ്സിൽ നോവായി.സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ റിസോർട്ടിലെ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു.
കാട്ടാനയുടെ മരണത്തിന് കാരണം റിസോർട്ട് ഉടമകളുടെ നീച പ്രവർത്തി ആണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഭക്ഷണം തേടി അലയുന്നതിനിടെ റിസോർട്ട് മതിലിന് മുമ്പിലെത്തിയ കാട്ടാനയ്ക്ക് നേരെ തുടക്കം മുതൽ തന്നെ കല്ലുകളും വടികളും വലിച്ചെറിഞ്ഞിരുന്നു.പന്തംകൊളുത്തി കാണിച്ചാൽ ആനയെ എളുപ്പത്തിൽ വിരട്ടാമെന്ന് റിസോർട്ട് ഉടമകൾ അറിയിച്ചതനുസരിച്ച് മലയാളിയും മസിനഗുഡി ദർഗ റോഡിൽ എസ്. പ്രസാദ് (36) ആനയ്ക്ക് നേരെ പന്തം എറിഞ്ഞു. ഇതിൽ തീപന്തത്തിന്റെ തുണി ഭാഗങ്ങൾ ആനയുടെ ഇടതു ചെവിയിൽ കുടുങ്ങുകയായിരുന്നു. അലറിവിളിച്ച് ഓടുന്ന ആനയുടെ ദൃശ്യം റിസോർട്ടിന് അകത്തുള്ള ആരോ ആണ് പുറത്തുവിട്ടത്. രണ്ടു ദിവസത്തെ അന്വേഷണത്തിനൊടുവിൽ പ്രസാദിനെ യും റിസോർട്ട് ഉടമകളിലൊരാളായ മാവനല്ല, ഗ്രൂപ്പ്ഹൗസ് റെയ്മണ്ട് ഡീൻ (28) നേയും അറസ്റ്റ് ചെയ്തു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഈ കേസിലുൾപ്പെട്ട മറ്റൊരു പ്രതിയായ റിക്കി റായൻ (31) ഒളിവിലാണ്. കൂടുതൽ പേരെ ഈ കേസുമായി ബന്ധപ്പെട്ട് അന്വേഷിക്കുകയാണ് എന്ന് മുതുമല കടുവ സംരക്ഷണകേന്ദ്രം ഡയറക്ടർ അറിയിച്ചു.
അറസ്റ്റിലായ റെയ്മണ്ടിന്റെ വീടിന്റെ മുകൾനിലയിലെ മൂന്നു മുറികൾ ആണ് റിസോർട്ടിനായി ഉപയോഗിച്ചത്. അനധികൃതമായി റിസോർട്ട് നടത്തിയതിന് ജില്ലാ കലക്ടർ ഇടപെട്ട് വീടിന്റെ മുകൾഭാഗം വൈകീട്ടോടെ സീൽ ചെയ്തു.
ആദ്യം കണ്ടെത്തിയത് അവശനിലയിൽ
മസിനഗുഡിക്കടുത്തുള്ള ബൊക്കാപുരം ഭാഗത്ത് മൂന്ന് മാസം മുമ്പ് മുതുകിൽ ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു കാട്ടുകൊമ്പനെ ആദ്യം കണ്ടെത്തിയത്.
മുന്നോട്ടായാൻ പോലുമാവാതെ അവശനിലയിൽ കണ്ടെത്തിയ കൊമ്പന് പഴങ്ങളിൽ മരുന്നുകൾ വെച്ചു നൽകി മുറിവ് ഉണക്കാനായിരുന്നു ശ്രമമെങ്കിലും ഫലം കണ്ടില്ല. വ്രണം പുഴുവരിച്ചതോടെ ഡോക്ടർമാരായ സുകുമാർ, രാജേഷ് കുമാർ, ഭാരതി ജ്യോതി എന്നിവരുടെ നേതൃത്വത്തിൽ ഡിസംബർ 28-ന് കുങ്കി ആനകളുടെ സഹായത്തോടെ മയക്കുവെടി വെച്ച് പിടികൂടി ചികിത്സ നൽകിയിരുന്നു. ചികിത്സയെത്തുടർന്ന് മേൽഭാഗത്തെ മുറിവ് ഉണങ്ങിയതായി കാണപ്പെട്ടെങ്കിലും ഭക്ഷണം തേടിയുള്ള ഉൾകാട്ടിനകത്തെ അലച്ചിൽ ഒഴിവാക്കിയായിരുന്നു കൊമ്പന്റെ നടത്തം. ശരീരത്തിലെ രക്തത്തിന്റെ അളവ് കുറഞ്ഞതും തീറ്റ എടുക്കുന്നത് കുറഞ്ഞതും ആണ് ആന ഉൾക്കാട്ടിലേക്ക് പോകാതിരുന്നതെന്ന് മുതുമല വന്യജീവി സംരക്ഷണകേന്ദ്രം ഫീൽഡ് ഡയറക്ടർ കെ.കെ കൗശൽ പറഞ്ഞു.
പിന്നീട് ദിവസങ്ങൾക്കുശേഷം ജനുവരി 17 നായിരുന്നു ആനയുടെ ഇടതു ചെവിയിൽ നിന്ന് ചോര ഒലിപ്പിച്ചു നിൽക്കുന്ന ചിത്രങ്ങൾ പുറത്തു വന്നത്. നാട്ടിൻപുറത്തെ നന്മനിറഞ്ഞവരോട് തന്റെ ജീവൻ രക്ഷിക്കാൻ യാചിക്കുന്ന ഭാവത്തിലായിരുന്നു ശബ്ദമൊന്നും ഉയർത്താതെ പിന്നീട് കൊമ്പന്റെ നടത്തം. നടുറോഡിൽ മണിക്കൂറോളം നിന്ന് നോക്കി, വീടുകൾക്കുമുന്നിൽ തലയുയർത്തി നിന്നു പരിക്ക് പുറത്തു കാണിച്ചു. രക്തം വാർന്നത് നിന്നുവെങ്കിലും രണ്ടു ദിവസങ്ങൾക്കുശേഷം പരിക്ക് ഗുരുതരമായ ആന തീറ്റ എടുക്കാതെയായി. എന്നിട്ടും ആനയെ പഴത്തിൽ മരുന്നു വച്ചു നൽകി ഉൾക്കാട്ടിലേക്ക് പറഞ്ഞയക്കുന്നതിലായിരുന്നു വനപാലകർ ആദ്യം ശ്രദ്ധിച്ചത്.
പിന്നീട് ഡോക്ടർ രാജേഷിന്റെ നേതൃത്വത്തിൽ കുങ്കി ആനകളെ എത്തിച്ച് വീണ്ടും മയക്കുവെടി നൽകിയപ്പോൾ ആന വേഗം മയങ്ങി വീണു.വെള്ളം ഒഴിച്ച് തണുപ്പിച്ച
ശേഷം ആനയെ വീണ്ടും കുങ്കി ആനകൾ ഉപയോഗിച്ച് എഴുന്നേൽപ്പിച്ച് നിർത്തുകയായിരുന്നു.കുങ്കി ആനകൾ അടുത്തെത്തിയപ്പോൾ തുമ്പിക്കൈ കൊണ്ട് തടവുകയായിരുന്നു കാട്ടാന.പതുക്കെ വണ്ടിയിൽ കയറ്റി എങ്കിലും തൊട്ടടുത്ത മുതുമലയിലെക്കുള്ള യാത്രയിൽ ചെരിയുകയായിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം മുതുകത്ത് പരിക്കുള്ള ആനയുടെ ഉദരത്തിൽ ഭക്ഷണാവശിഷ്ടം കുറവായിരുന്നു. ശരീരത്തിൽ രക്തത്തിന്റെ അളവ് കുറഞ്ഞാണ് കാണപ്പെട്ടത്. ഇതിനിടെ ഇന്ധനം ഉപയോഗിച്ച് കത്തിച്ച തുണി പന്തത്തിന്റെ ഭാഗം കാതിൽ കുടുങ്ങിയാണ് മരണത്തിന് കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. ഗ്രാമവാസികൾക്ക് ശല്യം ഒന്നും ഉണ്ടാക്കിയില്ലെങ്കിലും റിസോർട്ട് ഉടമകൾ ആനയെ വിരട്ടാനായി ചെയ്തതായിരിക്കാമെന്ന് ആദ്യം തന്നെ വനപാലകർക്ക് സംശയം ഉണ്ടായിരുന്നതായി ഫീൽഡ് ഡയറക്ടർ കൗശൽ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ