മലപ്പുറം: കഴിഞ്ഞ ദിവസം നിലമ്പൂരിനടുത്ത് കരുളായി പനിച്ചോലയിലെ കൃഷിയിടത്തിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തിൽ മൂന്ന് പേർക്കെതിരെ വനംവകുപ്പ് കേസെടുത്തു. സ്ഥലമുടമകളായ പുളിയൻകുന്നത്ത് കുഞ്ഞിമുഹമ്മദ്, എരഞ്ഞിക്കുളവൻ ജമീല, ആനചരിഞ്ഞ കൃഷിയിടത്തിലെ പാട്ടക്കർഷകൻ എരഞ്ഞിക്കുളവൻ ഉബൈദ് എന്നിവർക്കെതിരേയാണ് കേസെടുത്തത്.വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് ഇവർക്കെതിരെ വനംവകുപ്പ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പനിച്ചോലയിലെ കൃഷിയിടത്തിൽ 23 വയസ്സ് തോന്നിക്കുന്ന ആനയെ ചരിഞ്ഞനിലയിൽ കണ്ടെത്തിയത്.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചക്കിക്കുഴി ഡെപ്യൂട്ടി റെയ്ഞ്ചറാണ് മൂന്ന് പേർക്കെതിരെ കേസ് രജിസ്റ്റർചെയ്ത് അന്വേഷണം തുടങ്ങിയത്. കരുളായി വനമേഖലയിൽനിന്ന് അൻപതുമീറ്റർ മാത്രം അകലെയാണ് ആന ചരിഞ്ഞുകിടന്ന സ്ഥലമെങ്കിലും നാട്ടിൻപുറമായതിനാൽ ഇത് കാളികാവ് റെയ്ഞ്ചിലെ ചക്കിക്കുഴി സ്റ്റേഷൻ പരിധിയിലാണ്. കരുളായിയിൽ കൃഷിയിടത്തോടുചേർന്ന് സ്ഥാപിച്ച വൈദ്യുത കമ്പിയിൽനിന്നാണ് ഷോക്കേറ്റതെന്നാണ് നിഗമനം. കാട്ടാന ചരിഞ്ഞ സംഭവത്തിൽ സ്ഥലമുടമയ്ക്കും കർഷകനുമെതിരേ കേസെടുത്തതിൽ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. പ്രദേശത്തെ രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് രണ്ടുദിവസംമുൻപ് കരുളായി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി വനംവകുപ്പിനു പരാതിനൽകിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ജനവാസമേഖലയിലെ കൃഷിയിടത്തിൽ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞത്.

കഴിഞ്ഞ ദിവസമാണ്നിലമ്പൂർ കരുളായി മൈലമ്പാറ പനിച്ചോലപ്പൊട്ടിയിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വനത്തിനോട് ചേർന്ന സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് ആനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഷോക്കേറ്റതാകാം അപകട കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. വൈദ്യുതി വേലിക്ക് സമീപത്താണ് ആനയുടെ ജഡം കണ്ടെത്തിയത്. അതു കൊണ്ട് തന്നെ വൈദ്യുതി വേലിയിൽ നിന്നോ കൃഷിയിടത്തിലെ ജലസേജനത്തിന് ഉപയോഗിക്കുന്ന പമ്പ് ഹൗസിൽ നിന്നോ ആയിരിക്കാം ഷോക്കേറ്റതെന്ന് വ്യക്തമായിരുന്നു. 23 വയസ്സുള്ള മോഴയാനയെയാണ് ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

കരുളായിയിൽ നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരും തൃശൂരിൽ നിന്ന് വെറ്റിനറി സർജനുമെത്തിത്തി പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയതിന് ശേഷമാണ് ജഡം സംസ്‌കരിച്ചത്. ജില്ല പഞ്ചായത്ത് വൈസ്പ്രസിഡണ്ട ഇസ്മായിൽ മൂത്തേടം കരുളായി പഞ്ചായത്ത് പ്രസിഡണ്ട് എന്നിവരും സ്ഥലം സന്ദർശിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ട സാഹചര്യവും ഉണ്ടായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് കാട്ടാനയുടെ ആക്രമണം രൂക്ഷമായിരുന്നു. വ്യപകമായി കാർഷിക വിളകൾ നശിപ്പിക്കുകയും ചെയ്തിരുന്നു. പ്രദേശത്ത് എല്ലായിപ്പോഴും തമ്പടിക്കുന്ന കൂട്ടത്തിലുള്ള കാട്ടാനയാണ് ഇപ്പോൾ ചെരിഞ്ഞിരിക്കുന്നത്. പകൽ സമയത്ത് പോലും ആനക്കൂട്ടത്തെ ഭയന്ന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് നാട്ടുകാർ പറയുന്നു