വാഷിങ്ങ്ടൺ: അമേരിക്കയെ ഞെട്ടിച്ച് രാജ്യം കണ്ട ഏറ്റവും വലിയ കാട്ടുതീ നിയന്ത്രണ വിധേയമാകാതെ തുടരുന്നു.യുഎസ് സംസ്ഥാനമായ ഒറിഗോണിൽ, രാജ്യം കണ്ട ഏറ്റവും വലിയ കാട്ടുതീയിൽ കത്തിനശിച്ചത് 300,000 ഏക്കർ. ആയിരക്കണക്കിന് ആളുകളെയാണ് കാട്ടുതീയെ തുടർന്ന് ഒഴിപ്പിക്കേണ്ടി വന്നത്. ഒറിഗോണിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാട്ടുതീയാണ് ഇത്.രണ്ടായിരത്തോളം അഗ്നിശമന സേന തിപിടുത്തം നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥ രക്ഷാ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുകയാണ്.

ചൂട് ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ഈ ആഴ്ചത്തെ കാലാവസ്ഥാ പ്രവചന പ്രകാരം തീ നിയന്ത്രണ വിധേയമാക്കാൻ സാധിക്കില്ലെന്ന് തന്നെയാണ് കരുതുന്നത്.

ജൂലൈ ആറിന് ആരംഭിച്ച കാട്ടുതീ, ലോസ് ഏഞ്ചലസ് നഗരത്തിന്റെ വിസ്തൃതിയോളം വരുന്ന സ്ഥലങ്ങളെ മുഴുവനും വിഴുങ്ങിക്കളഞ്ഞു.ഇതുവരെ 160 വീടുകളും കെട്ടിടങ്ങളും നശിച്ചു. അടുത്തുള്ള ബൂട്ട്‌ലെഗ് സ്പ്രിംഗിന്റെ പേരിലുള്ള ബൂട്ട്‌ലെഗ് ഫയർ, മിക്കവാറും ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള രണ്ടായിരമെങ്കിലും വീടുകളിൽ നിന്നും ആളുകളെ ഒഴിപ്പിക്കാൻ നിർബന്ധിതരാക്കി. ഒഴിപ്പിച്ചവർക്കായി പ്രത്യേക ക്യാമ്പുകളും തുറന്നിട്ടുണ്ട്.ഉഷ്ണതരംഗത്തെ തുടർന്ന് അമേരിക്കയിലെ വിവിധ പ്രദേശങ്ങളിൽ പടർന്നുപിടിച്ച എൺപതോളം കാട്ടുതീകളിൽ ഏറ്റവും ശക്തിയുള്ളതാണ് ഇത്.

രാജ്യത്തിലെ 1.2 മില്ല്യൺ ഭാഗങ്ങളെയെങ്കിലും ഈ വർഷമുണ്ടായ വിവിധ കാട്ടുതീ ബാധിച്ചു കഴിഞ്ഞുവെന്നാണ് നാഷണൽ ഇന്ററഗൻസി ഫയർ സെന്ററിന്റെ കണക്ക് വ്യക്തമാക്കുന്നത്. 2021 -ൽ ഇതുവരെ 4,000 -ത്തിലധികം കാട്ടുതീ സംഘടന രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് കഴിഞ്ഞ വർഷത്തെ മൊത്തം കണക്കിനെ അപേക്ഷിച്ച് ഇരട്ടിയാണ്. കാലിഫോർണിയയിൽ മാത്രം, കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് അഞ്ചിരട്ടി ഏക്കർ കത്തിനശിച്ചു.ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ചൂടും കാട്ടുതീയും വർധിക്കുകയാണ്. ഇത് കാലാവസ്ഥാ വ്യതിയാനങ്ങളുടെ പ്രകടമായ ലക്ഷണങ്ങളായാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്.

കാലാവസ്ഥയും തീ നിയന്ത്രണവിധേയമാക്കാനുള്ള പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട് എന്നാണ് ഓപറേഷൻസ് സെക്ഷൻ ചീഫ്, ജോൺ ഫ്‌ളാനിഗൻ യുഎസ് മാധ്യമങ്ങളോട് പറഞ്ഞത്. ചൂട് ക്രമാതീതമായി കടുക്കുകയാണ് ഇവിടെ. പോർട്ട്ലാൻഡിന് തെക്ക്-കിഴക്ക് 300 മൈൽ (480 കിലോമീറ്റർ) പടർന്ന തീ 160 കെട്ടിടങ്ങളെ നശിപ്പിക്കുകയും ആയിരക്കണക്കിന് പേരെ ഭീഷണിയിലാക്കുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.