മെൽബൺ: സൗത്ത് ഓസ്‌ട്രേലിയയിൽ ശക്തിയായ കാറ്റും മഴയും. ഏഴായിരം വീടുകളും സ്ഥാപനങ്ങളും ഇരുട്ടിലായി. കാലാവസ്ഥ ഇനിയും മോശമാകുമെന്നാണ് പ്രവചനം. ഇന്നുച്ചയ്ക്ക് മേട്രോപൊലീറ്റൻ ഏരിയയിൽ 15 മി.മീ മഴ പെയ്തപ്പോൾ ലോഫ്ടി റേഞ്ചസിൽ 30 മി.മീ മഴയാണ് റെക്കോർഡ് ചെയ്യപ്പെട്ടത്.

ഇന്നു കാലത്ത് കംഗാരു ഐലന്റിൽ മണിക്കൂറിൽ 93 കി.മീ വേഗതയിൽ കാറ്റുവീശിയപ്പോൾ തീരപ്രദേശങ്ങളിൽ 90 കി.മീ വേഗതയിലായിരുന്നു കിഴക്ക് ദിക്കിലേയ്ക്ക് കാറ്റ് വീശിയടിച്ചത്.

രാത്രിയിൽ കാറ്റിന്റെ വേഗത വർദ്ധിച്ച് പടിഞ്ഞാറൻ തീരത്തും ലോവർ ഐയ്‌റെ പെനിൻസുലയിലും മണിക്കൂറിൽ 100 മുതൽ 110 കി.മീ വരെ വേഗതയിൽ കാറ്റ് വീശുമെന്നാണ് റിപ്പോർട്ടുകൾ.

ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചത് മൂലമാണ് പോർട്ട് അഗസ്റ്റായ്ക്ക് ചുറ്റും ഇരുട്ടിലായതെന്ന് സൗത്ത് ഓസ്‌ട്രേലിയൻ എനെർജി നെറ്റ്‌വർക്ക് പറഞ്ഞു.

മെട്രോളജി ബ്യൂറോ നേരത്തെ തന്നെ സൗത്ത് ഓസ്‌ട്രേലിയൻ തീര പ്രദേശങ്ങളിലും മറ്റും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് പല തവണ മുന്നറിയിപ്പ് നൽകിയിരുന്നു.

നാളെ ഉച്ചയോടുകൂടി കാലാവസ്ഥ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.