- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കടുത്ത വേദന ഇപ്പോഴുമുണ്ടെങ്കിലും വീൽചെയറിലായാലും പ്രചാരണത്തിനുണ്ടാകും; ആക്രമണത്തിന് ഇരയായിട്ടും പോരാട്ട വീര്യം ചോരാതെ മമത ബാനർജി
കൊൽക്കത്ത: വീൽചെയറിലായാലും തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായുണ്ടാകുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നെഞ്ചിലും തലക്കും കടുത്ത വേദന ഇപ്പോഴുമുണ്ടെന്നും അവർ വ്യക്തമാക്കി. കൊൽക്കത്തയിലെ എസ്.എസ്.കെ.എം ആശുപത്രിയിലാണ് മമത ചികിത്സയിലുള്ളത്. നന്ദിഗ്രാമിൽ ബുധനാഴ്ച രാത്രിയാണ് അക്രമികൾ കൈയേറ്റം ചെയ്തത്.
''കാര്യമായ പരിക്കുകൾ പറ്റി നെഞ്ചിലും തലക്കും കടുത്ത വേദന ഇപ്പോഴുമുണ്ടെന്നും എന്നാൽ, വീൽചെയറിലായാലും പ്രചാരണത്തിനുണ്ടാകുമെന്നും'' മമത പറഞ്ഞു. രണ്ടു, മൂന്ന് ദിവസങ്ങൾക്കകം പ്രചാരണത്തിനിറങ്ങാനാകുമെന്നും അണികൾ സമാധാനം പാലിക്കണമെന്നും മമത നേരത്തെ പറഞ്ഞിരുന്നു. 'സമാന ആക്രമണം നടന്നത് ഗുജറാത്ത് പോലുള്ള മറ്റേതെങ്കിലും സംസ്ഥാനത്തായിരുന്നുവെങ്കിൽ മറ്റൊരു ഗോധ്ര ആവർത്തിക്കുമായിരുന്നു'വെന്ന് തൃണമൂൽ നേതാവ് മദൻ മിത്ര കുറ്റപ്പെടുത്തി. 'നിക്കറി'ൽ പരിശീലനം കിട്ടിയ മികച്ച പരിശീലനമുള്ള ആളുകൾ ചെയ്തപോലെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം നാമനിർദ്ദേശ പത്രിക സമർപ്പിച്ച് കൊൽക്കത്തയിലേക്ക് മടങ്ങാനൊരുങ്ങവെ നാലഞ്ച് പേർ ചേർന്ന് തന്നെ കാറിനകത്തേക്ക് പിടിച്ചുതള്ളുകയായിരുന്നെന്നും ആ സമയത്ത് തനിക്കൊപ്പം പൊലീസുകാർ ഇല്ലായിരുന്നെന്നുമാണ് മമത മാധ്യമങ്ങളോട് പ്രതികരിച്ചത്. ഗൂഢാലോചനയുണ്ടെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
അജ്ഞാത സംഘം കാറിന്റെ ഡോർ വലിച്ചടപ്പോഴാണ് മുഖ്യമന്ത്രിയുടെ കാലിനും മുഖത്തും പരിക്കേറ്റത്. തനിക്കൊപ്പം പൊലീസുകാർ ഇല്ലായിരുന്നു. ഞാൻ കാറിന് സമീപം നിന്ന് നാട്ടുകാരുമായി സംസാരിക്കുന്നതിനിടെ നാല് അഞ്ച് ആളുകൾ ചേർന്ന് തന്നെ കാറിനകത്തേക്ക് തള്ളിക്കയറ്റുകയും വാതിൽ അടയ്ക്കുകയുമായിരുന്നെന്ന് മമത പറഞ്ഞു.
അതേസമയം ജനങ്ങൾക്കിടയിൽ സഹതാപം ഉണ്ടാക്കാനുള്ള ശ്രമമാണ് മമത നടത്തുന്നതെന്ന് ബിജെപി ആരോപിച്ചു. അവർ നാടകമാണ് നടത്തുന്നത്. 300ഓളം പൊലീസുകാരാണ് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നത്. അവർ ആക്രമിക്കപ്പെട്ടുവെങ്കിൽ ഇതുമായി ബന്ധപ്പെട്ട് പൊലീസ് ആരെയും അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി നേതാവ് അർജുൻ സിങ് ചോദിച്ചു.
ഇന്നലെ ഉച്ചയോടെയാണ് മമത ബാനർജി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ഇക്കുറി നന്ദിഗ്രാം മണ്ഡലത്തിൽ നിന്നാണ് മമത ജനവിധി തേടുന്നത്. തൃണമൂൽ കോൺഗ്രസ് വിട്ട സുവേന്ദു അധികാരിയാണ് എതിർ സ്ഥാനാർത്ഥി. ശിവക്ഷേത്രത്തിൽ എത്തി പ്രാർത്ഥനകൾക്ക് ശേഷമാണ് മമത നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയത്. സ്വന്തം മണ്ഡലമായ ഭവാനിപുര ഉപേക്ഷിച്ചാണ് ഇത്തവണ ബിജെപി വെല്ലുവിളി നേരിടാൻ മമത നന്ദിഗ്രാം തെരഞ്ഞെടുത്തത്. താൻ തെരുവിൽ പോരാടി വന്നയാളാണെന്നും നന്ദിഗ്രാമിലെ ജനത തന്നോടൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷയെന്നും പത്രികാ സമർപ്പണത്തിന് ശേഷം മമത പറഞ്ഞു.
എതിർ സ്ഥാനാർത്ഥി സുവേന്ദു അധികാരി വെള്ളിയാഴ്ച പത്രിക സമർപ്പിക്കും. മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു പാർട്ടിയിലെ ആഭ്യന്തരപ്രശ്നത്തെ തുടർന്നാണ് തൃണമൂൽ വിട്ട് ബിജെപിയിലെത്തിയത്. താൻ നന്ദിഗ്രാമിന്റെ പുത്രനാണെന്നും എന്നാൽ മമത അന്യദേശക്കാരിയാണെന്നും സുവേന്ദു അധികാരി പറഞ്ഞു. തനിക്ക് ഈ മണ്ഡലത്തിൽ തന്നെയാണ് വോട്ട്. മമത മണ്ഡലത്തിലെ വോട്ടർ പോലും അല്ലെന്നും അദ്ദേഹം പറഞ്ഞു. നന്ദിഗ്രാമിൽ അരലക്ഷം വോട്ടുകൾക്ക് വിജയിക്കുമെന്നാണ് സുവേന്ദുവിന്റെ അവകാശവാദം. ഇല്ലെങ്കിൽ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും സുവേന്ദു നേരത്തെ പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ