ചണ്ഡിഗഡ്: ധവള വിപ്ലവം, ഹരിത വിപ്ലവം എന്നിങ്ങനെ രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ച മുന്നേറ്റങ്ങളെ പേരിട്ടുവിളിച്ചത് വിപ്ലവങ്ങളെന്നാണ്. മുൻ വിപ്ലവങ്ങളെല്ലാം നടന്നത് കോൺഗ്രസ് പ്രധാനമന്ത്രിമാരുടെ കാലത്താണെങ്കിൽ ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റൊരു വിപ്ലവത്തിന് ആഹ്വാനം ചെയ്തിരിക്കുന്നു. രാഷ്ട്രത്തോടല്ല, ബിജെപി അനുയായികളോടാണ് മോദിയുടെ ആഹ്വാനം. രാജ്യത്ത് കാവി വിപ്ലവം കൊണ്ടുവരുമെന്നാണ് മോദി പറഞ്ഞിരിക്കുന്നത്. ഹരിയാനയിൽ നടത്തിയ പ്രചരണ പരിപാടിയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കാവി എന്ന് കേട്ടാൽ മതേതരവാദികൾക്ക് പനി പിടിക്കുമെന്നും പ്രധാനമന്ത്രി പരിഹസിച്ചു.

ദേശീയ പതാകയിലെ കാവി നിറം രാജ്യത്തിന്റെ നിറമാണ്. കാവി ഊർജ്ജം പകരുന്ന നിറമാണ്. അതുകൊണ്ട് രാജ്യത്ത് കാവി വിപ്ലവം കൊണ്ടുവരിക എന്നതാണ് തന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കാവി എന്ന് കേട്ടാൽ മതേതരവാദികൾക്ക് സഹിക്കില്ലെന്നും കോൺഗ്രസുകാരെ ഉദ്ദേശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയിൽ കാവി വിപ്‌ളവം യാഥാർത്ഥ്യമാക്കുക തന്റെ ഏറ്റവും വലിയ ലക്ഷ്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. പ്രസംഗവേദിയിൽ മോദി പറഞ്ഞ കാവി വിപ്ലവത്തിന് അദ്ദേഹം വീണ്ടും വിശദീകരണം നൽകി. കാവി എന്നാൽ ഊർജ്ജമാണെന്ന് പറഞ്ഞെങ്കിലും ആർഎസ്എസ് പ്രചാരകൻ കൂടിയായ ആദ്യ പ്രധാനമന്ത്രിയുടെ പരാമർശം വരും ദിവസങ്ങളിൽ ഏറെ വിവാദങ്ങൾക്ക് വഴിവച്ചേക്കും.

നേരത്തെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിന് മോദി നേരിട്ട് രംഗത്തിറങ്ങിയതിനെ വിമർശിച്ച് ശിവസേനയും രംഗത്തുവന്നിരുന്നു. പ്രധാനമന്ത്രി രാഷ്ട്രീയം മാത്രപറയുന്നത് ശരിയല്ലെന്ന വിമർശനമായിരുന്നു ഉയർന്നത്.