- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി ടി തോമസിന് ഒരുകോടിക്ക് അടുത്ത് കടബാദ്ധ്യത; സാമ്പത്തിക ബാദ്ധ്യതകൾ പാർട്ടി ഏറ്റെടുക്കണമെന്ന് ഡൊമിനിക് പ്രസന്റേഷൻ; ഇളയ മകന്റെ വിദ്യാഭ്യാസ ചെലവും ഏറ്റെടുക്കണം എന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ; ഡൊമിനിക്കിനെ തള്ളി കുടുംബം പരിഹരിച്ചോളും എന്ന് കെ.ബാബുവും
തൃക്കാക്കര: അന്തരിച്ച എം എൽ എ പി ടി തോമസിന് ഒരു കോടി രൂപയ്ക്കടുത്ത് കടബാദ്ധ്യതയുണ്ടെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ. പി ടിയുടെ കുടുംബത്തിന് പാർട്ടിക്ക് ചെയ്യാവുന്ന ഏറ്റവും വലിയ സഹായം അദ്ദേഹത്തിന്റെ സാമ്പത്തിക ബാദ്ധ്യതകൾ ഏറ്റെടുക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. 'പി.ടിയുടെ സാമ്പത്തിക ബാധ്യതകൾ പാർട്ടി ഏറ്റെടുക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബത്തിനു ചെയ്യാവുന്ന ഏറ്റവും വലിയ സഹായം. ഇളയ മകന്റെ വിദ്യാഭ്യാസ ചെലവും പാർട്ടി ഏറ്റെടുക്കണം' അദ്ദേഹം നിർദ്ദേശിച്ചു.
വീടിന്റെ വായ്പ, വാഹനവായ്പ, വ്യക്തിഗത വായ്പ എന്നിവയ്ക്ക് പുറമേ എം എൽ എ ഓഫീസിന്റെ വാടകയിനത്തിൽ 18 ലക്ഷം രൂപയും ബാദ്ധ്യതയുണ്ട്.കൂടാതെ, ഇടുക്കി സ്വദേശിയുടെ മൃതദേഹം സ്വകാര്യ ആശുപത്രിയിൽ നിന്നും വിട്ടു കിട്ടുന്നതിന് ജാമ്യം നിന്ന ഇനത്തിലും 14 ലക്ഷം രൂപയുടെ ബാദ്ധ്യത പിടിയുടെ പേരിലുണ്ട്.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ സമർപ്പിച്ച സത്യവാങ്മൂലപ്രകാരം, പി.ടി.തോമസിനും ഭാര്യയ്ക്കും കൂടി 91 ലക്ഷം രൂപയുടെ ഭൂസ്വത്തുണ്ട്. വാഹനവും ബാങ്ക്, ട്രഷറി നിക്ഷേപവും ചേർത്തു 21.55 ലക്ഷം രൂപയുടെ ജംഗമ സ്വത്തുമുണ്ട്. ഭാര്യയുടെ പേരിലുള്ള ബാങ്ക്, പിഎഫ് നിക്ഷേപവും ഇൻഷുറൻസും സ്വർണവും ചേർത്തു 34.87 ലക്ഷം രൂപയുണ്ട്. മകന്റെ പേരിൽ വാഹനവും ഇൻഷുറൻസും ബാങ്ക് നിക്ഷേപവും ചേർത്തു 1.64 ലക്ഷം രൂപയുടെ ആസ്തി. പി.ടി.തോമസിനു ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ ഇനങ്ങളിൽ 57.31 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.
പിടിയുടെ സാമ്പത്തിക ബാദ്ധ്യതകൾ ഏറ്റെടുക്കണമെന്ന് ഡൊമിനിക് പ്രസന്റേഷൻ ആവശ്യപ്പെടുമ്പോൾ എതിർപ്പുമായി കെ.ബാബു രംഗത്തെത്തി. പി.ടി.തോമസിന്റെ സാമ്പത്തിക ബാധ്യത കുടുംബം പരിഹരിക്കുമെന്നും അതിൽ പാർട്ടി ഇടപെടേണ്ട ആവശ്യമില്ലെന്നും ബാബു പറഞ്ഞു. പി.ടിയുടെ കുടുംബത്തെ വിഷമിപ്പിക്കുന്ന യാതൊരു നടപടിയും ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ