തൊടുപുഴ: കേരളാ കോൺഗ്രസിലെ പിജെ ജോസഫ് വിഭാഗം ഇടതുപക്ഷത്തേക്ക് അടുക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ പിടി തോമസ് മനസ്സ് തുറന്നു പറഞ്ഞ് രംഗത്ത് എത്തി. തൊടുപുഴയിൽ നിന്ന് എംഎൽഎയായിട്ടുള്ള പിടി തോമസിന് ജോസഫ് യുഡിഎഫിലെത്തിയതോടെ സീറ്റ് നഷ്ടമായി. ഇടുക്കിയുടെ എംപിയായിരുന്ന തോമസിന് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കുകയും ചെയ്തു. ഡീൻ കുര്യാക്കോസിന് മത്സരിക്കാൻ വേണ്ടി തോമസ് മാറികൊടുത്തുവെങ്കിലും ജയിച്ചുകയറാൻ പിടി തോമസിന് കഴിഞ്ഞിരുന്നില്ല.

നിയമസഭയിലേക്ക് തൊടുപുഴ സീറ്റ് കിട്ടില്ലെന്ന് തോമസിന് അറിയാമായിരുന്നു. പിജെ ജോസഫിൽ നിന്ന് യുഡിഎഫിന് തൊടുപുഴ പിടിച്ചുവാങ്ങാൻ കഴിയില്ല. അതിനിടെയാണ് ഇടതുപക്ഷത്തേക്ക് ജോസഫ് മാറുമെന്ന സൂചനയെത്തിയത്. ഇതോടെ പിടി തോമസ് പ്രസ്താവനയുമായി എത്തി. പാർട്ടി ആവശ്യപ്പെട്ടാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് തോമസ് അറിയിച്ചു. ഏത് മണ്ഡലത്തിലും മത്സരിക്കാൻ തയാറാണ്. ജയിക്കാനുള്ള വീറും വാശിയും തനിക്കുണ്ട്. ഇപ്പോൾ ഏതെങ്കിലും മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നില്ല. പക്ഷേ പാർട്ടി ആവശ്യപ്പെട്ടാൽ മത്സരരംഗത്തുണ്ടാകുംപി.ടി പറഞ്ഞു.

ഗാഡ്ഗിൽകസ്തൂരിരംഗൻ റിപ്പോർട്ടിന്റെ പേരിൽ സഭാ നേതൃത്വവുമായി ഇടഞ്ഞതിനെ തുടർന്ന് സിറ്റിങ് എംപിയായിരുന്നിട്ടും പി.ടി തോമസിന് ഇടുക്കിയിൽ പാർട്ടി സീറ്റ് നിഷേധിക്കുകയായിരുന്നു. തോമസിന് നിയമസഭയിൽ സീറ്റ് നൽകുമെന്നായിരുന്നു അന്ന് നൽകിയ വാഗ്ദാനം. ഇതോടെ ചാലക്കുടിയിലേക്ക് തോമസ് പ്രവർത്തനം മാറ്റി. എന്നാൽ തോമസിനോട് ഇവിടുത്തെ കോൺഗ്രസുകാർക്ക് എതിർപ്പുണ്ടായിരുന്നു. ഇതോടെ തോമസ് നിശബ്ദനാവുകയും ചെയ്തു. അതിനിടെയാണ് ഫ്രാൻസിസ് ജോർജും ആന്റണിരാജുവും മുന്നണി വിടാൻ നീക്കം നടത്തുന്നതായി വാർത്തെയത്തിയത്.

ജോസഫും ഇവർക്കൊപ്പം ചേരുമെന്നും സൂചനയുണ്ടായി. ഇതോടെയാണ് പ്രസ്താവനയുമായി തോമസ് രംഗത്ത് എത്തിയത്. ജോസഫ് മുന്നണി വിട്ടാൽ തൊടുപുഴയിൽ മത്സരിക്കാനാണ് പിടി തോമസിന് താൽപ്പര്യം. അതിനിടെ തോമസിന് മത്സരിക്കാൻ സീറ്റ് നൽകണമെന്ന വാദം കോൺഗ്രസിൽ ശക്തമാണ്. മുതിർന്ന നേതാവ് എ കെ ആന്റണിയും തോമസിന് അനുകൂലമാണ്. അതും മത്സര സാഹചര്യം കൂട്ടും. കെപിസിസി അധ്യക്ഷൻ വി എം സുധീരനും ക്ലീൻ നേതാക്കളുടെ പട്ടികയിലാണ് തോമസിനെ ചേർത്തിരിക്കുന്നത്.

അതുകൊണ്ട് തന്നെ ഗ്രൂപ്പിന് അതീതമായ പരിഗണന വച്ചു പോലും തോമസിന് സീറ്റ് കിട്ടും. ഇടുക്കിയിലോ എറണാകുളത്തോ ആകും കൂടുതൽ സാധ്യത.