തിരുവനന്തപുരം: കേരളത്തിൽ ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്ര കാര്യമായ യാതൊരു ചലനങ്ങളും ഉണ്ടാക്കാതെ മുന്നോട്ടു പോകുകയാണ്. വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ ഫലം കൂടി പുറത്തുവന്നതോടെ ബിജെപി തീർത്തും പ്രതിരോധത്തിലായി. ജനരക്ഷാ യാത്രക്ക് വേണ്ടി ഉത്തരേന്ത്യയിലെ ചില നേതാക്കളെ രംഗത്തിറക്കി വിവാദ പരാമർശങ്ങൾ നടത്തിയത് അടക്കം ബിജെപിക്ക് തിരിച്ചടിയായിരുന്നു. ആർഎസ്എസുകാരെ സി.പി.എം കൊലപ്പെടുത്തുന്നു എന്ന ആരോപണത്തിലാണ് ജനരക്ഷായാത്ര നടത്തുന്നത്. ഇപ്പോഴിതാ ജനരക്ഷായാത്രയുടെ പേരിൽ കൊലവിളി മുഴക്കുകയാണ് ബിജെപി നേതാക്കൾ.

കേരളത്തിൽ സി.പി.എം ജനരക്ഷാ യാത്ര നടത്തുന്നത് സിപിഎമ്മുകുടെ വീട്ടിൽ കയറി കണ്ണു ചൂഴ്‌ന്നെടുക്കാനാണെന്നാണ് മുൻ മഹിളാ മോർച്ച ദേശീയ പ്രസിഡന്റും ബിജെപി ദേശീയ ജനറൽ സെക്രട്ടറിയുമായ സരോജ് പാണ്ഡെ അഭിപ്രായപ്പെട്ടത്. വാർത്താ ഏജൻസിയായ എഎൻഐയോട് നടത്തിയ പരാമർശം ദേശീയ തലത്തിൽ വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 11 കോടി പ്രവർത്തകരുള്ള ബിജെപിക്കാർ കൊലപാതകം ഒരു വിഷയമല്ലെന്നും അധികം വൈകാതെ കേരളത്തിലെയും ബംഗാളിലെയും സർക്കാറുകളെ പിരിച്ചുവിടണമെന്നും ബിജെപി ദേശീയ ജനറൽ സെക്രട്ടറി ഭീഷണി മുഴക്കി.

സി.പി.എം പ്രവർത്തകർ ബിജെപി പ്രവർത്തകർക്ക് നേരെ കണ്ണു കാട്ടിയാൽ വീട്ടിൽ കയറി ആ കണ്ണു ചൂഴ്‌ച്ചെടുക്കുമെന്നോണ് പാണ്ഡെ പറഞ്ഞത്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ വച്ചാണ് പാണ്ഡെയുടെ വിവാദ പരാമർശം. ദേശീയ അധ്യക്ഷൻ അമിത് ഷായെ കൂട്ടുപിടിച്ചാണ് പാണ്ഡെ പരാമർശം നടത്തിയത്. അമിത്ഷാ തുടങ്ങിയ യാത്രയുടെ ലക്ഷ്യം സി.പി.എം പ്രവർത്തകരെ പാഠം പഠിപ്പിക്കലാണെന്നും കേരളത്തിൽ ആർഎസ്എസ് നേതാക്കൾക്കെതിരായ ആക്രമണങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അവർ പറഞ്ഞു.

''ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടികളിൽ ഒന്നാണ് ഞങ്ങൾ. ഇന്ത്യയിൽ മാത്രമല്ല, 11കോടി പ്രവർത്തകർ ഉണ്ട്. കേരളത്തിൽ മുന്നൂറോളം പ്രവർത്തകർ കൊല്ലപ്പെട്ടു. ഇവരെല്ലാം 20-25 വയസ് പ്രായമുള്ളവരാണ്. എല്ലാവർക്കും കാര്യങ്ങൾ പറയാൻ അവകാശമുണ്ട്. അതിൽ ഒരു രാഷ്ട്രീയ പാർട്ടി എന്ന് മാത്രമല്ല. എന്നാൽ ജനാധിപത്യത്തെ കൊല ചെയ്യുകയാണെങ്കിൽ അതിനെ പ്രവർത്തകരുടെ ശക്തി ഉപോഗിച്ച് നേരിടുന്നു. രാജ്യം ഭരിക്കുന്നത് ഞങ്ങളുടെ പാർട്ടിയാണ്. ഞങ്ങൾ വിചാരിച്ചാൽ ആ സർക്കാറുകളെ പിരിച്ചു വിടും'- പാണ്ഡെ ഭീഷണി രൂപത്തിൽ പറഞ്ഞു. കേരളത്തിലെയും ബംഗാളിലെയും സർക്കാറുകൾ ജനാധിപത്യ രീതിയിലല്ല പ്രവർത്തിക്കുന്നതെന്നും അവർ പറഞ്ഞു. ഈ സർക്കാറുകളുടെ പ്രവർത്തനം വളരെ മോശമായാണെന്നും പാണ്ഡെ പറഞ്ഞു.

ദേശീയ തലത്തിൽ ഇന്നലെയും എകെജി ഭവനിലേക്ക് ബിജെപി മാർച്ച് നടത്തിയിരുന്നു. കേരളത്തിൽ സിപിഎമ്മിന്റെ ആക്രമണങ്ങളിൽ ആർഎസ്എസുകാർ വ്യാപകമായി കൊല്ലപ്പെടുന്നു എന്നവ്യാപക പ്രചരണത്തിന്റെ ഭാഗമായാണ് ബിജെപിയുടെ നടപടികളും. നേരത്തെ കേരള രക്ഷാ യാത്രയിൽ പങ്കെടുക്കവേ ഉത്തർപ്രദേശ് മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങളും ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ആരോഗ്യകാര്യത്തിൽ കേരളം ഉത്തർപ്രദേശിനെ കണ്ടു പഠിക്കണമെന്ന നിർദ്ദേശം കേരള പുച്ഛിച്ചു തള്ളുകയാണ് ഉണ്ടായത്. ഇത് സംസ്ഥാനത്തെ ബിജെപി നേതാക്കൾക്ക് വിശദീകരിക്കേണ്ടിയും വന്നു. വേങ്ങര തിരഞ്ഞെടുപ്പിൽ അടക്കം ഇവർക്ക് കനത്ത തിരിച്ചടി ഏൽക്കേണ്ടി വന്നു. മലപ്പുറത്ത് ജനരക്ഷാ യാത്രയെത്തുമ്പോൾ കുമ്മനം നടത്തിയ പ്രസ്താവന ഏറെ ചർച്ചയായിരുന്നു. മലബാർ ലഹള എന്നറിയപ്പെടുന്ന 1921 ലെ കലാപം കേരളത്തിലെ ആദ്യ ജിഹാദി കൂട്ടക്കുരുതിയാണെന്ന് കുമ്മനം പറഞ്ഞിരുന്നു.

ഏകപക്ഷീയമായി ഹിന്ദുക്കളെ കൊന്നൊടുക്കിയ സംഭവത്തെ സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിക്കുന്നത് ചരിത്രത്തെയും ഇന്നാട്ടിലെ ഭൂരിപക്ഷ സമുദായത്തേയും അവഹേളിക്കുന്നതാണ്. ബ്രിട്ടീഷുകാർക്കെതിരായ സമരമായിരുന്നു അതെങ്കിൽ എന്തിനാണ് ആയിരക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കിയതും ക്ഷേത്രങ്ങൾ തച്ചുതകർത്തതുമെന്ന് വ്യക്തമാക്കണമെന്നായിരുന്നു കുമ്മനത്തിന്റെ ആവശ്യം. ഇതും തെരഞ്ഞെടുപ്പ് രാഷ്ട്രീയം അറിയാത്ത കുമ്മനത്തിന്റെ വെടിയില്ല ഉണ്ടയായെന്ന് ബിജെപിയിലെ മറുവിഭാഗം പറയുന്നു. മുസ്ലിം സമുദായത്തെ ഒപ്പം നിർത്തേണ്ടതിന് പകരം ഇത്തരം പ്രസ്താവനയിലൂടെ ന്യൂനപക്ഷത്തെ എതിരാക്കിയെന്നാണ് വിലയിരുത്തൽ.