ശബരിമല: സന്നിധാനത്ത് അയ്യപ്പദർശനത്തിന് തൃപ്തി ദേശായി വേഷംമാറി എത്താൻ സാധ്യതയുണ്ടെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ഇതേ തുടർന്ന് പമ്പയിലും കാനനപാതയായ പുൽമേട്ടിലും പൊലീസ് പരിശോധന കർശനമാക്കി. ഓരോ അയ്യപ്പന്മാരെയും നിരീക്ഷിച്ച ശേഷമാണ് കടത്തിവിടുന്നത്.

നിയമ യുദ്ധത്തിനുശേഷം സ്ത്രീകൾക്ക് പ്രവേശനാനുമതി ലഭിച്ച മുംബൈയിലെ ഹാജി അലി ദർഗയിൽ സന്ദർശനം നടത്തിയ വേളയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെ അടുത്തലക്ഷ്യം ശബരിമലയാണെന്ന് തൃപ്തി ദേശായി പറഞ്ഞിരുന്നു. മഹാരാഷ്ട്രയിലെ ശനിശിഘ്നാപുർ, ത്രയംബകേശ്വർ ക്ഷേത്രങ്ങളിൽ സ്ത്രീകളെ പ്രവേശിപ്പിക്കാൻ നടത്തിയ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയത് തൃപ്തി ദേശായി ആയിരുന്നു. യുവതികൾക്കു ശബരിമലയിൽ പ്രവേശനം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ജനുവരിയിൽ ശബരിമലയിൽ പ്രവേശിക്കുമെന്നും ഇക്കാര്യത്തിൽ മാറ്റമില്ലെന്നും തൃപ്തി ദേശായി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഹാജി അലി ദർഗയിലും ശനീശ്വര ക്ഷേത്രത്തിലും ദർശനം നടത്തിയതിനു ശേഷമാണ് ശബരിമലയിൽ എത്തുമെന്ന് തൃപ്തി അറിയിച്ചത്.

ആർത്തവം സ്ത്രീ വിശുദ്ധിയുടെ അളവുകോൽ അല്ലെന്നും കഠിനമായ വൃതമെടുത്തു തന്നെയാകും ശബരിമല ക്ഷേത്രദർശനം നടത്തുകയെന്നും തൃപ്തി ദേശായി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ തൃപ്തി ദേശായിയെ തടയുമെന്ന് ചില ഹൈന്ദവ സംഘടനകളും പ്രഖ്യാപിച്ചിരുന്നു. ശബരിമലയിൽ പ്രവേശിക്കുമെന്ന ഭൂമാതാ ബ്രിഗേഡ് നേതാവും സ്ത്രീ വിമോചന പ്രവർത്തകയുമായ തൃപ്തി ദേശായിയുടെ നിലപാടിനെ സംസ്ഥാന സർക്കാർ അംഗീകരിക്കില്ലെന്ന് ദേവസം മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ശബരിമലയിൽ സുരക്ഷ കർശനമാക്കുന്നത്. മകരവിളക്കിന്റെ തിരക്ക് കണക്കിലെടുത്തും തൃപ്തി ദേശായി മലകയറുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലും ജോലി കഴിഞ്ഞ് മലയിറങ്ങിയ പൊലീസുകാരിൽ കുറച്ചുപേരെ തിരികെ വിളിച്ച് പൊലീസ് അധിക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

തൃപ്തി ദേശായി വരുമ്പോൾ തടയാൻ സംവിധാനങ്ങളെല്ലാം സന്നിധാനത്തുണ്ടെന്ന് പത്തനംതിട്ട എസ്‌പി. ഹരിശങ്കർ പറഞ്ഞു. അതിനായി ജോലി കഴിഞ്ഞ പൊലീസുകാരെ തിരികെവിളിച്ചിട്ടില്ല. മകരവിളക്കുതിരക്ക് കണക്കിലെടുത്ത് മാത്രമാണതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊലീസുകാരെ തിരികെവിളിച്ചത് തൃപ്തി ദേശായിക്ക് വേണ്ടിയല്ലെന്ന് ഐ.ജി. എസ്.ശ്രീജിത്തും പറഞ്ഞു. തൃപ്തി ദേശായി പുണെയിലാണ് ഇപ്പോഴുള്ളത്. ഇവരുടെ നീക്കങ്ങളും പൊലീസ് നിരീക്ഷിക്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഏവരുടേയും കണ്ണ് വെട്ടിച്ച് തൃപ്തി ദേശായിക്ക് സന്നിധാനത്ത് എത്താനാകില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

ശബരിമലയിൽ പരമ്പരാഗത വ്യവസ്ഥകൾ നിലനിൽക്കണമെന്ന അഭിപ്രായമാണ് ഉള്ളതെന്ന് ഹിന്ദു ഐക്യവേദി വിശദീകരിക്കുന്നു. ശബരിമല എന്ന സ്ഥലത്തെ സംഘർഷ ഭൂമിയാക്കാനും കലാപം നടത്താനും ആരും ശ്രമിക്കരുതെന്നാണ് ഹിന്ദു ഐക്യവേദിയുടെ ആവശ്യം. ശബരിമല സന്ദർശിക്കാനെത്തുന്ന തൃപ്തി ദേശായിയെ തടയുമെന്ന് ഹിന്ദു ഐക്യവേദി ഒരിക്കലും പറഞ്ഞിട്ടില്ല. രാഹുൽ ഈശ്വറാണ് ആ പ്രസ്ഥാവന നടത്തിയത്.സർക്കാർ ആണ് ശബരിമല വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് അതും സംഘർഷമൊഴിവാക്കികൊണ്ട് തന്നെയാകണം എന്നാണ് ഹിന്ദു ഐക്യവേദിക്ക് പറയാനുള്ള അഭിപ്രായമെന്നും ഐക്യവേദി സെക്രട്ടറി ഭാർഗവ റാം മറുനാടനോട് പറഞ്ഞു.

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതി നിലപാട് വ്യക്തമാക്കും വരെ തൽസ്ഥിതി തുടരട്ടേ എന്നതാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ശബരിമലയിലെ ആചാരങ്ങൾ എല്ലാവർക്കും ബാധകമാണെന്നും തൃപ്തി ദേശായിയുടെ നിലപാടിനെ അംഗീകരിക്കുന്നില്ലെന്നും ദേവസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തൃപ്തി ദേശായിയെ തടയാൻ വ്യാപക നടപടികളെടുക്കുന്നത്. ശബരിമലയിലെ സ്ത്രീ പ്രവേശനം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സുപ്രീം കോടതി വിധിയുണ്ടാകാതെ ആചാരങ്ങളിൽ മാറ്റംവരുത്തില്ല. സ്ത്രീ പ്രവേശനം സംബന്ധിച്ച വ്യത്യസ്ത നിലപാടുകൾ പൊതുസമൂഹത്തിലുണ്ടെന്ന് എല്ലാവർക്കും അറിയാം. എല്ലാ കാര്യങ്ങളും പരിശോധിച്ച് സുപ്രീം കോടതി തീരുമാനമെടുക്കട്ടെ. ആ തീരുമാനം തൃപ്തി ദേശായിക്കും ബാധകമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നിലവിലുള്ള ആചാരങ്ങൾ ലംഘിച്ച് അവർ ശബരിമലയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ നേരത്തെതന്നെ പറഞ്ഞിരുന്നു.