തിരുവനന്തപുരം: സ്ത്രീ സുരക്ഷയ്ക്ക് മുന്തിയ പരിഗണനയാണ് ഈ സർക്കാർ അധികാരത്തിലെത്തിയപ്പോൾ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ തങ്ങളുടെ സ്വന്തക്കാർക്കും ഇഷ്ടക്കാർക്കും ഇതിൽ ഇളവുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ സർക്കാരിന് തിരിച്ച് പറഞ്ഞ് നിൽക്കാൻ പോലും ഒരു പിടിവള്ളിയില്ല. കോൺഗ്രസ് എംഎൽഎ എം വിൻസന്റിനെ അറസ്റ്റ് ചെയ്യാൻ കാണിച്ച് താൽപര്യം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കന്റെ കാര്യത്തിലും പാർട്ടി എംഎൽഎ പികെ ശശിയുടെ കാര്യത്തിലും പാർട്ടിക്കും സർക്കാരിനുമില്ല. പികെ ശശിയുടെ കാര്യം അവിടെ നിക്കട്ടെ ഇപ്പോൾ പുറത്ത് വന്നതല്ലേയുള്ളു വിശദമായി അന്വേഷിക്കണം എന്ന ന്യായം പറഞ്ഞ് നിൽക്കാം. പക്ഷേ ബിഷപ്പിന്റെ കാര്യത്തിൽ എന്ത് ന്യായീകരണം ആണ് ഇനിയും പറയുക.

ഉള്ളത് പറഞ്ഞാൽ ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ സർക്കാർ മടിക്കുന്നതിന് പിന്നിൽ ഒന്നാന്തരം സമ്മർദ്ദമാണ്. ജലന്ധർ ബിഷപ്പിനെ അറസ്റ്റ് ചെയ്താൽ ലത്തീൻ സഭയുമായുള്ള പ്രശ്‌നങ്ങൾ കൂടുതൽ വഷളാകും എന്ന ഭയം സർക്കാരിനുണ്ട്. തീരദേശ മേഖലകളിലെ വോട്ട് ബാങ്ക് കൂടിയായ ലത്തീൻ സഭയെ തൊട്ട് കളിച്ചാൽ അത് തങ്ങളുടെ കൈപൊള്ളുമെന്ന് സിപിഎമ്മിന് ഭയമുണ്ട്. ഓഖി ദുരിതാശ്വാസ സഹായവുമായി ബന്ധപ്പെട്ട നിലവിൽ സർക്കാരും ലത്താൻസഭയും തമ്മിൽ അത്ര നല്ല ബന്ധത്തിലുമല്ല. എന്നാൽ ഇത്തരത്തിൽ ബലാൽസംഗ പരാതിയുണ്ടായിട്ടും നടപടിയെടുക്കാതെ മുന്നോട്ട് പോകുന്നത് പ്രതിഛായയെ ഇപ്പോൾ തന്നെ സാരമായി ബാധിച്ചുവെന്നത് സർക്കാർ മനസ്സിലാക്കുന്നുമില്ല.

നിരന്തരം പീഡിപ്പിച്ചുവെന്ന് കന്യാസ്ത്രീ പരാതി നൽകിയിട്ടും ഇതിനെ പിൻവലിപ്പിക്കാനായി സ്വത്തും പണവും വാഗ്ദാനം ചെയ്യുന്ന ഓഡിയോ സന്ദേശങ്ങൾ പുറത്ത് വന്നിട്ടും ബിഷപ്പിനെതിരെ നടപടിയുണ്ടായില്ല.ഇതിന് പിന്നാലെ പരാതി പിൻവലിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് വധഭീഷണി നേരിടുന്നുവെന്നുൾപ്പടെ പരാതി ലഭിച്ചിട്ടും ബിഷപ്പിനെതിരെ ഒരു ചെറുവിരൽ പോലും അനക്കാൻ സർക്കാരിനും അന്വേഷണ സംഘത്തിനും കഴിയുന്നുമില്ല. ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ ജലന്ധറിൽ അന്വേഷണ സംഘം എത്തിയെങ്കിലും ഒന്നും നടന്നില്ല.

ഇപ്പോൾ അന്വേഷണ സംഘം പറയുന്നത് ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ വേണ്ടത്ര തെളിവില്ലെന്നാണ്. ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേയുള്ള ബലാത്സംഗക്കേസ് കേരളാ പൊലീസ് എഴുതിത്ത്ത്ത്തള്ളും. ബിഷപ്പിനെതിരെ ഒരു നടപടിയും എടുക്കരുതെന്ന് അന്വേഷണ സംഘത്തിന് നിർദ്ദേശം കിട്ടി. മുകളിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ച് മാത്രമേ ഇനി അന്വേഷണ സംഘം മുന്നോട്ട് പോകൂ. ഇതു സംബന്ധിച്ച കർശന നിർദ്ദേശം കോട്ടയം എസ്‌പിക്ക് അടക്കം ലഭിച്ചു കഴിഞ്ഞു. തന്ത്രപരമായി കേസ് ഇല്ലായ്മ ചെയ്യാനാണ് നീക്കം. അതിനിടെ കേസിൽ പൊലീസ് കൂടുതൽ ബിഷപ്പുമാരെ ചോദ്യം ചെയ്യും. വിശ്വാസികളുടെ പ്രതിഷേധം ശക്തമാക്കുന്നതിന് വേണ്ടിയാണ് ഇത്. അത്‌കൊണ്ട് തന്നെ ഇപ്പോൾ പറയുന്ന ഒരു ന്യായീകരണങ്ങളും തൃപ്തികരമല്ല.

അതേ സമയം കന്യാസ്ത്രീ നാല് വർഷം പരാതി നൽകാതിരുന്നത് ഉഭയസമ്മതത്തോടെയുള്ള ബന്ധമാണോ എന്ന സംശയവും തങ്ങൾക്കുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. എന്നാസൽ ഇത് പൊതുസമൂഹം മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നാണ് മനസ്സിലാക്കേണ്ടത്. കൂടുതൽ കന്യാസ്ത്രീകൾ ഈ വിഷയത്തിൽ ബിഷപ്പിനെതിരെ വെളിപ്പെടുത്തലുമായി രംഗത്ത് വരുന്നതും ബലം പ്രയോഗിച്ച് കെട്ടിപ്പിടിക്കുന്നതും ലൈംഗിക ചുവയോടെ സംസാരിക്കുന്നതുമെല്ലാം സഭ വിട്ട് പുറത്തേക്ക് വന്നവർ വെളിപ്പെടുത്തുന്നുണ്ട്. അതികൊണ്ട് തന്നെ ഇപ്പോൾ കന്യാസ്ത്രീയ്ക്ക് എതിരെ ഉന്നയിക്കുന്ന ആരോപണവും തെളിവില്ലെന്ന് പറഞ്ഞ് അറസ്റ്റ് വൈകിപ്പിച്ചതും തൃപ്തികരമല്ലെന്നതാണ് വസ്തുത.

മറുനാടൻ ടിവിയിൽ ലൈവ് ചർച്ച

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെ അറസ്റ്റ് ചെയ്യാൻ സർക്കാർ മടിക്കുന്നത് സമ്മർദ്ദം കാരണമോ എന്ന വിഷയത്തിൽ മറുനാടൻ ടിവിയിൽ നാളെ രാവിലെ 10 മണിക്ക് ചർച്ച നടത്തുകയാണ്. മറുനാടൻ ടിവിയുടെ ഫേസ്‌ബുക്ക് പേജിലും യൂ ടൂബ് ചാനലിലും ചർച്ച തത്സമയം പ്രേക്ഷകർക്ക് കാണാം. അഭിഭാഷകരും , രാഷ്ട്രീയ നേതാക്കളും, ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ചർച്ചയിൽ പ്രേക്ഷകർക്കും പങ്കാളികളാകാം. ഈ വിഷയത്തിലെ നിങ്ങളുടെ അഭിപ്രായവും ചോദ്യവും 2 മിനിറ്റിൽ താഴെയുള്ള വീഡിയോ ആക്കി മറുനാടൻ ടിവിയുടെ വാട്‌സാപ്പ് നമ്പറായ +919946102676 ലേക്ക് അയക്കാവുന്നതാണ്. വീഡിയോ സന്ദേശം അയക്കുമ്പോൾ അതിന്റെ ഓഡിയോ ക്ലിയറാണ് എന്ന് ഉറപ്പ് വരുത്താൻ പ്രേക്ഷകർ ശ്രദ്ധിക്കണം എന്നും അപേക്ഷിക്കുന്നു.