കാശ്മീർ വിഷയമുയർത്തി ഇന്ത്യക്കെതിരെ കുരച്ചുചാടുന്ന പാക്കിസ്ഥാനെ പാഠംപഠിപ്പിക്കാൻ തന്നെ ഉദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ബലൂചിസ്ഥാനെ പരാമർശിച്ച് നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗം ഇന്ത്യക്ക് നേട്ടമോ കോട്ടമോ എന്ന ചർച്ചകൾ നയതന്ത്ര തലത്തിൽ കൊടുമ്പിരിക്കൊണ്ടു നടക്കുകയാണ്. രാജ്യാന്തര തലത്തിൽതന്നെ വിഷയം സജീവ ചർച്ചാവിഷയമായി മാറിക്കഴിഞ്ഞു. പക്ഷേ, ഇതോടൊപ്പം കൗതുകകരമായ മറ്റൊരു ചർച്ചയും നടക്കുന്നു.

പാക്കിസ്ഥാനിൽ നിന്ന് ബലൂചിസ്ഥാനെ മോചിപ്പിക്കാൻ ഇന്ത്യക്ക് കഴിയുമോ എന്ന ചോദ്യമാണ് ഈ ചർച്ചയിൽ ഉയരുന്നത്. മോദി അധികാരത്തിലേറിയ കാലത്തിന് അൽപം മുമ്പുതന്നെ ബലോചിസ്ഥാൻ വിഷയവും അതിൽ ഇന്ത്യയുടെ ഇടപെടലിനുള്ള സാധ്യതകളും മറ്റു വിദേശരാജ്യങ്ങൾ എങ്ങനെ പ്രതികരിക്കുമെന്നും എല്ലാം ചർച്ചകൾ നടന്നിരുന്നു. ഇവയെല്ലാം മോദിയുടെ ഇക്കഴിഞ്ഞ ചെങ്കോട്ട പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ ഒന്നുകൂടി ചൂടുപിടിച്ചിരിക്കുകയാണ്.

കിഴക്കൻ പാക്കിസ്ഥാനെ വേർപെടുത്തി ബംഗ്ഌദേശിനെ സ്വതന്ത്രമാക്കുകയും ശ്രീലങ്കയുടെ ആഭ്യന്തര പ്രശ്‌നത്തിൽ രാജീവ്ഗാന്ധിയുടെ കാലത്ത് ഇന്ത്യ ഇടപെടുകയും ചെയ്തതുപോലെ മോദി ബലോചിസ്ഥാന്റെ മോചനത്തിന് ഏതു രീതിയിലെല്ലാം ഇടപെടുമെന്ന വിശകലനങ്ങളാണ് നടക്കുന്നത്. ഒരു ഇന്ത്യ-പാക് യുദ്ധത്തിനുപോലും ഇനിയിത് വഴിവച്ചേക്കുമോ എന്ന ചിന്തയും പലരും ഉയർത്തുന്നുണ്ട്.

നേരിട്ടൊരു യുദ്ധമുണ്ടായാൽ ഇന്ത്യക്കെതിരെ പാക്കിസ്ഥാന് ചുരുങ്ങിയ സമയമേ പിടിച്ചുനിൽക്കാനാകൂ എന്നുള്ള വാദം ഒരുഭാഗത്ത്. ശത്രുരാജ്യത്തെക്കാൾ സേനാബലമുണ്ടെങ്കിലും ഇന്ത്യയുടെ പക്കലുള്ള ആയുധശേഖരം മോശമാണെന്ന വാദം മറുഭാഗത്ത്. നാലു വർഷം മുമ്പ് സൈന്യത്തിന്റെ പക്കലുള്ള ആയുധങ്ങൾ അറുപഴഞ്ചനാണെന്നും കാലഹരണപ്പെട്ടതാണെന്നും സിഎജി റിപ്പോർട്ട് പുറത്തുവന്നതോടെ രാജ്യത്തിന്റെ പ്രതിരോധ ശേഷിപോലും പ്രതിരോധത്തിലാകുന്ന ചർച്ചകളാണ് നടന്നത്. ഇന്ത്യയും പാക്കിസ്ഥാനും ചൈനയുമെല്ലാം ആണവശക്തികളായി മാറിക്കഴിഞ്ഞ ഇക്കാലത്ത് പരസ്പരം യുദ്ധമുണ്ടായാൽ ആയുധശേഷിക്കോ ആൾബലത്തിനോ അതിൽ ഒരു പങ്കുമുണ്ടാവില്ലെന്ന നഗ്നസത്യം മുന്നിൽ നിൽക്കുമ്പോൾ ഇത്തരം ചർച്ചകൾ പ്രസക്തമാകുന്നില്ല.

എങ്കിലും സേനയുടെ ആയുധശേഷി ദുർബലമാണെന്ന് കരസേനാ മേധാവിയായിരുന്ന ജന. വികെ സിംഗിന്റെ വാദത്തിനു പിന്നാലെ 2012 മാർച്ചിൽ സിഎജിയും ഇതേ നിലപാട് പുറത്തുവിട്ടതോടെ അന്നത്തെ പ്രതിരോധമന്ത്രി എകെ ആന്റണിതന്നെ ഇക്കാര്യം വിശദീകരിച്ച് രംഗത്തെത്തി. വാർത്തകൾ അപവാദ പ്രചരണം മാത്രമാണെന്നും സേനയ്ക്ക് ആയുധങ്ങളുടെ കുറവ് വരാറുണ്ടെങ്കിലും മുൻവർഷങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ സേനയുടെ ആയുധങ്ങളുടെ സ്ഥിതി ശക്തമാണെന്നും അഞ്ചുവർഷത്തിനിടെ ആയുധ സമാഹരണത്തിന് 1,11,000 കോടി രൂപയാണ് ചെലവാക്കിയതെന്നും വ്യോമസേന 317 ആയുധ സംഭരണ കരാറുകൾ ഉണ്ടാക്കിയെന്നും അദ്ദേഹം ഏപ്രിൽ മാസത്തിൽ വ്യക്തമാക്കി. യുദ്ധമുണ്ടായാൽ നാലുദിവസത്തേക്കുള്ള ആയുധങ്ങൾ മാത്രമേ ഇന്ത്യൻ സേനയുടെ പക്കലുള്ളൂ എന്നായിരുന്നു അക്കാലത്തെ മാദ്ധ്യമ റിപ്പോർട്ടുകൾ.

മോദിയുടെ വരവിനുശേഷം ഇന്ത്യയുടെ ആയുധശേഷി കൂടിയോ?

പക്ഷേ, ഒരാളുടെ കരുത്തിനെപ്പറ്റി അയാളുടെ ശത്രുവിനാണ് കൂടുതൽ അറിയുകയെന്ന ചൊല്ല് അന്വർത്ഥമാക്കുംവിധം അടുത്തിടെ പാക്കിസ്ഥാൻ ഒരു പ്രസ്താവന നടത്തി. ഇന്ത്യ സൈനികശേഷി കൂട്ടുന്നതിൽ പാക്കിസ്ഥാന് ഉത്കണ്ഠയുണ്ടെന്നും ഇന്ത്യ സൈനികശേഷി ഉയർത്തുന്നത് കുറച്ചില്ലെങ്കിലും പാക്കിസ്ഥാനും ഇതിന് നിർബന്ധിതകമാകുമെന്നുമായിരുന്നു ഇക്കഴിഞ്ഞ മെയ്മാസത്തിൽ പാക് വിദേശകാര്യ ഉപദേഷ്ടാവിന്റെ പ്രസ്താവന. സൈനികശേഷി കൂട്ടാതിരിക്കുന്നതിന് ഇന്ത്യയെ നിർബന്ധിക്കുന്നതിന് അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായവും അഭ്യർത്ഥിച്ചു. ഇന്ത്യ എക്കാലത്തും പാക്കിസ്ഥാന്റെ സൈനികശേഷിയുടെ പതിന്മടങ്ങ് കരുത്തോടെയാണ് നിൽക്കുന്നതെന്നും മോദി അധികാരത്തിൽ വന്നശേഷം ഇന്ത്യയുടെ ശക്തി കൂടുതൽ കരുത്താർജിക്കുന്നുവെന്നും കണ്ടായിരുന്നു പാക്കിസ്ഥാന്റെ ഈ ഉത്കണ്ഠയും ആശങ്കയുമെന്ന് വ്യക്തം.

ഇതിനുപിന്നാലെയാണ് സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ മോദി പാക്കിസ്ഥാനെ ശരിക്കും വിറപ്പിക്കുന്ന പ്രസംഗം നടത്തിയത്. തെറിക്കുത്തരം മുറിപ്പത്തലെന്ന മട്ടിൽ, അടുത്തിടെ കാശ്മീർ വിഷയത്തിൽ ഇന്ത്യയെ അന്താരാഷ്ട്രതലത്തിൽ കുടുക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയായി മോദി ബലൂചിസ്ഥാൻ വിഷയം എടുത്തിടുകയായിരുന്നു. ഞങ്ങളുടെ ആഭ്യന്തരകാര്യത്തിൽ കൈകടത്തിൽ തിരിച്ചങ്ങോട്ട് ഇരട്ടി കിട്ടുമെന്ന ഈ മുന്നറിയിപ്പ് ഫലംകണ്ടതിനു പിന്നാലെ പാക്കിസ്ഥാനെതിരെ കാശ്മീർ വിഷയത്തിൽ ഇന്ത്യ ഇന്നലെ നിലപാട് കടുപ്പിക്കുകയും ചെയ്തു.

കാശ്മീർ വിഷയത്തിൽ ഇനി പാക്കിസ്ഥാനുമായി ചർച്ചയ്ക്കില്ലെന്നും വേണമെങ്കിൽ അതിർത്തികടന്നുള്ള ഭീകരവാദത്തിന്റെ കാര്യം ചർച്ചചെയ്യാമെന്നുമായിരുന്നു ഇന്നലെ ഇന്ത്യയുടെ നിലപാട്. ഇതോടെ കാശ്മീർ വിഷയം പാക്കിസ്ഥാൻ അന്താരാഷ്ട്രതലത്തിൽ ചർച്ചയാക്കാൻ ഒരുമ്പെട്ടാൽ അതുപോലെ ബലൂചിസ്ഥാൻ വിഷയം ഇന്ത്യതന്നെ അന്താരാഷ്ട്ര തലത്തിൽ ഉയർത്തുമെന്ന വ്യക്തമായ ധ്വനിയാണ് വരുന്നത്. ഇന്ത്യയുടെ ആയുധശേഷി വർദ്ധിച്ചുവെന്ന് മാസങ്ങൾക്കുമുമ്പ് പാക്കിസ്ഥാൻതന്നെ വിലയിരുത്തിയ സാഹചര്യത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി ബലൂചിസ്ഥാനെ അനുകൂലിച്ചുകൊണ്ടും അവരുടെ ദേശീയവാദത്തെ പിന്തുണച്ചുകൊണ്ടും ഒരു പ്രസ്താവന നടത്തുമ്പോൾ പാക്കിസ്ഥാൻ ശരിക്കും ഞെട്ടിപ്പോകുന്നതിൽ അതിശയോക്തിയില്ലെന്ന് ചുരുക്കം.

ഇന്ത്യ എങ്ങനെ ബലൂചിസ്ഥാനെ പാക്കിസ്ഥാനിൽ നിന്ന് മോചിപ്പിക്കും?

ഇത്തരമൊരു ചോദ്യം കഴിഞ്ഞവർഷം മുതൽക്കുതന്നെ പലയിടത്തും ചർച്ചയായിട്ടുണ്ട്. അനുകൂലിച്ചും എതിർത്തും നിരവധി വാദങ്ങളാണ് ഉയരുന്നത്. മോദി അധികാരമേറ്റതിനു പിന്നാലെ അഫ്ഗാനിസ്ഥാനുള്ള സാമ്പത്തിക സഹായം ഇന്ത്യ ഗണ്യമായി വർദ്ധിപ്പിക്കുകയും അവിടെ നിരവധി പദ്ധതികൾ നടപ്പാക്കാൻ മുൻകൈയെടുക്കുകയും ചെയ്തിരുന്നു.

പാക്കിസ്ഥാന്റെ സഹായത്തോടെ താലിബാൻ നടത്തിവന്ന യുദ്ധത്തിൽ നിന്ന് ഏറെക്കുറെ മോചിതമായ അഫ്ഗാന് സഹസ്രകോടികളുടെ സഹായം ചെയ്തുകൊടുത്ത ഇന്ത്യ ഇരുന്നൂറോളം പദ്ധതികൾക്കാണ് അഫ്ഗാനിൽ സഹകരണം നൽകുന്നത്. സൗഹൃദ അണക്കെട്ട് ഉദ്ഘാടനം ചെയ്യാൻ മോദിതന്നെ അടുത്തിടെ അവിടെ പോകുകയും ചെയ്തു. കഴിഞ്ഞ യുപിഎ സർക്കാരിന്റെ കാലം മുതൽ നിരവധി പദ്ധതികൾ ഇന്ത്യ അവിടെ നടപ്പാക്കുന്നുമുണ്ട്.

പക്ഷേ, ഈ വികസന പദ്ധതികൾക്കുപരി അഫ്ഗാൻ സേനയെ പരിപോഷിപ്പിക്കാൻ മോദി സവിശേഷ ശ്രദ്ധ പുലർത്തുന്നതാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഹെലികോപ്റ്ററുകൾ ഉൾപ്പെടെ നൽകിയും സേനാ താവളങ്ങൾ നിർമ്മിച്ചും ഇന്ത്യയുടെ തന്നെ സൈനിക താവളം അഫ്ഗാനിൽ ഒരുക്കിയുമെല്ലാം ഇന്ത്യ ഈ രംഗത്ത് ഏറെ മുന്നോട്ടുപോയിക്കഴിഞ്ഞു. ഇതിൽ പാക്കിസ്ഥാന് ആശങ്കയുണ്ടെന്നും എന്നാൽ ഇന്ത്യ അഫ്ഗാനിസ്ഥാന് നൽകുന്ന എല്ലാ സൈനിക പിന്തുണയ്ക്കും അമേരിക്ക അനുകൂലമാണെന്നും ദിവസങ്ങൾക്കുമുമ്പാണ് യുഎസ് കമാൻഡർ ജനറൽ ജോൺ നിക്കോൾസൺ പ്രതികരിച്ചത്.

ഇന്ത്യയുടെ കൂടുതൽ സഹായം അഫ്ഗാന് വേണ്ടിവരുമെന്നും അഫ്ഗാനിലെ യുഎസ് സേനാ മേധാവി പറയുന്നതോടെ പാക് സഹായത്തോടെ താലിബാൻ അഫ്ഗാനിൽ നടത്തുന്ന ഭീകരാക്രമണങ്ങളെ ചെറുക്കാൻ ഇന്ത്യ എല്ലാ സഹായവുമായി മുൻനിരയിലുണ്ടെന്ന് വ്യക്തം. അഫ്ഗാനിലേക്ക് ആക്രമണത്തിനായി താലിബാനും ഭീകരസംഘടനകൾക്കും പാക്കിസ്ഥാൻ താവളമൊരുക്കുന്നതാകട്ടെ ബലോചിസ്ഥാനിലാണ് എന്നറിയുമ്പോൾ മോദിയുടെ പ്രസംഗത്തിൽ ഈ പാക്കിസ്ഥാൻ പ്രവിശ്യയുടെ മോചനം പരാമർശിക്കപ്പെട്ടത് വെറുതെയല്ലെന്ന് വ്യക്തമാകും.

ഇത്തരത്തിൽ ഇന്ത്യ ബലൂചിസ്ഥാൻ മേഖലയോട് ചേർന്നുവരുന്ന ദക്ഷിണ അഫ്ഗാനിൽ സേനാസാന്നിധ്യം കൂട്ടുകയാണെന്നാണ് റിപ്പോർട്ടുകൾ. എയർപോർട്ടുകളും ഹെലിപാടുകളും ഇന്ത്യൻ ടാങ്കുകളും താജികിസ്ഥാനിലെ ഇന്ത്യയുടെ ഫർഖോർ എയർബേസിനുവേണ്ടി സജ്ജമാകുന്നതും ഇവിടെയാണ്. ദക്ഷിണ അഫ്ഗാനിൽ ഇത്തരത്തിൽ സേനാവിന്യാസം വിപുലപ്പെടുത്തുന്നതിനൊപ്പം ഇന്ത്യയിൽ രാജസ്ഥാൻ അതിർത്തിയുമായി ചേർന്നും സൈനികശക്തി വർദ്ധിപ്പിച്ചിട്ടുണ്ട്.

ഇത്തരത്തിൽ ബലോചിസ്ഥാന്റെ ഇരുവശത്തും ഇന്ത്യൻ സേന നിലയുറപ്പിച്ചിരിക്കുന്ന സ്ഥിതിയാണിപ്പോൾ. ഒരു ആക്രമണമുണ്ടായാൽ, അല്ലെങ്കിൽ ബലൂചിസ്ഥാനിൽ ഒരു സൈനിക ഇടപെടൽ വേണ്ടിവന്നാൽ ഇരുവശത്തുനിന്നും വ്യോമ, കര മാർഗങ്ങളിലൂടെ ഇന്ത്യൻ സേനയ്ക്ക് ഇരച്ചുകയറാൻ കളമൊരുങ്ങുന്നുണ്ടെന്ന സാധ്യതയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇതോടൊപ്പം ഇന്ത്യൻ നാവിക സേനയ്ക്ക് കടൽമാർഗവും ബലോചിലെ വിവിധ തുറമുഖങ്ങളിലേക്ക് എത്താനാകും. മക്രാൻ തീരത്തേക്കോ ഗ്വചാർ തുറമുഖത്തേക്കോ ഇത്തരത്തിലൊരു നാവികസേനാ വിന്യാസം ഇന്ത്യയെ സംബന്ധിച്ച് എളുപ്പം സാധ്യമാകും.

ബലോചിസ്ഥാനിലെ ജനങ്ങളുടെ പൂർണപിന്തുണ ലഭിക്കുമെന്നത് ഇന്ത്യക്ക് നേട്ടമാകുമെന്നും ചർച്ചകളിൽ ബലോചിന്റെ മോചനത്തിനായി വാദിക്കുന്നവർ വ്യക്തമാക്കുന്നു. ഇത്തരത്തിലാണ് ഒരു തുറന്നയുദ്ധത്തിലൂടെ ബലോച് മോചനത്തെപ്പറ്റിയുള്ള ചർച്ചകൾ നടക്കുന്നത്. അതേസമയം, ഇതിന് ഒരു സാധ്യതയും ഇല്ലെന്നും പാക്കിസ്ഥാനുമായി തുറന്ന യുദ്ധത്തിന് ഇന്ത്യ തയ്യാറാവില്ലെന്നുമാണ് എതിർപക്ഷത്തിന്റെ വാദം.

ബംഗ്ലാദേശിനെ മോചിപ്പിച്ച കാലമല്ല ഇതെന്നും ഓർമ്മപ്പെടുത്തൽ

പാക്കിസ്ഥാന്റെ പിറവിക്കൊപ്പം തന്നെ പഴക്കമുണ്ട് ബലോചിസ്ഥാനിലെ ദേശീയവാദത്തിനും. എന്നാൽ അതേപോലെതന്നെ ഉയർന്ന ദേശീയ വാദമാണ് കിഴക്കൻ പാക്കിസ്ഥാനെ ബംഗഌദേശാക്കി മാറ്റിയത്. എന്നാൽ രണ്ടിലും കാല, ദേശ, സാഹചര്യങ്ങളിൽ വൻ വ്യത്യാസമുണ്ടെന്ന് ബലോചിസ്ഥാൻ മോചനത്തിന് ഇന്ത്യ യുദ്ധത്തിന് തയ്യാറാകില്ലെന്ന് വാദിക്കുന്നവർ പറയുന്നു. 1971ൽ ബംഗ്ലാദേശിനെ സ്വതന്ത്രമാക്കുമ്പോൾ ഉള്ള സ്ഥിതിയല്ല ഇപ്പോൾ. ബംഗഌദേശ് ഇപ്പോഴത്തെ പാക്കിസ്ഥാനിൽ നിന്ന് മാറി മറ്റൊരിടത്ത് അവരുടെ രാജ്യത്തിന്റെ ഭാഗമായി കിടന്ന പ്രദേശമായിരുന്നു. അതിനാൽ അതിന്റെ മോചനം എളുപ്പം സാധ്യമായി.

ആണവശേഷിയുടെ കാര്യം വിഷയമല്ലാതിരുന്ന കാലത്ത് പാക്കിസ്ഥാൻ ഇന്ത്യയോട് യുദ്ധത്തിനിറങ്ങാൻ തയ്യാറുമായിരുന്നില്ല. ഇപ്പോഴത്തെ സ്ഥിതി അതല്ല. അതിനാൽത്തന്നെ ബലോചിസ്ഥാനെ മോചിപ്പിക്കാൻ ഇന്ത്യ ശ്രമിക്കാൻ വിദൂര സാധ്യതയേയുള്ളൂ. മാത്രമല്ല, പാക്കിസ്ഥാനുമായി മാത്രമല്ല, ഇറാന്റെ ഒരു ഭാഗവുമായി ചേർന്നും സ്വതന്ത്രരാഷ്ട്ര സ്വപ്‌നം നെയ്യുന്ന ബലോചുകൾക്ക് ഇന്ത്യ സഹായവുമായി എത്തിയാൽ ഇപ്പോൾ ഇന്ത്യയുടെ സുഹൃത്തായ ഇറാനെയും പിണക്കേണ്ട സാഹചര്യമുണ്ടാകും. അതിന് ഇന്ത്യ തയ്യാറാവില്ല. മാത്രമല്ല,

പാക്കിസ്ഥാന് കാശ്മീരിന്റെ കാര്യത്തിലും വടക്കുകിഴക്കൻ മേഖലയിൽ ചൈനയ്ക്കും അവകാശവാദമുന്നയിക്കുന്നതിനും കടന്നുകയറ്റത്തിനും സാഹചര്യമൊരുക്കലാകും ഇതെന്നുമുള്ള വാദവും ഉയരുന്നു. അതിനാൽതന്നെ ബലോചിസ്ഥാന്റെ മോചനത്തിന് ഇന്ത്യ നേരിട്ടിറങ്ങാൻ വിദൂര സാധ്യതകളേ ഉള്ളൂവെന്ന വാദമാണ് പ്രബലമായി നിൽക്കുന്നതും. മോദിയുടെ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ ബലോചുകൾ ആഹഌദത്തിലാണെങ്കിലും അവർക്കുള്ള പരോക്ഷ പിന്തുണയുമായി ഇന്ത്യ നീങ്ങാൻ മാത്രമുള്ള സാധ്യതകളാണ് ഇ്‌പ്പോൾ കൽപിക്കപ്പെടുന്നത്.