- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുക്കും ചിട്ടയോടും കെജ്രിവാൾ; മുതിർന്ന നേതാക്കളെ ഇറക്കി കോൺഗ്രസ്; ഡൽഹി തിരഞ്ഞെടുപ്പിൽ മോദി കാറ്റിനു ദിശ തെറ്റുമോ?
ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുവട്ടം കൂടി ഒരുങ്ങുമ്പോൾ, നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിൽ മുന്നേറുകയാണ് കോൺഗ്രസ്. അടുക്കും ചിട്ടയോടും കൂടിയുള്ള പ്രവർത്തനങ്ങളിലൂടെ അരവിന്ദ് കെജരീവാളിന്റെ ആം ആദ്മിയും രംഗത്തിറങ്ങിയതോടെ, മോദിക്കാറ്റിൽ കുതിച്ചുയർന്ന ബിജെപിക്ക് ഡൽഹിയിൽ ദിശതെറ്റുമെന്നാണ് ഇരുകൂട്
ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുവട്ടം കൂടി ഒരുങ്ങുമ്പോൾ, നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിൽ മുന്നേറുകയാണ് കോൺഗ്രസ്. അടുക്കും ചിട്ടയോടും കൂടിയുള്ള പ്രവർത്തനങ്ങളിലൂടെ അരവിന്ദ് കെജരീവാളിന്റെ ആം ആദ്മിയും രംഗത്തിറങ്ങിയതോടെ, മോദിക്കാറ്റിൽ കുതിച്ചുയർന്ന ബിജെപിക്ക് ഡൽഹിയിൽ ദിശതെറ്റുമെന്നാണ് ഇരുകൂട്ടരുടെയും പ്രതീക്ഷ.
മുതിർന്ന നേതാക്കളെ രംഗത്തിറക്കിയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രചാരണത്തിൽ മാത്രമല്ല, സ്ഥാനാർത്ഥി പട്ടികയിലും ഇക്കുറി പഴയ വമ്പന്മാരെ പലരെയും കാണാൻ കഴിഞ്ഞേക്കും. ഡൽഹിയിൽനിന്നുള്ള മുൻ എംപിമാരായ മഹാബൽ മിശ്ര, ജെ.പി. അഗർവാൾ, കൃഷ്ണ തീരത്ത്, അജയ് മാക്കൻ, സന്ദീപ് ദീക്ഷിത് എന്നിവരൊക്കെ പട്ടികയിൽ ഇടം പിടിക്കാനിടയുണ്ട്.
ഡൽഹി തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ചുക്കാൻ പിടിക്കുന്ന പി.സി.ചാക്കോ ഇക്കാര്യത്തിൽ വ്യക്തമായ സൂചനകളൊന്നും നൽകിയിട്ടില്ല. പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് ആരൊക്കെ മത്സരിക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുകയെന്ന് ചാക്കോ പറഞ്ഞു. പഞ്ചാബിൽ പാർട്ടിയുടെ പ്രതാപം തിരിച്ചുപിടിക്കാൻ 2014-ല ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പഴയ നേതാക്കളെ കളത്തിലിറക്കിയിരുന്നു. അതേ മാതൃക ഡൽഹിയിലും സ്വീകരിക്കുമെന്നാണ് ഇപ്പോഴത്തെ സൂചന.
എന്നാൽ, ഡൽഹിയിൽ ഇപ്പോഴും പ്രചാരണ രംഗത്ത് കോൺഗ്രസ് ഏറെ പിന്നിലാണ്. ബിജെപിയും ആം ആദ്മി പാർട്ടിയും നേരത്തെതന്നെ പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത നേട്ടമുണ്ടാക്കിയ ആം ആദ്മി പാർട്ടി ഇക്കുറിയും സമാനമായ നേട്ടം കൈവരിക്കാനാകുമെന്ന പ്രതീക്ഷയിൽത്തന്നെയാണ്. അധികാരം വിട്ടൊഴിഞ്ഞത് ക്ഷീണം ചെയ്തിട്ടുണ്ടെങ്കിലും ഒരിക്കൽക്കൂടി ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് അരവിന്ദ് കെജരീവാളും സംഘവും.
42 സീറ്റുണ്ടായിരുന്ന കോൺഗ്രസ്സിന് 2013-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചത് വെറും എട്ടുസീറ്റുകൾ മാത്രമാണ്. എന്നാൽ, ഇത്തവണ സുപ്രധാനമായ നേട്ടം പാർട്ടിക്കുണ്ടാവുമെന്നുതന്നെ ചാക്കോ പറയുന്നു. പാർട്ടി ടിക്കറ്റിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ 24 പേരുടെ പേരുകൾ പുറത്തുവിട്ടുകൊണ്ട് കോൺഗ്രസ് മുന്നോട്ടുവന്നിട്ടുണ്ട്. തിങ്കളാഴ്ച ചേരുന്ന തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ശേഷിച്ച പേരുകളും പ്രഖ്യാപിക്കും. ശക്തമായ നിരയെയാകും കോൺഗ്രസ് രംഗത്തിറക്കുകയെന്ന് ചാക്കോ പറയുന്നു.