- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്‌കാർ അക്കാദമി കടുത്ത തീരുമാനത്തിലേക്ക്; ഇനി വിൽ സ്മിത്ത് ഓസ്‌കാർ പുരസ്ക്കാരത്തിനില്ല; അക്കാഡമിയെ ഞെട്ടിച്ച ആ തല്ലിന് താരം വലിയ വില നൽകേണ്ടി വരും; പരസ്യമായി മാപ്പു പറഞ്ഞെങ്കിലും കടുത്ത നടപടികൾ ഒഴിവായേക്കില്ല
ലോസ് ആഞ്ചൽസ്: ലോകത്തെ ഞെട്ടിച്ച ആ അടിക്ക് വിൽ സ്മിത്ത് വലിയ വില നൽകേണ്ടി വരും. ഓസ്‌കർ വേദിയെ ഞെട്ടിച്ചുകൊണ്ട് അവതാരകനെ ആക്രമിച്ച വിൽ സ്മിത്തിനെ കാത്തിരിക്കുന്നത് കടുത്ത വിലക്കുകളെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഭാര്യ ജേഡ് സ്മിത്തിന്റെ തലമുടിയെ കളിയാക്കിയതിനാണ് വിൽ സ്മിത്ത് അവതാരകനായ ക്രിസ് റോക്കിനെ തല്ലിയത്. ആദ്യം എല്ലാവരും ഇതൊരു പ്രാങ്ക് ആണെന്ന് കരുതിയെങ്കിലും വേദിയിൽ നിന്ന് കസേരയിൽ വന്നിരുന്ന ശേഷവും വിൽ സ്മിത്ത് അവതാരകനോട് ചൂടായതോടെയാണ് സംഭവം ഗുരുതരമാണെന്ന് എല്ലാവർക്കും വ്യക്തമായത്.
സംഭവത്തിൽ കടുത്ത അതൃപ്തിയാണ് അക്കാഡമി രേഖപ്പെടുത്തിയത്. സംഭവം നടന്നതിന് തൊട്ടുപിന്നാലെ തന്നെ വിൽ സ്മിത്തിനോട് പുറത്ത് പോകാൻ പറഞ്ഞുവെങ്കിലും അദ്ദേഹം കൂട്ടാക്കിയില്ലെന്ന് അധികൃതർ അറിയിച്ചു. തല്ലിന് ശേഷം സ്മിത്ത് ക്ഷമാപണം നടത്തിയെങ്കിലും ഓസ്‌കർ ചരിത്രത്തിലെ തന്നെ കറുത്ത അദ്ധ്യായമായി മാറിയ സംഭവത്തെ നിസാരമായി കാണാൻ അധികൃതർ ഒരുക്കമല്ല. വിൽ സ്മിത്തിന് നേരെ അച്ചടക്ക നടപടികളുണ്ടാവാൻ സാധ്യത ഏറെയാണ്.
ഏപ്രിൽ 18 ന് നടക്കുന്ന അക്കാഡമി ബോർഡ് മീറ്റിങ്ങിലാവും താരത്തിനെതിരെയുള്ള നടപടികൾ കൈകൊള്ളുക. ഓസ്‌കറിൽ നിന്നുള്ള ആജീവനാന്ത വിലക്ക് താരത്തിന് നേരെ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ചിലപ്പോൾ കുറച്ച് നാളത്തെ സസ്പെൻഷനിൽ കാര്യങ്ങൾ ഒതുങ്ങിയേക്കും. കടുത്ത നടപടികൾ വിൽസ്മിത്തിന് നേരെയുണ്ടാവുകയാണെങ്കിൽ ആരാധകർക്ക് കടുത്ത നഷ്ടമാകും ഉണ്ടാവുക.
അതിനിടെ കരണത്തടി വിഷയത്തിൽ മൗനം വെടിഞ്ഞിരിക്കുകയാണ് ജേഡ പിങ്കറ്റ് സ്മിത്തും. ഇൻസ്റ്റയിലൂടെയാണ് ജേഡ പ്രതികരിച്ചിരിക്കുന്നത്. മുറിവുണക്കലുകളുടെ കാലമാണിത്. ഞാൻ ഇവിടെ വന്നത് അതിനുവേണ്ടിയാണ് - ജേഡ കുറിച്ചു. ഒപ്പം കൈകൂപ്പിക്കൊണ്ടുള്ള ഇമോജികളും ഹൃദയത്തിന്റെ ഇമോജികളും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ക്രിസിനെ വിൽസ്മിത്ത് അടിച്ചതിനെ പറ്റി യാതൊരു പരാമർശവും ജേഡ നടത്തിയില്ല. സംഭവം ജേഡയെ വേദനിപ്പിച്ചു എന്നു തന്നെയാണ് പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്.
ജേഡയുടെ രോഗാവസ്ഥയുമായി ബന്ധപ്പെട്ട് ഓസ്‌കാർ വേദിയിൽ വച്ച് അവതാരകനായ ക്രിസ് റോക്ക് പറഞ്ഞ തമാശയാണ് അടിയിൽ കലാശിച്ചത്. ആദ്യം വിൽ സ്മിത്തും തമാശ കേട്ട് ചിരിച്ചെങ്കിലും ജേഡയ്ക്ക് വിഷമമായെന്ന് മനസ്സിലായതോടെ സ്മിത്ത് വേദിയിൽ കയറി റോക്കിന്റെ കരണത്തടിച്ചു. ഭാര്യയുടെ പേര് നിന്റെ വൃത്തികെട്ട വായിലൂടെ പറയരുതെന്നും മുന്നറിയിപ്പ് നൽകി.വിഷയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം വിൽ സ്മിത്ത് മാപ്പ് പറഞ്ഞിരുന്നു.
മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം സമ്മാനിക്കാനാണ് ക്രിസ് റോക്ക് വേദിയിലെത്തിയത്. വേദിയിൽ വെച്ച് ക്രിസ് റോക്ക് ജേഡ് പിങ്കറ്റ് സ്മിത്തിന്റെ രൂപത്തെക്കുറിച്ച് പരാമർശം നടത്തി. അലോപേഷ്യ എന്ന രോഗം കാരണം തല മൊട്ടയടിച്ചാണ് ജാദ എത്തിയത്. അവരുടെ മൊട്ടയടിച്ച തലയെ കുറിച്ചായിരുന്നു ക്രിസ് റോക്കിന്റെ പരാമർശം. ജി.ഐ ജെയ്ൻ എന്ന ചിത്രത്തിലെ ഡെമി മൂറിന്റെ രൂപവുമായി ജാദയെ ക്രിസ് റോക്ക് താരതമ്യപ്പെടുത്തി. ഉടൻ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ വിൽ സ്മിത്ത് വേദിയിലെത്തി ക്രിസ് റോക്കിന്റെ മുഖത്തടിക്കുകയായിരുന്നു. 'എന്റെ ഭാര്യയെ കുറിച്ചു നിന്റെ വൃത്തികെട്ട വായ കൊണ്ടു പറയരുതെ'ന്ന് ഉറക്കെപ്പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ