ന്യൂഡൽഹി: യെമനിൽ ഐസിസ് തടവിൽ കഴിയുന്ന വൈദികൻ ഫാ. ടോം ഉഴന്നാലിന്റെ മോചനത്തിനായി ഇടപെടുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ഉറപ്പ്. കഴിഞ്ഞ മാർച്ചിലാണ് യെമനിൽ നിന്നും വൈദികനെ തട്ടിക്കൊണ്ടു പോയത്. ഫാ.ടോം ഉഴുന്നാലിന്റെ പുതിയ വിഡിയോ കണ്ടു. ടോം ഒരു ഇന്ത്യൻ പൗരനാണെന്നും ഒരോ ഇന്ത്യക്കാരന്റെയും ജീവൻ ഞങ്ങൾക്ക് വിലപ്പെട്ടതാണെന്നും സുഷമ പറഞ്ഞു. ഫാ.ടോമിനെ സുരക്ഷിതനായി മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. എല്ലാ വഴികളും ഇതിനായി തേടും, ഒരു സാധ്യതയും അവഗണിക്കില്ലെന്നും വിദേശകാര്യ മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

ഫാ.ടോമിന്റെ പുതിയ വിഡിയോ സമൂഹമാദ്ധ്യമങ്ങൾ വഴി പുറത്തുവന്നതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. നേരത്തെ സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായും യെമനിലെ പ്രാദേശിക ഭരണകൂടവുമായും കേന്ദ്ര സർക്കാർ സദാ സമ്പർക്കത്തിലാണ്. യെമനിലെ ഇപ്പോഴത്തെ സാഹചര്യംകൂടി പരിഗണിക്കേണ്ടതുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കിയിരുന്നു.

ഇന്നലെയാണ് ഫാ. ടോമിന്റെ വീഡിയോ പുറത്തുവന്നത്. കഴിഞ്ഞ മാർച്ചിൽ തന്നെ യെമനിലെ ഏഡനിൽ നിന്നു തട്ടിക്കൊണ്ടുപോയവർ പലതവണ കേന്ദ്രസർക്കാരുമായി ബന്ധപ്പെടാൻ ശ്രമിച്ചു. പക്ഷേ, കാര്യമായ ഒരു നടപടിയും ഉണ്ടായില്ല. താൻ വളരെ ദുഃഖിതനാണ്. മാർപാപ്പയും ഇന്ത്യയിലെ എല്ലാ വിശ്വാസികളും ബിഷപ്പുമാരും തന്റെ മോചനത്തിനു സാധ്യമായതെല്ലാം ചെയ്യണമെന്നു ഫാ.ടോം വിഡിയോയിൽ അപേക്ഷിക്കുന്നു.

ഇന്ത്യക്കാരനായതു കൊണ്ടാണ് തന്റെ വിഷയത്തിൽ കാര്യമായ ഇടപെടലുകൾ നടക്കാത്തതെന്ന് അദ്ദേഹം പറയുന്നു. ആരോഗ്യം ക്ഷയിച്ചു വരികയാണ്. വൈദ്യസഹായം കൂടിയേ തീരൂ. മാനുഷിക പരിഗണന നൽകി തന്നെ രക്ഷിക്കണമെന്നും മോചിപ്പിക്കണമെന്നും അപേക്ഷിച്ചാണു വിഡിയോ അവസാനിക്കുന്നത്. യെമനിൽ സർക്കാരില്ലാത്തതാണ് മോചിപ്പിക്കൽ ശ്രമങ്ങൾക്ക് തിരിച്ചടിയാകുന്നത്. സൗദി അറേബ്യയുടെ സഹായത്തോടെ മോചിപ്പിക്കാനുള്ള നീക്കമാണ് വിദേശമന്ത്രാലയം നടത്തിക്കൊണ്ടിരിക്കുന്നത്.

ഇന്ത്യക്കാരനായതുകൊണ്ടാണ് താൻ മോചിപ്പിക്കപ്പെടാത്തതെന്ന് ഒരുവർഷമായി ഇസ്ലാമിക ഭീകരരുടെ തടവറയിൽ കഴിയുന്ന ഫാ.ഉഴുന്നാലിൽ കഴിഞ്ഞ ദിവസം വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞിരുന്നു. യൂറോപ്പുകാരനായിരുന്നെങ്കിൽ പണ്ടേയ്ക്കുപണ്ടേ മോചിപ്പിക്കപ്പെടുമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, സൗദി അറേബ്യയുടെയും യെമനിലെ പ്രാദേശിക ഭരണകൂടങ്ങളുടെയും സഹായത്തോടെ വൈദികനെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നാണ് വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കുന്നത്.

യെമന്റെ തലസ്ഥാനമായ ഏദനിലെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ ആശ്രമത്തിൽ ഭീകരർ കഴിഞ്ഞ മാർച്ച് നാലിന് നടത്തിയ ആക്രമണത്തിലാണ് ഫാ.ഉഴുന്നാലിൽ ബന്ധിയാക്കപ്പെട്ടത്. കന്യാസ്ത്രീകൾ ഉൾപ്പെടെ 16 പേർ ആക്രമണതത്തിൽ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ലെങ്കിലും അൽ ഖ്വെയ്ദയോ ഐസിസോ ആണ് ഇതിന് പിന്നിലെന്നാണ് കരുതുന്നത്. ദുഃഖവെള്ളിയാഴ്ച ദിവസം വൈദികനെ കുരിശിലേറ്റുമെന്നതടക്കം ഇതിനകം പലതരത്തിലുള്ള അഭ്യൂഹങ്ങളും ഉയർന്നിരുന്നു.

ഇറാന്റെ പിന്തുണയുള്ള ഹൂതികളും സൗദിയുടെ പിന്തുണയുള്ള പ്രസിഡന്റ് അബ്രദു മൻസൂർ ഹാദിയുടെ സൈന്യവും തമ്മിലുള്ള പോരാട്ടമാണ് യെമനെ കലാപഭൂമിയാക്കിയത്. ഇതിനകം ഏഴായിരത്തോളം പേരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. പൂർണതോതിൽ പ്രവർത്തിക്കുന്ന സർക്കാരില്ലാത്തതും വൈദികന്റെ മോചനം അസാധ്യമാക്കുന്നു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ ബിഷപ്പുമാരുടേതടക്കമുള്ള ഒട്ടേറെ സംഘങ്ങൾ ഇതിനകം സന്ദർശിക്കുകയും വൈദികന്റെ മോചനത്തിനായി ശ്രമിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.