തിരുവനന്തപുരം: ഐക്യരാഷ്ട്ര സഭയുടെ അവാർഡ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ലഭിച്ചതിലെ ആശയക്കുഴപ്പം ഇനിയും തീർന്നിട്ടില്ല. മന്ത്രിയുടെ പ്രതിച്ഛായ ഉയർത്താൻ സജീവമായി ഉപയോഗിച്ച പ്രചരണ മുദ്രാവാക്യമായിരുന്നു യുഎൻ അവാർഡ്.

ഇതു പല പല ടെക്‌നിക്കുകളും യുഡിഎഫ് പുറത്തെടുത്തിരുന്നു. അതിലൊന്നായിരുന്നു ടെന്നീസ് ഇതിഹാസം സ്റ്റെഫി ഗ്രാഫും. സ്റ്റെഫി ഗ്രാഫിനെ സെലിബ്രിറ്റി അംബാസിഡറാക്കി യൂറോപ്യൻ രാജ്യങ്ങളിലടക്കം പരസ്യം നൽകി കേരളത്തിലേക്ക് ആയൂർവേദ ചികിൽസയ്ക്ക് വിദേശികളെ ആകർഷിക്കാനായിരുന്നു യുഡിഎഫ് സർക്കാറിന്റെ പദ്ധതി. ഈ പദ്ധതിയിലെ കളിയാണ് ഇപ്പോൾ പുറത്തുവന്നത്.

ആയൂർവേദത്തിന്റെ പ്രചാരണത്തിനായി ടെന്നീസ് താരം സ്റ്റെഫി ഗ്രാഫിനെ കൊണ്ടു വരുമമെന്നായിരുന്നു പ്രഖ്യാപനം. കേരളാ ആയുർവേദത്തിന്റെ ബ്രാൻഡ് അംബാസിഡർ. അന്തർദേശീയ മാദ്ധ്യമങ്ങളിൽ പോലും ഏറെ ചർച്ചയാവുകയും ചെയ്തു. എന്നാൽ സ്‌റ്റെഫി ഗ്രാഫിന് ഇതിനെ പറ്റി യാതൊരു വിവരവും ഇല്ലായിരുന്നുവെന്നാണ് പുറത്തുവരുന്ന സൂചന.

സ്റ്റെഫിഗ്രാഫിനെ അമ്പാസിഡറായി യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ചത് കരാറോ സമ്മതപത്രമോ ഇല്ലാതെയെന്ന് വിവരാവകാശ രേഖ പുറത്തു വന്നിരിക്കുന്നു. 3.96 കോടി രൂപയാണ് പ്രതിഫലമായി സ്റ്റെഫി ഗ്രാഫിന് നൽകാൻ ഉമ്മൻ ചാണ്ടിസർക്കാർ നിശ്ചയിച്ചത്. ഇത് ബജറ്റിൽ വകയിരുത്തുകയും ചെയ്തു. എന്നാൽ ഒന്നും അവർ അറിഞ്ഞില്ല.

2015 ജൂണിലാണ് കേരള ആയൂർവേദത്തിന്റെ പ്രചാരണത്തിനായി പ്രശസ്ത ടെന്നീസ് താരം സ്റ്റെഫി ഗ്രാഫിനെ തെരഞ്ഞെടുത്തതായി ഉമ്മൻ ചാണ്ടി സർക്കാർ അറിയിച്ചത്. 3,96,80,000 രൂപയുടെ കരാറിൽ ഏർപ്പെടാനായിരുന്നു മന്ത്രിസഭായോഗത്തിന്റെ അനുമതി. യോഗയും ആയൂർവേദവും ഇഷ്ടപ്പെടുന്നയാളായതിനാലാണ് സ്റ്റെഫി ഇത്ര കുറഞ്ഞ തുകയ്ക്ക് സമ്മതിച്ചതെന്നാണ് ടൂറിസം ഡയറക്ടർ ഫയലിൽ കുറിച്ചിരിക്കുന്നത്. എന്നാൽ സ്റ്റെഫി ഗ്രാഫുമായി സംസ്ഥാന സർക്കാരോ ടൂറിസം വകുപ്പോ ഇതു സംബന്ധിച്ച് ഒരു കരാറിലും ഏർപ്പെട്ടിട്ടില്ലെന്നാണ് വിവരാവകാശ രേഖ തെളിയിക്കുന്നത്. ചർച്ച നടന്നതിനും തെളിവൊന്നുമ ില്ല.

ഹ്യൂമൻ റൈറ്റ്‌സ് ഡിഫൻസ് ഫോറം നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. സ്റ്റെഫി ഗ്രാഫുമായി ഏർപ്പെട്ട സെലിബ്രിറ്റി കരാർ, സമ്മതപത്രം എന്നിവയുടെ പകർപ്പ് ആവശ്യപ്പെട്ടെങ്കിലും ഇതിന് സർക്കാർ മറുപടി നൽകിയില്ല. കേരള സർക്കാറിന്റെ തീരുമാനം സ്റ്റെഫി ഗ്രാഫ് അറിഞ്ഞിട്ടുണ്ടോയെന്ന് തന്നെ സംശയമാണെന്ന് വിവരാവകാശ പ്രവർത്തകൻ ഡി.ബി ബിനുവിന്റെ സംശയം.

എഴുത്തുകുത്തുകൾ നടന്നുവെന്നല്ലാതെ ഒരു രൂപ പോലും പദ്ധതിക്കായി ചിലവഴിച്ചിട്ടില്ലാത്തതിനാൽ ഖജനാവിന് ഇതിൽ നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് തെളിയുന്നത്.