ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ (ഇവി എം) കൃത്രിമം നടക്കുന്നുവെന്ന ആരോപണം തെളിയിക്കാൻ ഡൽഹി നിയമസഭയിൽ ആം ആദ്മി പാർട്ടി നടത്തിയ നീക്കത്തെ വെല്ലുവിളിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ.

ഡൽഹി നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ വോട്ടിങ് യന്ത്രവുമായെത്തിയ സൗരഭ് ഭരദ്വാജ് എംഎൽഎ തിരിമറി നടത്തുന്നതെങ്ങനെയെന്നു പ്രദർശിപ്പിച്ചതിലൂടെ ഒന്നും സംഭവിച്ചിട്ടില്ലെന്ന് കമ്മിഷൻ പറഞ്ഞു. കമ്മിഷന്റെ കൈവശമുള്ള വോട്ടിങ് യന്ത്രം ഹാക്ക് ചെയ്യാൻ അവർ എഎപിയെ വെല്ലുവിളിച്ചു. സുരക്ഷാ പരിധിക്കു പുറത്തുള്ള ഒരു വോട്ടിങ് യന്ത്രവും തങ്ങളുടേതല്ലെന്നും കമ്മിഷൻ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് കമ്മിഷന്റേതല്ലാത്ത ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ പ്രോഗ്രാമുകൾ എങ്ങനെ വേണമെങ്കിലും ക്രമീകരിക്കാം. മുൻനിശ്ചയിച്ച പ്രകാരം അതിൽ കൃത്രിമം കാണിക്കുകയും ചെയ്യാം എന്നത് സാമാന്യബുദ്ധിക്ക് ചിന്തിച്ചാൽ മനസിലാക്കാവുന്നതേയുള്ളൂ. എന്നാൽ, തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ ഇത്തരത്തിൽ കൃത്രിമം കാണിക്കാൻ സാധിക്കില്ല. എല്ലാ രീതിയിലും സുരക്ഷിതമാണ്. കൂടാതെ, വലിയൊരു വിഭാഗത്തിന്റെ കീഴിൽ കൃത്യമായ സുരക്ഷാ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഇവ പ്രവർത്തിക്കുന്നതെന്നും കമ്മിഷൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

വ്യാജ വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിച്ച് ബുദ്ധിമാന്മാരായ ഇന്ത്യയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനോ സ്വാധീനിക്കാനോ സാധിക്കില്ല. തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകുന്ന ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് കൃത്രിമം തെളിയിക്കട്ടെ. യന്ത്രങ്ങളുമായി ബന്ധപ്പെട്ടു 16 പ്രതിപക്ഷ കക്ഷികൾ ഉയർത്തിയ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ കമ്മിഷൻ 12നു സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്.

ഈയിടെ നടന്ന അഞ്ചു നിയമസഭാ തിരഞ്ഞെടുപ്പിലും ഡൽഹി കോർപറേഷൻ തിരഞ്ഞെടുപ്പിലും വോട്ടിങ് യന്ത്രത്തിൽ തിരിമറി നടത്തിയാണു ബിജെപി വിജയിച്ചതെന്നായിരുന്നു എഎപിയുടെ ആരോപണം. ഇതേത്തുടർന്ന് ഇവർ വോട്ടിങ് യന്ത്രത്തിനെതിരെ പ്രചാരണം സംഘടിപ്പിക്കുകയും ചെയ്തു.