മുംബൈ: കേരളത്തെ പിടിച്ചു കുലുക്കുന്നത് ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ടുള്ള സുപ്രീംകോടതി വിധിയാണ്. ഈ വിധി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിൽ അങ്ങോളമിങ്ങോളം പ്രതിഷേധങ്ങൾ അരങ്ങേറി. മണ്ഡലകാലം തുടങ്ങാനിരിക്കുമ്പോൾ സംസ്ഥാന സർക്കാറും കടുത്ത പ്രതിരോധത്തിലാണ്. അയ്യപ്പന്റെ പേരിലാണ് ഇവിടെ സംഘർഷവും സമരവും അരങ്ങേറിയതെങ്കിൽ അയ്യപ്പ ഐതിഹ്യവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു കടുവയുടെ പേരിൽ വിവാദത്തിൽ ചാടിയിരിക്കുന്നത് മഹാരാഷ്ട്ര സർക്കാറാണ്. സുപ്രീംകോടതി വിധി നടപ്പിലാക്കിയത് തന്നെയാണ് ഇവിടെ വിവാദം കത്താനും ഇടയാക്കിയത്. ഒരാഴ്‌ച്ചയായി ദേശീയ മാധ്യമങ്ങളിൽ അടക്കം ഈ വിഷയം സജീവ ചർച്ചയായിരിക്കയാണ് 'അവ്‌നി' എന്നു പേരുള്ള പെൺകടുവ. ഈ കടുവയെ നരഭോജിയാണെന്ന് ആരോപിച്ച് സുപ്രീകോടതി വിധി പ്രകാരം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

അവൾ 'അവ്‌നി', തിപേശ്വർ വൈൽഡ് ലൈഫ് സാങ്ച്വറി മേഖലയിൽ മഹാറാണിയായി വിലസിയവൾ!

മഹാരാഷ്ട്രയിൽ രണ്ട് വർഷത്തിനിടെ കടുവാ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 13 പേരാണ്. ഇവരെയെല്ലാം കൊന്നത് അവ്‌നിയാണെന്നാണ് ആരോപണം ഉയർന്നത്. മറ്റു കടുവകളുടെ ആക്രമണങ്ങളും ഈ പെൺകടുവയിൽ ചാർത്തപ്പെടുയാണെന്നും ആരോപണമുണ്ട്. എന്തായാലും 13 കൊലപാതക കേസുകളിൽ 'പ്രതി' ഈ ദേശീയ മൃഗമായി മാറി. ഇതോടെ സെപ്റ്റംബറിൽ അവനിയെ വെടിവച്ച് കൊല്ലാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. അവ്‌നി എന്നാൽ, ഭൂമി എന്നാണ് അർത്ഥം. പ്രകൃതി സ്‌നേഹികളാണ് അവൾക്ക് ഇങ്ങനെയൊരു പേരു നൽകിയത്.

രണ്ട് വർഷത്തിലേറെയായി കടുവയുടെ ആക്രമണം മഹാരാഷ്ട്രയിലെ അദിലാബാദ് ജില്ലയിലെ ഈ വനമേഖലയിൽ ഉണ്ടായിരുന്നു. ലൈഫ് സാങ്ച്വറി മേഖലയാണ് ടി1 എന്ന ഔദ്യോഗിക പേരിൽ അറിയപ്പെടുന്ന അവനിയുടെ വിഹാര കേന്ദ്രമായിരുന്നത്. രണ്ട് കുഞ്ഞുങ്ങളുമായി അവൾ വിലസി നടന്ന കാടാണ്. ഇടയ്ക്ക് നാട്ടിലിറങ്ങിയാണ് ഇരപിടിച്ചത്. അവൾ മനുഷ്യരെയും ഭക്ഷണമാക്കി. ഇതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ഒടുവിൽ വന്ന രാഷ്ട്രീയ തീരുമായിരന്നു കോടതിയിലേക്ക് നീങ്ങാമെന്നത്. അങ്ങനെ വിഷയം കോടതിയിൽ എത്തി.

സെപ്റ്റംബറിൽ അവ്‌നിയെ വെടിവെച്ച് കൊല്ലാൻ സുപ്രീംകോടതി ഉത്തരവിട്ടു. ഉപദ്രവകാരിയായ നരഭോജി കടുവയെ കൊല്ലണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച പരാതികളെ തുടർന്നായിരുന്നു ഉത്തരവ്. ഇത് പ്രകാരം ഈമാസം രണ്ടാം തീയ്യതി രാത്രി യവത്മാൽ മേഖലയിൽ വെച്ച് അവളെ വെടിവിച്ച് കൊലപ്പെടുത്തി. പ്രശസ്ത കടുവാപിടിത്തക്കാരൻ ഷാഫത്ത് അലി ഖാന്റെ പുത്രൻ അസ്ഗർ അലിയാണ് കടുവയെ വെടിവെച്ചുകൊന്നത്.

കൊന്നത് മൂന്ന് മാസം കാടിളക്കിയ തിരിച്ചിലിന് ഒടുവിൽ

അവനിക്ക് വേണ്ടി കഴിഞ്ഞ മൂന്ന് മാസമായി അധികൃതർ കാടിളക്കി അന്വേഷണം നടത്തുകയായിരുന്നു. ട്രാപ് ക്യാമറകൾ, ഡ്രോണുകൾ, ഗ്ലൈഡറുകൾ, തെർമൽ ഇമേജിങ് സംവിധാനമുള്ള ഡ്രോണുകൾ എന്നിവ ഉപയോഗിച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം തിരിച്ചിൽ നടത്തിയത്. ഷൂട്ട് അറ്റ് സൈറ്റ് ഓർഡർ ഉണ്ടായിരുന്നതിനാൽ കെണിവെച്ച് പിടിക്കാനുള്ള മാർഗ്ഗങ്ങളാരും തേടിയില്ല. പരിശീലനം ലഭിച്ച നായകൾ, 150 ഏറ്റുമുട്ടൽ വിദഗ്ദ്ധർ, ആനകൾ എന്നിവയെയും അന്വേഷണത്തിനായി ഉപയോഗിച്ചിരുന്നു.

പത്ത് മാസം പ്രായമുള്ള രണ്ട് കുട്ടികളുടെ അമ്മയാണ് അവനിയെന്നും അതുകൊണ്ട് കടുവയെ കൊല്ലാതെ ജീവനോടെ പിടികൂടണമെന്നും ആവശ്യപ്പെട്ട് മൃഗ സംരക്ഷണ പ്രവർത്തകൻ ജെറി എ ബനൈറ്റ് സെപ്റ്റംബർ 11ന് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ, ഈ ഹർജിയും നിരാകരിച്ചതോടെയാണ് കടുവക്കായി തിരച്ചിൽ ആരംഭിച്ചതും ഒടുവിൽ വെടിവെച്ച് കൊലപ്പെടുത്തിയതും. അവനിയെ കൊല്ലാൻ പറ്റിയ 'പുലിമുരുകൻ' ആരാണെന്ന അന്വേഷണമാണ് ഒടുവിൽ പ്രശസ്ത കടുവാപിടിത്തക്കാരൻ ഷാഫത്ത് അലി ഖാന്റെ പുത്രൻ അസ്ഗർ അലിയിലേക്ക് എത്തിച്ചേർന്നത്.

വെള്ളിയാഴ്ച രാത്രി യവത്മാൽ മേഖലയിൽ വെച്ച് അവളെ വെടിവെച്ച് കൊന്നു. അസ്ഗർ അലി നാട്ടുകാരുടെ പ്രിയങ്കരനായി. കൊന്നതിന്റെ പ്രതിഫലമായി ഒരു കടവുടയുടെ പ്രതിമയാണ് അലിക്ക് ലഭിച്ചത്. സംഭവത്തിൽ സംസ്ഥാന സർക്കാറിനെ അഭിനന്ദിച്ചും കൊണ്ട് നാട്ടുകാർ രംഗത്തിറങ്ങിയപ്പോൾ വിമർശനങ്ങളുമായി നിരവധി പേർ രംഗത്തെത്തി. ഇതോടെ രാഷ്ട്രീയ വിവാദത്തിലേക്ക് വഴിമാറി.

മനേകയ്ക്ക് കലിയിളകി, സംസ്ഥാന വനംമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്ത്

കാടിന്റെ പുത്രിയായി വിലസിയ അവ്‌നിയെ കൊലപ്പെടുത്തിയതോടെ മൃഗസ്‌നേഹികൾക്ക് കലിയിളകി. കൊല്ലാതെ പിടിക്കാമായിരുന്നില്ലേ എന്ന ചോദ്യങ്ങൾ വിവിധ ഇടങ്ങളിൽ നിന്നും ഉയർന്നു. മൃഗസ്‌നേഹിയായ കേന്ദ്രമന്ത്രി മേനക ഗാന്ധിയും ബിജെപി സർക്കാറിനെ വിമർശിച്ചു രംഗത്തുവന്നു. മഹാരാഷ്ട്ര വനം മന്ത്രി സുധീർ മുൻഗൻതിവാറിനെതിരെ രംഗത്തെത്തിയയ മനേക മന്ത്രിയുടെ രാജിയും ആവശ്യപ്പെട്ടു. എന്നാൽ ഇതിന് തിരിച്ചടിയെന്നോണം മന്ത്രി മേനക ഗാന്ധിക്ക് വേണമെങ്കിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കാമെന്നു മുൻഗൻതിവാർ തിരിച്ചടിച്ചു. സംഭവത്തിൽ അന്വേഷണം വേണമെന്ന് പൂനം മഹാജൻ എംപിയും ആവശ്യപ്പെട്ടു. ദേശീയ മാധ്യമങ്ങളിൽ രാഷ്ട്രീയ വിവാദമായി അവൾ ഇതോടെ മാറുകയായിരുന്നു.

വിഷയത്തിൽ ഇടപെട്ട മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കടുവയെ വെടിവച്ചുകൊന്ന സംഭവത്തിൽ എന്തെങ്കിലും പാളിച്ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പ്രഖ്യാപിച്ചു. ഒരു ന്യായീകരണത്തിനും ഇടമില്ലാത്ത കുറ്റകൃത്യമാണിതെന്നാണ് മേനക ഗാന്ധി വീണ്ടും പ്രതികരിചച്‌തോടെ സംസ്ഥാന സർക്കാറും ശരിക്കും വെട്ടിലായി. പല കോണുകളിൽ നിന്നും ആളുകൾ അഭ്യർത്ഥിച്ചിട്ടും മഹാരാഷ്ട്ര മന്ത്രി മുൻഗൻതിവാറാണ് കടുവയെ വെടിവയ്ക്കാൻ നിർദ്ദേശിച്ചതെന്നും മേനക ഗാന്ധി ആരോപിച്ചിരുന്നു.

ഒട്ടേറെപ്പേരെ കൊലപ്പെടുത്തിയ കടുവ വനംവകുപ്പു ജീവനക്കാരെ ആക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് അവർ അതിനു നേരെ വെടിയുതിർത്തതെന്നും ഉടൻ മൃഗാശുപത്രിയിലെത്തിച്ചു ജീവൻ രക്ഷിക്കാൻ ശ്രമിച്ചെന്നും കേന്ദ്രമന്ത്രി മേനക ഗാന്ധി യാഥാർഥ്യം അറിയാതെയാണ് ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നതെന്നും മന്ത്രി സുധീർ മുൻഗൻതിവാർ തുറന്നടിച്ചു. മേനക ഗാന്ധി വലിയ മൃഗസ്‌നേഹിയായിരിക്കും. എന്നാൽ, കടുവ കൊലപ്പെടുത്തുന്ന സ്ത്രീകളുടെ കാര്യവും തനിക്കു പരിഗണിക്കേണ്ടതുണ്ടെന്നും മുൻഗൻതിവാർ വ്യക്തമാക്കി. അതേസമയം, വനംവകുപ്പു ജീവനക്കാരെ ആക്രമിക്കാൻ തുനിഞ്ഞപ്പോഴാണ് കടുവയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരമെന്നു പ്രതികരിച്ച മുഖ്യമന്ത്രി വിഷയത്തിൽ പരോക്ഷമായി മന്ത്രിയെ ന്യായീകരിച്ചു.

അവൾ അനിൽ അംബാനിയുടെ കണ്ണിലെ കരടായിരുന്നോ? വെടിവെച്ച് കൊന്നത് വ്യവസായ ഭീമന്റെ പദ്ധതിക്ക് വേണ്ടിയോ?

അവ്‌നിയുടെ കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചനകൾ എന്തെങ്കിലുമുണ്ടോ? ഇത്രയും കാലം അനങ്ങാതിരുന്നവർ എന്തുകൊണ്ട് അവ്‌നിയെ കൊലപ്പെടുത്തിയെന്ന് ഗൂഢാലോചനാ തിയറിയും ഇതോടെ പലരും ഉയർത്തി. ഇക്കൂട്ടത്തിൽ വിവാദത്തിന് ചൂടുപകർന്നത് മഹാരാഷ്ട്ര നവ്‌നിർമ്മാൺ സേന നേതാവ് രാജ് താക്കറെയുടെ പ്രസ്താവനായായിരുന്നു. യവത്മാലിൽ പ്രമുഖ വ്യവസായിയായ അനിൽ അംബാനിയുടെ പദ്ധതി നടപ്പിലാക്കുന്നതിന് മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ അവനിയെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് താക്കറെ ആരോപിച്ചത്.

ഇവിടെ വനഭൂമി അടക്കം അനിൽ അംബാനിയുടെ പദ്ധതിക്ക് വേണ്ടി വിട്ടുകൊടുത്തെന്ന ആരോപണം ഉയർന്നിരുന്നു. ഈ പ്രൊജക്ടുമായി ബന്ധപ്പെട്ട് അംബാനിക്ക് വേണ്ടി ബിജെപി കളത്തിലിറങ്ങിയെന്നാണ് ആരോപണം. സർക്കാർ മനസ്സാക്ഷി അംബാനിക്ക് വിറ്റിരിക്കുകയാണെന്നും താക്കറെ ആരോപിച്ചു. കടുവയുടെ അക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കാര്യത്തിൽ ദുഃഖമുണ്ട്. ഇത് ലോകമെമ്പാടും സംഭവിക്കുന്നതുമാണ്. കാട്ടിൽ അതിക്രമിച്ച് കടക്കുമ്പോഴും വന്യമൃഗങ്ങൾക്ക് ഉപദ്രവകരമായ കാര്യങ്ങൾ ചെയ്യുമ്പോഴുമാണ് അവർ ആക്രമിക്കുക. അതിന് കടുവയെ കൊല്ലേണ്ട കാര്യമുണ്ടായിരുന്നില്ല. വനംവകുപ്പ് മന്ത്രി തന്റെ സ്ഥാനം ദുരുപയോഗം ചെയ്യുന്നപ്രസ്താവനകളാണ് നടത്തുന്നതെന്ന് താക്കറെ ആരോപിച്ചു.

താക്കറെ രംഗത്തുവന്നതോടെ വിഷയം ദേശീയ തലത്തിൽ വീണ്ടും ചർച്ചയായി. എന്നാൽ, യവത്മാലിൽ തങ്ങൾക്ക് അങ്ങനെയൊരു പുതിയ പദ്ധതി ഇല്ലെന്ന് റിലയൻസ് പ്രതികരണവുമായി രംഗത്തുവന്നു. കടുവ കൊല്ലപ്പെട്ടതിന് വളരെ അകലെയായി പദ്ധതി തുടങ്ങുന്നതിന് നിർദ്ദേശിച്ചിരുന്നതായി ജില്ലാ അധികാരികൾ പറഞ്ഞു. എന്നാൽ കടുവ കൊല്ലപ്പെട്ടതും റിലയൻസിന്റെ പദ്ധതിയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും ജില്ലാ അധികാരികൾ വ്യക്തമാക്കി. വിഷയം സങ്കീർണമായി മാറുകയായിരുന്നു ഇവിടെ.

കൊല്ലപ്പെടുമ്പോഴും അവൾ പട്ടിണിയിലായിരുന്നു

13 പേരെ കൊലപ്പെടുത്തിയ നരഭോജി കടവുയാണെന്നാണ് അവ്‌നിക്കെതിരായെ ആരോപണം. എന്നാൽ, അവൾ കൊല്ലപ്പെടുമ്പോഴും പട്ടിണിയിലായിരുന്നു എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കടുവയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെ പ്രതിഷോധങ്ങളും ചോദ്യങ്ങളും ഉയർന്നുവന്നു. അവളുടെ വയറ്റിലും കുടിലും ഒന്നും കഴിച്ചതിന്റെ സൂചന ഉണ്ടായിരുന്നില്ല. കുടലിൽ നിറയെ വെള്ളമായിരുന്നു ഉണ്ടായിരുന്നത്. എന്നിന്നാൽ, സാധാരണഗതിയിൽ 25-30 കിലോഗ്രാം മാംസം ഒറ്റ ദിവസം കഴിക്കുന്ന കടുവകൾ പിന്നെ 7 ദിവസത്തോളം ഭക്ഷണമല്ലാതെ കഴിയാറുണ്ടെന്നും വിദഗ്ദ്ധർ സാക്ഷ്യപ്പെടുത്തുന്നു. ആന്തരിക രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചതെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് പറയുന്നു.

അവളുടെ പിഞ്ചു മക്കൾക്ക് എന്തുപറ്റി? അവ്‌നി ഇല്ലാതെ അവർ ജീവിക്കുമോ?

അവ്‌നിയെ വെടിവെച്ച് കൊലപ്പെത്തിയത് അസ്ഗർ അലിയാണ്. അവർക്ക് ഒന്നിലേറ വെടിയേറ്റിരുന്നു. പ്രത്യേക സംഘം അവളെ തിരഞ്ഞു പിടിച്ച് കൊലപ്പെടുത്തിയെങ്കും പത്തു മാസംപ്രായമുള്ള അവളുടെ പിഞ്ചു മക്കൾക്ക് എന്താണ് സംഭവിച്ചത്? അവ്‌നിയുടെ മൃതദേഹവുമായി നാട്ടുകാർ ആഹ്ലാദിക്കുമ്പോൾ ആ പിഞ്ചു മക്കൾ തങ്ങളുടെ അമ്മ വിട്ടുപിരിഞ്ഞത് അറിഞ്ഞിരിമോ? പത്ത് മാസം മാത്രം പ്രായമുള്ള ആ കടുവാ കുഞ്ഞുങ്ങളെ ഓർത്ത് മൃഗസ്‌നേഹികൾ കണ്ണീർ വാർക്കുകയാണ്. ആ കുഞ്ഞുങ്ങൾ അമ്മയില്ലാതെ അതിജീവിക്കുമോ എന്ന കാര്യം സംശയമാണെന്ന് പലരും സംശയം പ്രകടിപ്പിക്കുന്നു. എന്നാൽ, സ്വന്തമായി ഇരതേടാൻ അവർ പ്രാപ്തരായിട്ടുണ്ടെന്നും പ്രകൃതിയിൽ അവർ അജീവിക്കുമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. എന്നാൽ, ആ വാദങ്ങൾക്ക് അത്രയ്ക്ക് ബലം പോരാ. മനേക ഗാന്ധി അടക്കമുള്ളവരുടെ ആശങ്കയും മറ്റൊന്നല്ല.