- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അമേരിക്കയിലെ പ്രമേഹ ചികിൽസ ഫലിക്കാത്തെ നാട്ടിലെത്തി; അപ്പോഴറിയുന്നത് പരബ്രഹ്‌മയുടെ അത്ഭുത മരുന്നു; മണി ബാക്ക് ഗാരന്റിയിൽ വാങ്ങിയത് 60,000 രൂപയുടെ ഡയബറ്റിക് ക്യൂർ; ഇപ്പോൾ തിരിച്ചറിയുന്നത് സാമ്പാർ പൊടിയുടെ മാഹാത്മ്യം! വ്യാജ മരുന്ന് വാങ്ങി കൈപൊള്ളി ചാരുംമൂട്ടെ വിൽസണും
ആലപ്പുഴ: പ്രമേഹത്തിനായി വ്യാജ മരുന്ന് നൽകി ജനങ്ങളെ കബളിപ്പിക്കുന്ന അമ്പലപ്പുഴ പരബ്രഹ്‌മ ആയൂർവേദ ആശുപത്രിക്കെതിരെ പരാതിയുമായി അമേരിക്കൻ മലയാളിയും. കായംകുളം ചാരുംമൂട് സ്വദേശിയായ വിൽസൺ മാത്യൂവാണ് പരാതിയുമായെത്തിരിക്കുന്നത്.
അഞ്ചുമാസക്കാലമായി കഴിക്കുന്ന ഡയബറ്റിക് ക്യൂർ എന്ന പൊടി കഴിച്ചിട്ട് യാതൊരു മാറ്റവുമില്ലെന്നും മണി ബാക്ക് ഗ്യാരണ്ടി അവകാശപ്പെടുന്ന ആശുപത്രിക്കാരോട് പണം തിരികെ ചോദിച്ചപ്പോൾ തിരികെ തരാൻ തയ്യാറാകുന്നില്ല എന്നും വിൽസൺ പറയുന്നു. മരുന്ന് എന്ന പേരിൽ ഇവർ നൽകുന്ന പൊടി സാമ്പാർ പൊടി പോലുള്ള എന്തോ ഒന്നാണെന്നാണ് വിൽസൺ പറയുന്നത്.
അമേരിക്കയിൽ പ്രവാസ ജീവിതം നയിക്കുകയായിരുന്ന വിൽസൺ ഇരുപത് വർഷമായി പ്രമേഹ രോഗം മൂലം ഏറെ ബുദ്ധിമുട്ടിലായിരുന്നു. അമേരിക്കയിൽ പല ചികിത്സകൾ നടത്തിയിട്ടും യാതൊരു പ്രയോജനവും കാണാതിരുന്നതോടെ നാട്ടിലെത്തി ചികിത്സ നടത്താമെന്ന ഉദ്ദേശത്തോടെ തിരികെ എത്തി. അപ്പോഴാണ് പരബ്രഹ്‌മ ആയൂർവ്വേദ ആശുപത്രിയുടെ പരസ്യം കാണുന്നത്.
ആറുമാസത്തെ കോഴ്സു കൊണ്ട് പ്രമേഹം പൂർണ്ണമായും മാറുമെന്നും മാറിയില്ലെങ്കിൽ പണം തിരികെ നൽകുമെന്നുമുള്ള പരസ്യ വാചകത്തിൽ വീണു പോയ വിൽസൺ 60,000 രൂപ മുടക്കി പൊടി വാങ്ങി. ആശുപത്രിയിലെ ഡോക്ടർമാർ നിർദ്ദേശിച്ച പ്രകാരം മുടക്കമില്ലാതെ കഴിക്കാൻ തുടങ്ങി. എന്നാൽ മൂന്ന് മാസം പിന്നിട്ടിട്ടും പ്രമേഹത്തിന് യാതൊരു മാറ്റവും കാണാനില്ലായിരുന്നു.
തുടർന്ന് ആശുപത്രിയുടെ ചുമതലയുള്ള ഷൈൻ മുകുന്ദനെ ബന്ധപ്പെട്ടപ്പോൾ മറ്റൊരു മരുന്ന് തരാമെന്നായിരുന്നു മറുപടി. അങ്ങനെ വീണ്ടും പണം കൊടുത്ത് ഡയബറ്റിക് ക്യൂർ സ്ട്രോങ് എന്ന പൊടി വാങ്ങി. എന്നാൽ അത് കഴിച്ചിട്ടിട്ടും യാതൊരു മാറ്റവുമില്ല. ഇതോടെ താൻ വഞ്ചിക്കപ്പെട്ടു എന്ന് മനസ്സിലായതോടെ പണം തിരികെ നൽകാൻ ആവശ്യപ്പെട്ടു. പക്ഷേ പണം തിരികെ നൽകാനോ മറുപടി നൽകാനോ ഇവർ തയ്യാറായില്ല.
പരബ്രഹ്‌മ വമ്പൻ തട്ടിപ്പാണ് നടത്തുന്നതെന്ന് മനസ്സിലായതോടെ വിൽസൺ മാത്യൂ മൻ ആരോഗ്യ മന്ത്രി ഷൈലജ ടീച്ചറിന് പരാതി നൽകി. എന്നാൽ താനല്ല ആരോഗ്യ മന്ത്രിയെന്നും വീണാജോർജ്ജിനാണ് പരാതി അയക്കേണ്ടതെന്നും മറുപടി നൽകുകയായിരുന്നു. ഇതോടെ മന്ത്രി വീണാ ജോർജ്ജിന് പരാതി നൽകിയെങ്കിലും നാളിതുവരെ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല.
ഈ സമയമാണ് മറുനാടൻ പരബ്രഹ്‌മയുടെ തട്ടിപ്പുകൾ തെളിവുകൾ സഹിതം പുറത്തുകൊണ്ടു വരുന്നത്. ഈ വാർത്ത ശ്രദ്ധയിൽപ്പെടുകയും മറുനാടനെ ബന്ധപ്പെടുകയുമായിരുന്നു. ഒരു ഓൺലൈൻ ചാനലാണ് പരബ്രഹ്‌മയുടെ പരസ്യം നൽകി ആളുകളെ വഞ്ചിക്കുന്നതെന്ന് വിൽസൺ മറുനാടനോട് പറഞ്ഞു. ഈ ചാനലിന്റെ ഉടമയെ ബന്ധപ്പെട്ടപ്പോൾ പണം തിരികെ വാങ്ങി നൽകാമെന്ന് ഉറപ്പ് നൽകിയെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും യാതൊരു മറുപടിയും ലഭിച്ചില്ല. അതിനാൽ പരാതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് വിൽസൺ പറഞ്ഞു.
പരബ്രഹ്‌മ പ്രമേഹം മാറ്റും എന്ന് ഉറപ്പ് പറയുന്ന പൊടി കഴിക്കുമ്പോൾ സാമ്പാർ പൊടി കഴിക്കുന്നപോലെയാണെന്നാണ് വിൽസൺ പറയുന്നത്. ഒരു ദിവസമെങ്കിലും കൂടുതൽ ജീവിക്കണം എന്ന ആഗ്രഹം ഉള്ളതിനാലാണ് ഇത്തരം ഒരു ചതിയിൽ അറിയാതെ പെട്ടത്. യു.എസ്.എഫ്.ഡി.എ സർട്ടിഫിക്കേറ്റ് ഉണ്ടെന്നാണ് ഇവർ അവകാശപ്പെടുന്നത്.
അങ്ങനെയാണെങ്കിൽ അമേരിക്കയിൽ ഇത് നിരോധിക്കാനുള്ള എല്ലാ കാര്യങ്ങളും ചെയ്യും. എന്റെ മക്കൾ എല്ലാം അമേരിക്കയിൽ തന്നെയാണ്. അവർ വഴി അന്വേഷണം നടത്തുന്നുമുണ്ട്. നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുകയും വേണം, ജനങ്ങളെ തട്ടിപ്പു നടത്തുന്ന ഇത്തരക്കാരെ സർക്കാർ ശിക്ഷിക്കണമെന്നും വിൽസൺ മാത്യൂ പറയുന്നു.
പ്രമേഹം പൂർണ്ണമായും മാറ്റി കൊടുക്കുമെന്നും മാറിയില്ലെങ്കിൽ പണം തിരികെ നൽകുമെന്നും കാട്ടി പരസ്യം നൽകി രോഗികളെ വഞ്ചിക്കുന്ന അമ്പലപ്പുഴ പരബ്രഹ്‌മ ആയൂർവ്വേദ ഹോസ്പിറ്റലിനെതിരെ നിരവധി പരാതികളാണ് ഉയരുന്നത്. 60,000 രൂപയോളം മുടക്കി ചികിത്സിക്കുന്നവർക്ക് പ്രമേഹം കൂടുന്നതല്ലാതെ കുറയുന്നില്ലാ എന്നാണ് പരാതി.
പരസ്യത്തിൽ പറയുന്നതു പോലെ രോഗം ഭേദമായില്ലെങ്കിൽ മുടക്കിയ പണം തിരികെ നൽകും എന്ന വാഗ്ദാനവും പാലിക്കുന്നില്ല. പണം തിരികെ ചോദിക്കുന്നവരെ ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ നിരവധി പരാതികളാണ് ആലപ്പുഴ എസ്‌പിക്കും ആരോഗ്യ മന്ത്രിക്കും തട്ടിപ്പിനിരയായവർ നൽകി കൊണ്ടിരിക്കുന്നത്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.