ലണ്ടൻ: ഈ മാസം 27ന് ആരംഭിക്കുന്ന വിംബിൾഡൺ ടെന്നിസ് ടൂർണമെന്റിന്റെ മത്സരക്രമം തീരുമാനിച്ചു. ലോക ഒന്നാം നമ്പർ ഡാനിൽ മെദ്വദേവ് രണ്ടാം നമ്പർ അലക്സാണ്ടർ സ്വെരേവ് എന്നിവരില്ലാതെയാണ് വിംബിൾഡണിന് കളമൊരുങ്ങുന്നത്. നിലവിലെ ചാംപ്യൻ നൊവാക് ജോക്കോവിച്ച്, ക്വാർട്ടറിൽ സ്പാനിഷ് യുവതാരം കാർലോസ് അൽക്കറാസിനെ നേരിടുന്ന രീതിയിലാണ് മത്സരക്രമം. മറ്റ് മുൻനിര താരങ്ങൾക്കും ആദ്യറൗണ്ടിൽ കാര്യമായ വെല്ലുവിളിയില്ല.

തുടരെ നാലാം വിംബിൾഡൺ കിരീടനേട്ടമാണ് ജോക്കോവിച്ച് ലക്ഷ്യമിടുന്നത്. 22 ഗ്രാൻസ്ലാം കിരീടങ്ങൾ സ്വന്തമാക്കിയ റാഫേൽ നദാൽ ആദ്യ റൗണ്ടിൽ അർജന്റീനയുടെ ഫ്രാൻസിസ്‌കോ സെറൊണ്ടോളോയെ നേരിടും. വനിതകളിൽ തുടരെ 35 ജയവുമായെത്തുന്ന ഒന്നാം നമ്പർ താരം ഇഗ ഷ്വാൻടെക് തന്നെയാണ് ശ്രദ്ധാകേന്ദ്രം.

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഗ്രാൻസ്ലാം കോർട്ടിലേക്ക് മടങ്ങിയെത്തുന്ന മുൻചാംപ്യൻ സെറീന വില്യംസ് 113ആം റാങ്കിലുള്ള ഹാർമണി ടാനെ ആദ്യറൗണ്ടിൽ നേരിടും. വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് സെറീന മത്സരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ താൻ കോർട്ടിലേക്ക് തിരിച്ചുവരുന്നുവെന്ന് നാൽപതുകാരിയായ സെറീന വ്യക്തമാക്കിയത്.

പന്ത്രണ്ട് മാസം മുൻപ് വിംബിൾഡണിനിടെ പരിക്കേറ്റതിന് ശേഷം സെറീന ഇതുവരെ ഒറ്റ ടൂർണമെന്റിൽ കളിച്ചിട്ടില്ല. റാങ്കിംഗിൽ 1,208ലേക്ക് വീണു. ഏഴ് വിംബിൾഡൺ കിരീടം നേടിയിട്ടുള്ള സെറീന അവസാനമായി കിരീടമുയർത്തിയത് 2016ലാണ്. 2018ലും 2019ലും ഫൈനലിൽ തോറ്റു. കഴിഞ്ഞ വർഷം ആദ്യറൗണ്ടിൽ പരിക്കേറ്റ് പിന്മാറുകയായിരുന്നു.

ഒരുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തിരിച്ചെത്തുന്നതെങ്കിലും 24 ഗ്രാൻസ്ലാം കിരീടം നേടിയ മാർഗരറ്റ് കോർട്ടിന്റെ റെക്കോർഡിനൊപ്പമെത്താൻ സെറീനയ്ക്ക് കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ടെന്നിസീൽ നിന്ന് വിരമിച്ച ഓസ്‌ട്രേലിയക്കാരി ആഷ്‌ലി ബാർട്ടിയാണ് വിംബിൾഡൺ വനിതാ വിഭാഗത്തിൽ നിലവിലെ ചാംപ്യൻ.