തെരേസയ മേയുടെ രാജി പ്രഖ്യാപനം അക്ഷരാർത്ഥത്തിൽ വെട്ടിലാക്കിയിരിക്കുന്നത് ലേബർ പാർട്ടിയെയും അതിന്റെ നേതാവ് ജെറമി കോർബിനെയുമാണ്. ഇപ്പോൾ തന്നെ നല്ല ജനപിന്തുണയുള്ള തെരേസ അടുത്ത തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നുള്ള സൂചനകൾ ശക്തമായിരിക്കുകയാണ്. ടോറികളുടെ ജനപിന്തുണ കുതിച്ചുയരുമ്പോൾ ജെറമി കോർബിന്റെ നേതൃത്വത്തിൽ ലേബർ പാർട്ടി 20 പോയിന്റ് പിന്നിലാണെന്നാണ് റിപ്പോർട്ട്. അതിനാൽ സിറ്റിങ് ലേബർ എംപിമാർ തോൽക്കുമെന്ന ഭയത്താൽ മൽസരിക്കാൻ മടിച്ചു നിൽക്കുകയാണെന്നും സൂചനയുണ്ട്.

പൊതുതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് നിലവിലുള്ള മൂന്നിലൊന്ന് എംപിമാരെയം നഷ്ടപ്പെടുമെന്നാണ് പ്രവചനം.തെരേസ മെയ്‌ ജൂൺ എട്ടിന് ഇലക്ഷൻ പ്രഖ്യാപിച്ചതിലൂടെ ജെറമി കോർബിന്റെ തകർച്ച പൂർണമാകുമെന്നാണ് പോളുകൾ പ്രവചിക്കുന്നത്. ലേബർ പാർട്ടിയുടെ 70 ശതമാനം സീറ്റുകളും നഷ്ടപ്പെടുമെന്നാണ് ചില പോളുകൾ മുന്നറിയിപ്പേകുന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ താൻ ഹുൾ വെസ്റ്റ് ആൻഡ് ഹെസിലിൽ നിന്നും മത്സരിക്കാനില്ലെന്നാണ് ലേബർ എംപിമായ ഗ്രാൻഡീ അലൻ തറപ്പിച്ച് പറയുന്നത്. താൻ ഇനിയൊരു തെരഞ്ഞെടുപ്പിനെ നേരിടാനില്ലെന്നാണ് കോർബിന്റെ വിമർശകനായ ടോം ബ്ലെൻകിൻസോപ്പ് പറയുന്നത്.

ഇത്തരത്തിൽ ലേബർ പാർട്ടിയിൽ പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കെ അത് വർധിപ്പിക്കുന്ന നടപടിയുമായിട്ടാണ് കോർബിൻ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. അതായത് മിതവാദികളായ എംപമാരെ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ അദ്ദേഹ നിർബന്ധിക്കുന്നതിലൂടെ അവരെക്കൂടി തന്റെ ശത്രുക്കളാക്കി മാറ്റുകയാണ് അദ്ദേഹം. സാധാരണയായി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ നിലവിലുള്ള എംപിമാർ തന്നെ ഓരോ സീറ്റിലും മത്സരിക്കുകയാണ് പതിവ്. എന്നാൽ നിലവിലെ പ്രതികൂല സാഹചര്യത്തിൽ ലേബർ എംപിമാർ മത്സരിക്കാതെ ഒഴിഞ്ഞ് മാറാൻ തുടങ്ങിയതോടെ അവരെ ഭീഷണിപ്പെടുത്തി തെരഞ്ഞെടുപ്പിന് നിർത്തിക്കേണ്ട ഗതികേടിലായിരിക്കുകയാണ് കോർബിൻ.

ഈ അടുത്ത ദിവസങ്ങളിലായി നടന്ന രണ്ട് സർവേകളിൽ ടോറികൾ ലേബർ പാർട്ടിയേക്കാൾ 20 പോയിന്റ് മുന്നിലാണെന്ന് വ്യക്തമായിട്ടുണ്ട്. നിലവിൽ ലേബർ പാർട്ടിക്ക് 229 എംപിമാരാണുള്ളത്. എന്നാൽ ജൂണിലെ തെരഞ്ഞെടുപ്പിൽ അത് 160 ആയി കുറയുമെന്നാണ് പ്രവചനം. എന്നാൽ തന്റെ പാർട്ടിയിലെ കാര്യങ്ങൾ ഇത്ര വഷളായിട്ടും കോർബിൻ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്തിരിക്കുകയാണ്. ഇതിനെ പാർലിമെന്റിൽ പിന്താങ്ങുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു. ലേബർ പാർട്ടിക്ക് നിലവിലുള്ള സീറ്റുകളിൽ നിന്നും 100 എണ്ണം നഷ്ടപ്പെടുമെന്നാണ് മോർകാംബിലെ കോൺസർവേറ്റീവ് എംപിയായ ഡേവിഡ് മോറിസ് പ്രവചിക്കുന്നത്.