ഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനുള്ള പ്രതികാരം തീർക്കാൻ, തോറ്റ സ്ഥാനാർത്ഥിയുടെ ആളുകൾ ജയിച്ച സ്ഥാനാർത്ഥിയുടെ മകളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാൽസംഗം ചെയ്തു. പൊലീസിൽ പരാതിപ്പെട്ടിട്ടും പ്രതികൾക്കെതിരെ നടപടിയൊന്നും ഉണ്ടാകാതായതോടെ, +1 വിദ്യാർത്ഥിനിയായ പെൺകുട്ടി ജീവനൊടുക്കി.

ഉത്തർപ്രദേശിനെ മിർസാപ്പുർ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ബ്ലോക്ക് വികസന സമിതിയിലേക്ക് വിജയിച്ച വനിതാ സ്ഥാനാർത്ഥിയുടെ മകളെ ബുധനാഴ്ച രാത്രിയാണ് എതിർസ്ഥാനാർത്ഥിയുടെ രണ്ട് അനുയായികൾ ചേർന്ന് തട്ടിക്കൊണ്ടുപോയതും കൂട്ടബലാൽസംഗം ചെയ്തതും. പ്രതികളുടെ പേരുസഹിതം പരാതി നൽകിയെങ്കിലും പൊലീസ് ഇവർക്കെതിരെ കേസ്സെടുക്കാൻ തയ്യാറായില്ല. ഇതേത്തുടർന്നാണ് വെള്ളിയാഴ്ച പെൺകുട്ടി ജീവനൊടുക്കിയത്. പെൺകുട്ടിയുടെ മരണശേഷമാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. സമീപത്തുള്ള വയലിലേക്ക് കൊണ്ടുപോയി ബലാൽസംഗം ചെയ്യുകയായിരുന്നു. പിന്നീട് വീട്ടിൽതിരിച്ചെത്തിയ പെൺകുട്ടി ഇതേക്കുറിച്ച് അമ്മയോട് പറഞ്ഞു. തന്നെ ഉപദ്രവിച്ചവർ ആരൊക്കെയെന്നും പെൺകുട്ടി വ്യക്തമാക്കിയിരുന്നു.

വ്യാഴാഴ്ച രാവിലെ ബന്ധുക്കളെയും കൂട്ടി പെൺകുട്ടിയും അമ്മയും പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. എന്നാൽ, കേസ് രജിസ്റ്റർ ചെയ്യുന്നതിന് പകരം വേണ്ട നടപടിയെടുക്കാം എന്ന് പറയുക മാത്രമാണ് പൊലീസ് ചെയ്തതെന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞു. നിരാശയോടെ വീട്ടിലെത്തിയ പെൺകുട്ടി അന്നു രാത്രി തൂങ്ങിമരിക്കുകയായിരുന്നു.

പപ്പു ബഹേലിയ, ബിന്ദു ബഹേലിയ എന്നിവരാണ് പെൺകുട്ടിയെ ആക്രമിച്ചത്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനാർത്ഥിയുടെ അടുത്ത ബന്ധുക്കളാണ് ഇരുവരും. തിരഞ്ഞെടുപ്പിലെ തോൽവിക്ക് പ്രതികാരം തീർക്കുന്നതിനാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്തതെന്ന് ഇവർ സമ്മതിച്ചതായി മിർസാപ്പുർ എസ്‌പി. അരവിന്ദ് സെൻ പറഞ്ഞു.