മെൽബൺ: സിഡ്‌നിയിലും ന്യൂ സൗത്ത് വേൽസിലും കനത്ത നാശനഷ്ടം വിതച്ചു കൊണ്ട് വെള്ളപ്പൊക്കവും കൊടുങ്കാറ്റും. കനത്ത കാറ്റിനെ തുടർന്ന് തീരത്തേക്ക് അടിച്ചുകയറിയ തിരകളിൽ തീരദേശപ്രദേശത്ത് നാശനഷ്ടം വിതയ്ക്കുന്നുണ്ട്. ഹണ്ടർ മേഖലയിൽ മിന്നൽ പ്രളയം ഉണ്ടായതിനെ തുടർന്ന് ഒരാളെ കാണാതായിട്ടുണ്ട്.

ന്യൂനമർദത്തെത്തുടർന്നാണ് ഇവിടെ കനത്ത മഴയും ശക്തിയേറിയ കാറ്റും രൂപപ്പെട്ടിരിക്കുന്നത്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴുകയും 140,000 പേർക്ക് വൈദ്യുതി വിഛേദിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. സിഡ്‌നി, സെൻട്രൽ കോസ്റ്റ്, ഹണ്ടർ ഡിസ്ട്രിക്ട് എന്നിവിടങ്ങളിൽ ഗതാഗത തടസവും ഉണ്ടായിട്ടുണ്ട്. സിഡ്‌നി ഒബ്‌സർവേറ്ററി ഹില്ലിൽ 24 മണിക്കൂറിനുള്ളിൽ 119 മില്ലി മീറ്റർ മഴ രേഖപ്പെടുത്തിയതായി ബ്യൂറോ ഓഫ് മെറ്റീരിയോളജി അറിയിച്ചു. 2002-നു ശേഷം 24 മണിക്കൂറിനുള്ളിൽ രേഖപ്പെടുത്തിയ ഏറ്റവും കനത്ത തോതിലുള്ള മഴയായിരുന്നു ഇതെന്നാണ് വ്യക്തമാക്കുന്നത്.

മഴ കനത്തതോടെ ഇവിടങ്ങളിലുള്ള മിക്ക പ്രദേശങ്ങളിലും മിന്നൽ പ്രളയം ശക്തമായിട്ടുണ്ട്. എമർജൻസി കോളുകളെ തുടർന്ന് പത്ത് ഫ്‌ളഡ് റെസ്‌ക്യൂ സംഘത്തെ അയയ്‌ക്കേണ്ടി വന്നിട്ടുണ്ടെന്ന് എസ്ഇഎസ് ഡെപ്യൂട്ടി കമ്മീഷണർ സ്റ്റീവൻ പിയേഴ്‌സ് അറിയിച്ചു. സിഡ്‌നി, ഹണ്ടർ ഡിസ്ട്രിക്ട്, സെൻട്രൽ കോസ്റ്റ്, ഇല്ലാവര എന്നിവിങ്ങളിൽ നിന്നായി 24 മണിക്കൂറിനുള്ളിൽ 3,000 കോളുകളാണ് എസ്ഇഎസിന് ലഭിച്ചിട്ടുള്ളത്. അടുത്ത കാലത്തെങ്ങും അനുഭവപ്പെടാത്ത തരത്തിലുള്ള മോശമായ കാലാവസ്ഥയാണ് ഇപ്പോൾ കണ്ടുവരുന്നതെന്നാണ് വിലയിരുത്തുന്നത്. ചില മേഖലകളിൽ മണിക്കൂറിൽ 135 കിലോ മീറ്റർ വരെ വേഗത്തിലാണ് കാറ്റുവീശിയത്.

പലയിടങ്ങളിലും കെട്ടിടങ്ങൾ ഇടിഞ്ഞുവീണ് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. തുടർച്ചയായി പെയ്തുകൊണ്ടിരിക്കുന്ന മഴ രക്ഷാപ്രവർത്തനങ്ങൾക്ക് തടസം നിൽക്കുകയാണ്. വൈദ്യുതി തടസം നേരിടുന്ന വീടുകളുടെ എണ്ണവും അടിക്കടി വർധിച്ചുകൊണ്ടിരിക്കുകയാണ്. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ ഇല്കട്രിസിറ്റി ജീവനക്കാർ പരിശ്രമിക്കുന്നുണ്ടെങ്കിലും ബുധനാഴ്ച വരെ മിക്കയിടങ്ങളിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കില്ല എന്നും അറിയിപ്പുണ്ട്.

തീരദേശങ്ങൾ കൊടുങ്കാറ്റിന്റെ പ്രഹരത്തിൽ മുങ്ങിയിരിക്കുകയാണെന്ന് ന്യൂ സൗത്ത് വേൽസ് ഫയർ ആൻഡ് റെസ്‌ക്യൂ സൂപ്രണ്ട് വെയ്ൻ ഫിലിപ്‌സ് വ്യക്തമാക്കുന്നു. സിഡ്‌നി മുതൽ ന്യൂകാസിൽ വരെയുള്ള മേഖലകളാണ് കൂടുതലും നാശനഷ്ടങ്ങൾ നേരിട്ടിരിക്കുന്നത്. ഇന്നും പേമാരിയും ശക്തിയേറിയ കാറ്റും തുടരുമെന്ന് മുന്നറിയിപ്പുണ്ട്. സിഡ്‌നി, മിഡ് നോർത്ത് കോസ്റ്റ്, ഹണ്ടർ, ഇല്ലാര മേഖലകൾ എന്നിവിടങ്ങളിൽ കാറ്റ് നാശനഷ്ടം വിതച്ചേക്കാമെന്ന് മുന്നറിയിപ്പു നൽകുന്നു.

മോശം കാലാവസ്ഥയെ തുടർന്ന് സിഡ്‌നിയിലും പ്രാന്തപ്രദേശങ്ങളിലും റോഡ് ഗതാഗതവും റെയിൽ ഗതാഗതവും താറുമാറായേക്കാം. വൈദ്യുതി ലൈൻ പൊട്ടിവീണതിനെ തുടർന്ന് സിഡൻഹാമിലെ പ്രിൻസ് ഹൈവേ അടച്ചിട്ടിരിക്കുകയാണ്. കുറാജോംഗിലെ ബെൽസ് ലൈൻ ഓഫ് റോഡ്, വേക്ക്‌ഹേർസ്റ്റ് പാർക്ക് വേ, ഓക്‌സ്‌ഫോർഡ് ഫാൾസ് റോഡ് എന്നിവയും അടച്ചിട്ടു. ന്യൂകാസിൽ- സിഡ്‌നി, സെൻട്രൽ കോസ്റ്റ്- ന്യൂകാസിൽ ട്രെയിൻ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ഓക് ഫ്‌ലാറ്റ്‌സ്- കിയാമ റൂട്ടിലെ സൗത്ത് കോസ്റ്റ് ട്രെയിൻ സർവീസും റദ്ദാക്കിയിരിക്കുകയാണ്. ഈ ദിവസങ്ങളിൽ കഴിവതും യാത്രയ്ക്ക് ഒരുങ്ങാതെ വീട്ടിൽ കഴിയാനാണ് ട്രാൻസ്‌പോർട്ട് മാനേജ്‌മെന്റ് സെന്ററിലെ ബ്രെറ്റ് മൂർ പറയുന്നത്.