വാഷിങ്ടൺ ഡിസി: പ്രധാന പല സിറ്റികളും ഉൾപ്പെടെയുള്ള വടക്കു കിഴക്കൻ മേഖലകളിൽ കൊടുംതണുപ്പുമായി വിന്റർ സ്റ്റോം എത്തുന്നു. ഈയാഴ്ചാവസാനം വാഷിങ്ടൺ ഡിസി, ബാൾട്ടിമോർ, ഫിലാഡെൽഫിയ, ന്യൂയോർക്ക് സിറ്റി, ബോസ്റ്റൺ എന്നിവിടങ്ങളിൽ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. വെള്ളി, ശനി ദിവസങ്ങളിൽ ഈ മേഖലകളിൽ ഇഞ്ചു കണക്കിന് മഞ്ഞുപെയ്യുമെന്നാണ് പ്രവചനം.

പതിവു വിന്റർ‌സ്റ്റോമിൽ നിന്നു വ്യത്യസ്തമായി ശക്തമായ മഞ്ഞുവീഴ്ച ഇതേത്തുടർന്ന് ഉണ്ടാകാനാണ് സാധ്യത. കൂടാതെ ഇടയ്ക്ക് മഴയ്ക്കും സാധ്യത തള്ളിക്കളയാനാവില്ല. മഞ്ഞ് ശക്തമായി പെയ്യുമെന്നതിനാൽ മിക്കയിടങ്ങളിലും വൈദ്യുതി ബന്ധം വിഛേദിക്കപ്പെടാനും സാധ്യതയുണ്ട്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴുമെന്നതിനാൽ വൈദ്യുതി തടസത്തിനൊപ്പം തന്നെ ഗതാഗതതടസവും സൃഷ്ടിക്കപ്പെട്ടേക്കാം.

വിർജീനിയയ്ക്കും പെൻസിൽവാനിയയ്ക്കും ഇടയ്ക്കുള്ള റോഡിലൂടെയുള്ള ഗതാഗതവും അപകടകരമായിരിക്കും. മഞ്ഞുവീണ് തെന്നിക്കിടക്കുന്ന റോഡിലൂടെയുള്ള ഗതാഗതം ജീവനു തന്നെ ഭീഷണി ഉയർത്തുന്നതാണ്. വാഷിങ്ടൺ ഡിസിയിൽമൂന്നിഞ്ചു വരെ കനത്തിൽ മഞ്ഞുവീഴ്ചയുണ്ടാകും.  ഫിലാഡെൽഫിയയിലും ന്യൂയോർക്കിലും അഞ്ച് ഇഞ്ചുവരേയും ബോസ്റ്റണിൽ അഞ്ചു മുതൽ എട്ട് ഇഞ്ചു വരെയും കനത്തിൽ മഞ്ഞുമൂടിക്കിടക്കും.

ഗ്രീക്ക് പുരാണത്തിൽ നിന്നുള്ള അയോള എന്നു പേരിട്ടിരിക്കുന്ന വിന്റർ സ്റ്റോം തെക്കുപടിഞ്ഞാറൻ മേഖലകളിലും ടെക്‌സാസിലും കനത്ത മഞ്ഞുവീഴ്ച സൃഷ്ടിച്ചിരുന്നു. അതിനു ശേഷം വടക്കു കിഴക്കൻ മേഖലയിലേക്കു നീങ്ങുന്ന അയോള ശേഷം ന്യൂഇംഗ്ലണ്ടിലേക്ക് മാറുമെന്നാണ് കരുതുന്നത്. നാശനഷ്ടങ്ങൾക്കു വരെ കാരണമാകുന്ന തരത്തിൽ ശക്തിയേറിയ കാറ്റാണ് അയോളയുടെ പ്രത്യേകത.