കൊച്ചി: പറവൂർ നിയോജക മണ്ഡലത്തിൽ വടക്കേക്കര പഞ്ചായത്തിൽ മത പ്രചരണത്തിന് (ദാഅവ) എത്തിയ 33 പേരെ വടക്കേക്കര പൊലീസ് കസ്റ്റഡിയിൽ എടുത്തു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഹിന്ദു ജനവിഭാഗം തിങ്ങിപ്പാർക്കുന്ന മൂത്തകുന്നം പ്രദേശത്തു നിന്നാണ് ഇവരെ പിടികൂടി നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചത്. പ്രത്യേകം തയ്യാറാക്കിയ ലഘുലേഖകളും, സ്ഥലത്തിന്റെ റൂട്ട് മാപ്പുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. സംഭവത്തിൽ മതസ്പർദ്ധ വളർത്തുന്ന വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു.

വിമോചനത്തിന്റെ വഴി, ജീവിതം എന്തിന് വേണ്ടി, ഒരേ ഒരിന്ത്യ ഒരൊറ്റ ജനത, ഐഎസ് മതനിഷിദ്ധം മാനവ വിരുദ്ധം തുടങ്ങിയ ലേഖനങ്ങൾ അടങ്ങിയ വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷന്റെ ലഘുലേഖകളാണ് ഇവർ വീടുകൾ കയറി നൽകിയത്. മുജാഹിദ് ഔദ്യോഗിക വിഭാഗത്തിൽ (കെഎൻഎം) നിന്ന് വിഘടിച്ച തീവ്ര ആശയങ്ങളുള്ള വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ പ്രവർത്തകരാണ് ഇവർ.

പ്രദേശത്തെ ഇടവഴികൾ, തോടുകൾ, സംഘടനകളുടെ ഓഫീസ്, ക്ഷേത്രങ്ങൾ, എന്നിവ വ്യക്തമായി രേഖപ്പെടുത്തിയ റൂട്ട് മാപ്പോടെയാണ് രണ്ട് പേരടങ്ങുന്ന വിവിധ സംഘങ്ങൾ പ്രദേശത്ത് എത്തിയത്. 25 മുതൽ 45 വരെ പ്രായം ഉള്ളവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവർ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവരാണെന്നാണ് ലഭിക്കുന്ന വിവരം.

 

രാവിലെ 11 മണിയോടെയാണ് സംഭവം. കസ്റ്റഡിയിൽ എടുത്തവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് വരുകയാണെന്ന് വടക്കേക്കര പൊലീസ് സ്റ്റേഷൻ അറിയിച്ചു. സംഭവമറിഞ്ഞ് വടക്കേക്കര പൊലീസ് സ്റ്റേഷന് മുന്നിലേക്ക് ഹിന്ദു സംഘടന പ്രവർത്തകർ എത്തക്കൊണ്ടിരിക്കുകയാണ്. റൂറൽ എസ്‌പി എവി ജോർജ്ജും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. എസ്‌പി വന്നതിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്യുന്നത് അടക്കമുള്ള നടപടികളിലേക്ക് പോകുകയുള്ളുവെന്ന് വടക്കേക്കര എസ്ഐ മറുനാടൻ മലയാളിയോട് പ്രതികരിച്ചു.

ഉച്ചതിരിഞ്ഞും സമീപ പഞ്ചായത്തുകളിൽ നിന്ന് സമാന രീതിയിൽ ലഘുലേഖകളുമായി എത്തിയവരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുന്നുണ്ട്. പന്ത്രണ്ട് മണിയോടെ 9 പേരെയാണ് കസ്റ്റഡിൽ എടുത്തത്. പിന്നീട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഓരോ സംഘങ്ങളുടേയും കൈവശം, അവർക്ക് നിർദ്ദേശിച്ചിട്ടുള്ള പ്രദേശത്തിന്റെ വരച്ച് തയ്യാറാക്കിയ റൂട്ട് മാപ്പ് ഉണ്ട്.