മുംബൈ: എടിഎമ്മിൽ നിന്നു 10,000 രൂപ പിൻവലിക്കാമെന്നു നിർദ്ദേശം. നിലവിൽ ദിവസം 4500 രൂപയാണ് എടിഎമ്മിൽ നിന്നു പിൻവലിക്കാനാകുന്നത്. അതേസമയം ആഴ്ചയിൽ പിൻവലിക്കാവുന്ന തുക 24,000ൽ നിന്നു മാറ്റിയിട്ടില്ല.

കറന്റ് അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ വരെ പിൻവലിക്കാമെന്നും പുതിയ അറിയിപ്പിൽ പറയുന്നു. നിലവിൽ ഒരാഴ്ച 50,000 രൂപയായിരുന്നു കറന്റ് അക്കൗണ്ടിൽ നിന്നു പിൻവലിക്കാനുള്ള പരിധി.

മാസത്തിൽ അഞ്ചു തവണയിൽ കൂടുതൽ എടിഎം ഉപയോഗിച്ചാൽ പണം ഈടാക്കാനുള്ള തീരുമാനത്തിനു പിന്നാലെ ഉപയോക്താക്കളുടെ കഴുത്തിനു പിടിക്കാൻ ബാങ്കുകൾ നീക്കം നടത്തുന്നതിനിടെയാണു എടിഎമ്മിൽ നിന്നു പിൻവലിക്കാനാകുന്ന തുക 10,000 ആക്കി ഉയർത്തിയത്. മാസം മൂന്നു തവണയിൽ കൂടുതൽ എടിഎം ഉപയോഗിച്ചാൽ ഫീസ് ഈടാക്കാനുള്ള നീക്കമാണു ബാങ്കുകൾ നടത്തുന്നത്. ഇക്കാര്യത്തിൽ അനുവാദം ആവശ്യപ്പെട്ടു ബാങ്കുകൾ കേന്ദ്രസർക്കാരിനെ സമീപിച്ചിട്ടുണ്ട്.

മൂന്നു തവണയിൽ കൂടുതൽ എടിഎം ഉപയോഗിച്ചാൽ ഫീസ് ഈടാക്കാൻ ബാങ്കുകൾ നീക്കം നടത്തുന്നതിനാൽ പതിനായിരം രൂപ പരിധി ഉപയോഗിച്ചു ഒറ്റയടിക്ക് ഉപയോക്താക്കൾ പണം പിൻവലിക്കും. അതുകൊണ്ടു തന്നെ 2000 രൂപയാകും കൂടുതൽ ഉപയോക്താക്കൾക്കു ലഭിക്കുക. ചെറിയ തുകയ്ക്കുള്ള നോട്ടുകൾ ഇല്ലാത്ത പ്രശ്‌നം അധികൃതർക്കു പരിഹരിക്കാൻ കഴിയുമെങ്കിലും പണം എടുക്കുന്ന ഉപയോക്താക്കൾക്കു ചില്ലറ പ്രശ്‌നം രൂക്ഷമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

പണത്തിനായി നെട്ടോട്ടമോടുന്ന ജനത്തെ ആശങ്കയിലാഴ്‌ത്തിയാണു കേന്ദ്രസർക്കാരിനു മുന്നിൽ എടിഎം സൗജന്യം മൂന്നു തവണയായി പരിമിതപ്പെടുത്താനുള്ള ബാങ്കുകളുടെ പുതിയ നിർദ്ദേശം എത്തിയത്. ബജറ്റിനു മുൻപായുള്ള കൂടിക്കാഴ്ചയിലാണ് സൗജന്യ എടിഎം ഇടപാടുകൾ മാസത്തിൽ മൂന്നു തവണയായി കുറയ്ക്കണമെന്ന് ബാങ്കുകൾ ആവശ്യപ്പെട്ടത്. ഡിജിറ്റൽ ഇടപാടുകളിലേക്ക് മാറ്റാൻ ഇത് സഹായിക്കുമെന്ന നിലപാടിലാണു ബാങ്കുകൾ. ഇക്കാര്യം പ്രധാനമന്ത്രിയുടെ സജീവ പരിഗണനയിലാണ്.

അഞ്ച് സൗജന്യ എടിഎം ഇടപാടുകളാണ് നിലവിൽ ഉള്ളത്. കൂടുതലായുള്ള ഓരോ ഇടപാടിനും 23 രൂപ സർവീസ് ചാർജായി ഈടാക്കും. 2014 നവംബർ മുതൽ മുംബൈ, ന്യൂഡൽഹി, ചെന്നൈ, കൊൽക്കത്ത, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ മെട്രോകളിൽ മറ്റു ബാങ്കുകളുടെ എടിഎമ്മുകളിൽനിന്ന് പണം പിൻവലിക്കുന്നത് മൂന്നുതവണ മാത്രമായി കുറച്ചിരുന്നു. ഇത് ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നാണ് ബാങ്ക് അധികൃതരുടെ നിർദ്ദേശം.