തിരുവനന്തപുരം: ശബരിമല യുവതിപ്രവേശ വിധിക്കെതിരെ നടന്ന സമരങ്ങളുമായും പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടും രജിസ്റ്റർ ചെയ്തതിൽ ഗുരുതരമായ ക്രിമിനൽ സ്വഭാവം ഇല്ലാത്ത കേസുകൾ പിൻവലിക്കും. തുടർ നടപടികൾ സ്വീകരിക്കുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തൊട്ടാകെ 2636 കേസുകളും, പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് 836 കേസുകളുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. നിയമാനുസൃതം പ്രതിഷേധിച്ചവർക്കെതിരെ കേസുകൾ എടുത്തിട്ടില്ല.

രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ നിലവിലെ സ്ഥിതി, സ്വഭാവം, എന്നിവ പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കുന്നതിനു തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിൽ പ്രത്യേക കമ്മിറ്റിയെ രൂപീകരിച്ചിട്ടുണ്ട്.