കൊല്ലം: മത്സ്യബന്ധനത്തിനിടെ അപ്രതീക്ഷിതമായി എത്തിയ അപകടത്തിന്റ ആഘാതത്തിൽ നിന്ന് ആരോക്യ അന്നെയിലെ ആറു തൊഴിലാളികളും മോചിതരായിട്ടില്ല. ഭീതിതമായ ഓർമ്മകളാണ് അവരിൽ ഈ ദുരന്തം ഏൽപ്പിച്ചത്. ഇതിനു സമാനമായ മാനസികാവസ്ഥയിൽ തന്നെയാണ് 

കൊല്ലത്തുള്ള ലൗ മേരി ബോട്ടിലെ മത്സ്യത്തൊഴിലാളികളും. ആഴക്കടലിൽ നിന്ന് ആറു ജീവനുകൾ രക്ഷിക്കാനായതിന്റെ സംതൃപ്തിയിലാണ് ിവർ. വിദേശകപ്പൽ ആരോക്യ അന്നെ വള്ളത്തിലിടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ രക്ഷകരായത് സമീപത്തുണ്ടായിരുന്ന ഈ ബോട്ടിലെ തൊഴിലാളികൾ ആയിരുന്നു.

മത്സ്യബന്ധനത്തിന് ശേഷം വള്ളത്തിൽ വിശ്രമിക്കുമ്പോഴായിരുന്നു അപകടമുണ്ടായതെന്ന് ആരോക്യ അന്നെയിലെ തൊഴിലാളികൾ പറയുന്നു. വള്ളത്തിന് അഭിമുഖമായി പാഞ്ഞെത്തിയ കപ്പൽ വള്ളത്തിന്റെ മുൻഭാഗത്ത് ഇടിക്കുകയായിരുന്നു. അപ്രതീക്ഷിതമായ അപാകത്തിൽ നിന്ന് രക്ഷപ്പെട്ടതിന്റ അമ്പരപ്പ് ഇനിയും മാറിയിട്ടില്ല. എല്ലാം ദൈവത്തിന്റെ കൃപ എന്നു വിശ്വസിക്കുന്നു. ഇത്തരമൊരു അപകടം നടന്നാൽ ജീവൻ തിരിച്ചു കിട്ടുക എന്നത് തന്നെ അത്ഭുതം. കപ്പൽ ഇടിച്ചതിനെ തുടർന്ന് വള്ളം കീഴ്‌മേൽ മറിയുകയും അടിഭാഗം ഇളകി മാറുകയും ചെയ്തു. വള്ളത്തിലെ എൻജിനും വലയും പൂർണ്ണമായി നഷ്ടപ്പെട്ടു. 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ സഹായം മറുനാടനോട് പറഞ്ഞു.

വള്ളം അപകടത്തിൽപ്പെട്ടതിന് ഏതാനും ദൂരത്ത് മത്സ്യ ബന്ധനത്തിലേർപ്പെട്ടിരുന്ന ലൗ മേരി ബോട്ടിലെ തൊഴിലാളികളും സംഭവം വിവരിക്കുന്നത് ഏറെ അത്ഭുതത്തോടെയും അതിലേറെ ഭീതിയോടെയുമാണ്.

'ഞങ്ങൾ പതിവു പോലെ മത്സ്യ ബന്ധനം നടത്തുന്നതിനിടെ അല്പം അകലെയായി ഒരു കപ്പൽ പോകുന്നത് കണ്ടു. കുറേ കഴിഞ്ഞപ്പോൾ ഒരാൾ വെള്ളത്തിൽ മുങ്ങിപ്പൊങ്ങി ബോട്ടിനടുത്തേക്ക് വരുന്നതാണ് കാണുന്നത്. റോപ്പ് ഇട്ട് കൊടുത്ത് ആളെ ബോട്ടിൽ കയറ്റി. അയാൾ പറയുമ്പോഴാണ് അപകടത്തെ പറ്റി അറിയുന്നത്' . പുറംകടലിൽ നിന്ന് തീരത്തെത്തിയ ലൗ മേരി ബോട്ടിന്റെ സ്രാങ്ക് ക്രിസ്തുദാസ് മറുനാടൻ മലയാളിയോട് പറഞ്ഞു.

' ആറു പേരാണ് അപകടത്തിൽ പെട്ട വള്ളത്തിൽ ഉണ്ടായിരുന്നത്. ഉടൻ വയർലെസ് വഴി മറ്റൊരു ബോട്ടിൽ അറിയിക്കുകയും ഞങ്ങൾ അപകടം നടന്ന സ്ഥലത്തേക്ക് തിരിക്കുകയും ചെയ്തു. അപകട സ്ഥലത്ത് ആദ്യമെത്തിയതും ഞങ്ങളായിരുന്നു. മറിഞ്ഞ വള്ളത്തിൽ തൂങ്ങി പിടിച്ചു മൂന്നു പേർ കടലിൽ പൊങ്ങിക്കിടപ്പുണ്ടായിരുന്നു. രണ്ടു പേർ വെള്ളത്തിൽ നീന്തി നിൽക്കുകയുമായിരുന്നു. ഞങ്ങളുടെ ആൾക്കാർ കടലിലേക്ക് ചാടി ഇവരെ രക്ഷപെടുത്തുകയായിരുന്നു. ദൈവം തുണച്ചു' ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ആ നിമിഷങ്ങൾ ക്രിസ്തുദാസ് ഓർത്തെടുക്കുന്നു.

'രക്ഷിച്ച ഉടൻ തന്നെ ഞങ്ങൾ തീരത്തേയ്ക്ക് മടങ്ങാൻ തീരുമാനിച്ചു. ആറു പേരും അവശനിലയിലായിരുന്നു. അപ്രതീക്ഷിത സംഭവത്തിന്റെ നടുക്കം ഇവരിൽ നിന്ന് അപ്പോഴും വിട്ടുമാറിയിരുന്നില്ല. അപ്പോഴേയ്ക്കും പല ബോട്ടുകളും വള്ളങ്ങളും കൈമാറി അപകട സന്ദേശം നീണ്ടകര കോസ്റ്റൽ പൊലീസ് മറൈൻ എൻഫോഴ്‌സ്‌മെന്റിലും കോസ്റ്റ് ഗാർഡിലുമെത്തിയിരുന്നു. കൊച്ചിയിൽ നിന്നും നാവിക സേനയുടെ വിമാനവും ഹെലികോപ്‌ററർ അപകടസ്ഥലത്തെത്തുമ്പോഴേയ്ക്ക് അപകടത്തിൽ പെട്ടവരുമായി ഞങ്ങൾ മടക്കയാത്രയിലായിരുന്നു. ഇവർ ആറു പേരും സുരക്ഷിതരായതിനാൽ സഹായം ആവശ്യമില്ലെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് നാവികസേന മടങ്ങി. പിന്നീട് രണ്ടു ബോട്ടുകളിലായി അപകടത്തിൽ പെട്ട തൊഴിലാളികളെയും തകർന്ന വള്ളവും 12.30 ഓടെ നീണ്ടകര തുറമുഖത്തെത്തിച്ചു.' ക്രിസ്തുദാസ് പറഞ്ഞു നിർത്തി. എങ്കിലും ആ മുഖത്ത് കരകാണാക്കടൽ പോലെ പരന്നു കിടക്കുന്ന അനിശ്ചിത്വം നിഴലിച്ചു. അത് ഈ മേഖലയിലെ തൊഴിലാളികൾ എത്രമാത്രം ആശങ്കയിലാണെന്ന് വ്യക്തമാക്കുന്നതായിരുന്നു.

കഴിഞ്ഞ ദിവസം കൊല്ലത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായത്. രാജ്യന്തരപാതയിലേക്ക് കടന്ന ആരോക്യ അന്നൈ എന്ന വള്ളത്തിലാണ് കപ്പലിടിച്ചത്. നീണ്ടകര സ്വദേശി സേവ്യർ, കന്യാകുമാരി- കൊല്ലംകോട് സ്വദേശികളായ സജി, സൈജു, റിമയാസ്, ജോൺ പ്രഭു, ഏലിയാസ് എന്നിവരായിരുന്നു ആരോക്യ അന്ന വള്ളത്തിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ വെള്ളത്തിലേക്ക് തെറിച്ച് വീണ സജിയാണ് ധൈര്യപൂർവ്വം നീന്തി ലൗ മേരി ബോട്ടിൽ വിവരമറിയിച്ചത്. ഇതേ തുടർന്നാണ് മറ്റുള്ളവരെയും രക്ഷിക്കാനായത്.

കൊല്ലം, ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസിന്റെ നേതൃത്വത്തിൽ അപകടത്തിൽ പെട്ട വള്ളത്തിലേയും രക്ഷാപ്രവർത്തനം നടത്തിയ ബോട്ടുകളിലേയും തൊഴിലാളികളുടെ മൊഴി എടുത്തു. അതേ സമയം അപകടമുണ്ടാക്കിയ കപ്പൽ ഇത് വരെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു.

കൊല്ലത്ത് മത്സ്യബന്ധന ബോട്ടുകൾക്കെതിരായ കപ്പൽ ഭീഷണി മുൻപു പല തവണയും ഉണ്ടായിട്ടുണ്ട്. ഇത്തവണ ബോട്ട് തകർന്നിട്ടും തൊഴിലാളികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. എന്നാൽ കൊല്ലത്തെ കപ്പൽച്ചാലുകൾക്കു സമീപത്തായി മുൻപുണ്ടായ അഞ്ചു സംഭവങ്ങളിലായി 18 പേർക്കാണു ജീവൻ നഷ്ടപ്പെട്ടത്.

2004, 2007, 2010, 2012 എന്നീ വർഷങ്ങളിലായിരുന്നു അപകടങ്ങൾ. 2004ൽ ഒറ്റ അപകടത്തിൽ ഏഴു പേർ മരിച്ചെങ്കിൽ 2012ൽ രണ്ടാഴ്ചയ്ക്കുള്ളിലാണു രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി ഏഴു പേർ കൊല്ലപ്പെട്ടത്. കൊല്ലം തീരത്തു നിന്നു മാറിയും സമാനമായ ഒട്ടേറെ സംഭവങ്ങൾ ഇക്കാലയളവിൽ ഉണ്ടായിട്ടുണ്ട്.

2004 ഓഗസ്റ്റ് കൊച്ചിയിൽ നിന്നു സിംഗപ്പൂരിലേക്കു പോയ ദോഗവ എന്ന കപ്പൽ നീണ്ടകരയിൽ നിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ട് ഇടിച്ചു തകർത്തപ്പോൾ ജീവൻ നഷ്ടമായത് ഏഴു പേർക്ക്. 2007ലും 2010ലും സമാനമായ അപകടങ്ങളിൽ രണ്ടു പേർ വീതം മരിച്ചു.
2012 ഫെബ്രുവരി 15 മത്സ്യബന്ധനത്തിനായി കൊല്ലം തീരത്തു നിന്നു പോയ സെന്റ് ആന്റണീസ് എന്ന ബോട്ടിലെ രണ്ടു തൊഴിലാളികൾ ഹെന്റിക്ക ലെക്‌സിയെന്ന ഇറ്റാലിയൻ കപ്പലിൽ നിന്നുള്ള വെടിയേറ്റു മരിച്ചു. കൊല്ലം വാടി സ്വദേശി ജലസ്റ്റിൻ എന്ന വാലന്റൈൻ, കന്യാകുമാരി സ്വദേശി അജീഷ് പിങ്കു എന്നിവരാണു മരിച്ചത്. ഇറ്റാലിയൻ നാവികരായ മാസി മിലിയാനോ, സാൽവത്തോറോ ജെറോൺ എന്നിവർ പ്രതികളായ കേസ് ഇപ്പോഴും വിചാരണ ഘട്ടത്തിലാണ്. ഇതിനിടെ ജാമ്യം നേടിയ പ്രതികൾ ഇപ്പോൾ ഇറ്റലിയിലാണുള്ളത്.
ഇറ്റാലിയൻ കപ്പലിൽ നിന്നുള്ള വെടിയൊച്ചയുടെ ഞെട്ടൽ മാറും മുമ്പ് 2012 മാർച്ച് ഒന്നിന് കൊല്ലത്തു നിന്നു മത്സ്യബന്ധനത്തിനായി പോയ ഡോൺ വൺ ബോട്ടിൽ എംവി പ്രഭുദയ എന്ന കപ്പൽ ഇടിച്ചു. അപകടത്തിൽ ജസ്റ്റിൻ, സേവ്യർ, ബർണാഡ്, ക്ലീറ്റസ്, സന്തോഷ് എന്നിവരാണു മരിച്ചത്. രണ്ടു പേരുടെ മൃതദേഹങ്ങളാണ് ആദ്യം കിട്ടിയത്. ബാക്കി മൂന്നു പേരുടെ മൃതദേഹം മൂന്നിടങ്ങളിൽ നിന്നു പല ദിവസങ്ങളിലായാണു ലഭിച്ചത്.