ഡാളസ്: പറവൂർ വെടിക്കെട്ട് ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കൊല്ലം പ്രോവിൻസ് നടത്തി വരുന്ന ആതുര സേവനത്തിൽ പങ്കുചേർന്നുകൊണ്ട് ഡാളസിലെ വേൾഡ് മലയാളി കൗൺസിൽ ഡിഎഫ്ഡബ്ല്യു പ്രോവിൻസ് വിഷുദിനത്തിൽ മാതൃകയായി.

പ്രോവിൻസിന്റെ സാമ്പത്തിക സഹായം കൊല്ലം പ്രോവിൻസ് പ്രസിഡന്റ് അഡ്വ. നടക്കൽ ശശിക്ക് നൽകിയതായി സെക്രട്ടറി വർഗ്ഗീസ് കെ വർഗ്ഗീസും ട്രഷറർ എബ്രഹാം ജേക്കബും സംയുക്തമായി അറിയിച്ചു. ഡിഎഫ്ഡബ്ല്യു പ്രോവിൻസിന്റെ സമയോചിതമായ ധനസഹായത്തിനു കൊല്ലം പ്രോവിൻസ് നന്ദി അറിയിച്ചു. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കമ്മറ്റിയും കേരള കൗൺസിലും തുടർ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുമെന്ന് ഡബ്ല്യുഎംസിയുടെ വക്താക്കൾ അറിയിച്ചു.

ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിനും വിശേഷാൽ അമേരിക്കൻ മലയാളികൾക്കും വിഷുദിനാശംസകൾ നേരുന്നതായി പ്രസിഡന്റ് പിസി മാത്യു, ചെയർമാൻ ജോൺ ഷെറി, അഡൈ്വസറി ചെയർമാൻ ടിസി ചാക്കോ എന്നിവർ അറിയിച്ചു. പ്രോവിൻസ് കാബിനറ്റ് യോഗത്തിൽ വൈസ് പ്രസിഡന്റ് തോമസ് ചേള്ളേത്ത്, ചാരിറ്റി കോർഡിനേറ്റർ സാം മാത്യു, രാജൻ മാത്യു എന്നിവർ പ്രസംഗിച്ചു.

അടുത്തകാലത്ത് റോളറ്റിലും ഗാർലന്റിലും ഉണ്ടായ ടൊർണാഡോ നാശനഷ്ടങ്ങളാൽ ദുരിതമനുഭവിക്കുന്നവർക്കും വേൾഡ് മലയാളി കൗൺസിൽ ഡിഎഫ്ഡബ്ല്യു പ്രോവിൻസ് സഹായങ്ങൾ നൽകിയിരുന്നു.