മുംബൈ: പ്രായപൂർത്തിയാകാത്ത ബാലനുമായി ലൈം​ഗിക ബന്ധത്തിലേർപ്പെട്ട യുവതി അറസ്റ്റിലായി. പതിനഞ്ചുകാരനെ ലൈം​ഗികമായി പീഡിപ്പിച്ചെന്ന കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് 24കാരിയായ യുവതിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. തന്റെ വീട്ടിൽ പേയിം​ഗ് ​ഗസ്റ്റായി താമസിച്ചിരുന്ന യുവതി മകനെ ലൈം​ഗിക പീഡനത്തിനിരയാക്കി എന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം.

ആരോപണ വിധേയായ യുവതി നഗരത്തിലെ ഒരു ഷോപ്പിങ് സെന്ററിൽ ജോലി ചെയ്തു വരികയാണ്. ഇവർക്ക് ഒരു മകനുമുണ്ട്. യുവതി കൗമാരക്കാരന്റെ വീട്ടിൽ പേയിങ് ഗസ്റ്റായി താമസിച്ചിരുന്നപ്പോഴായിരുന്നു പീഡനം. മകനുമായി സൗഹൃദം സ്ഥാപിച്ച യുവതി പിന്നീട് ചൂഷണം ചെയ്യുകയായിരുന്നെന്നാണ് അമ്മയുടെ പരാതിയിൽ പറയുന്നത്.

കഴിഞ്ഞ സെപ്റ്റംബറിലാണ് യുവതി ഈ വീട്ടിൽ താമസിക്കാനെത്തുന്നത്. നവംബർ ആദ്യത്തോടെ റൂം ഒഴിയുകയും ചെയ്തു. ഇതിനിടയിലാണ് കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതെന്നാണ് പരാതിയിൽ പറയുന്നത്. കുട്ടിയുടെ അമ്മയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതോടെ യുവതി ഒളിവിൽ പോയിരുന്നു. പോക്‌സോ വകുപ്പുകൾ പ്രകാരമാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്. അതേസമയം ആരോപണങ്ങൾ നിഷേധിച്ച യുവതിയുടെ അഭിഭാഷകൻ പരാതി വ്യാജമാണെന്നാണ് പറയുന്നത്. വാടകയെച്ചൊല്ലിയുണ്ടായ തർക്കത്തിന്റെ പേരിലാണ് ഇത്തരം ആരോപണം ഉന്നയിച്ചതെന്നും അദ്ദേഹം പറയുന്നു.