പറവൂർ : ഗൾഫുകാരനെ ചാറ്റിംഗിലൂടെ പരിചയപ്പെട്ട് വശത്താക്കി വിവാഹംചെയ്ത് പിന്നീട് അയാളെ കൊല്ലാൻ ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയ യുവതി അറസ്റ്റിൽ. കോതമംഗലം തൃക്കാരിയൂരിലുള്ള സ്വകാര്യ ആയുർവേദ തിരുമ്മൽ കേന്ദ്രത്തിലെ ജീവനക്കാരിയായ കാട്ടൂർ കാരിഞ്ചിറ പെരിങ്ങോട്ട് വീട്ടിൽ കാവ്യാഞ്ജലി (29) ആണ് വടക്കേക്കര പൊലീസിന്റെ പിടിയിലായത്. രണ്ടുവർഷം മുമ്പ് വിവാഹമോചനം നേടിയ ഭർത്താവിനെ കൊല്ലാൻ യുവതി ക്വട്ടേഷൻ നൽകുകയും അക്രമിസംഘം ആളുമാറി ഇയാളുടെ സഹോദരനെ വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. ഈ കേസിലാണ് അറസ്റ്റ്.

ആദ്യഭർത്താവിന്റെ കാര്യവും അതിലൊരു കുട്ടിയുള്ള കാര്യവുമെല്ലാം മറച്ചുവച്ച് യുവതി ഗൾഫിലുള്ള ഗോതുരുത്ത് കടകത്ത് സെബാസ്റ്റ്യന്റെ മകൻ സഫിനെ ഇന്റർനെറ്റ് ചാറ്റിംഗിലൂടെ പരിചയപ്പെട്ട് വിവാഹം കഴിക്കുകയായിരുന്നു. വിഭിന്ന മതസ്ഥരായ ഇവരുടേത് രജിസ്റ്റർ വിവാഹമായിരുന്നു. എന്നാൽ മുൻഭർത്താവിന്റെയും കുട്ടിയുടെയും കാര്യങ്ങൾ അറിഞ്ഞ സഫിൻ രണ്ടുവർഷം മുമ്പ് കാവ്യാഞ്ജലിയിൽ നിന്ന് വിവാഹമോചനം നേടി. വിവാഹത്തിനു ശേഷമാണ് ഒമ്പത് വയസ്സുള്ള കുട്ടിയുള്ള വിവരം സഫിൻ അറിയുന്നത്. വിവാഹത്തിനു മുമ്പ് അമ്പത് പവൻ സ്വർണ്ണാഭരണങ്ങളുണ്ടെന്നും കാവ്യഞ്ജലി പറഞ്ഞിരുന്നു. ഇതിൽ നല്ലെരു ഭാഗവും മുക്കുപണ്ടമായിരുന്നു. കുട്ടിയുണ്ടെന്ന വിവരം അറിഞ്ഞതോടെ സഫിൻ വിവാഹമോചനം തേടി. ഇതിനു പ്രതികാരം ചെയ്യുമെന്ന് സഫിനോട് വിവാഹമോചന സമയത്ത് കാവ്യഞ്ജലി പറഞ്ഞിരുന്നതായി പൊലീസ് പറഞ്ഞു.

സഫിനോടു തോന്നിയ പകയുമായി ചാറ്റിംഗിലൂടെ പരിചയപ്പെട്ട രണ്ടു ഗുണ്ടകൾക്ക് കാവ്യാഞ്ജലി ക്വട്ടേഷൻ നൽകുകയായിരുന്നു എന്ന് പൊലീസ് കണ്ടെത്തി. എന്നാൽ ആളുമാറി ഇവർ സഫിന്റെ സഹോദരൻ സ്‌റ്റെഫിനെ (25) ആണ് വെട്ടിയത്. പ്രിൽ 27 ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ വർക്‌സ് ഷോപ്പിൽ നിന്നും ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം. ബൈക്കിൽ എത്തിയ രണ്ടുപേർ വാക്കത്തികൊണ്ട് വെട്ടുകയായിരുന്നു. ഇടതു തോൾ, തുട, കൈത്തണ്ട എന്നിവടങ്ങളിൽ വെട്ടേറ്റുവീണ സഫിനെ പിന്നീട് നാട്ടുകാരാണ് ആശുപത്രിയിലാക്കിയത്.

സംഭവം നടക്കുമ്പോൾ മറ്റൊരും വീട്ടിലുണ്ടായിരുന്നില്ല. ആരാണു വെട്ടിയതെന്നോ, ഇതിനുള്ള കാരണമെന്നോ സ്റ്റെഫിനും കുടുംബത്തിനും അറിയില്ലായിരുന്നു. പൊലീസും ആദ്യം കുഴങ്ങിയ കേസിൽ പിന്നീടാണ് സ്റ്റെഫിന്റെ സഹോദരൻ സഫിന്റെ മുൻ ഭാര്യ കാവ്യാഞ്ജലിയിലേയ്ക്ക് അന്വേഷണമെത്തിയത്. ഇതോടെ വധശ്രമ കേസാണ് പ്രതിക്കെതിരെ പൊലീസ് എടുത്തിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സഫിനെ അപായപ്പെടുത്തുന്നതിന് 30,000 രൂപ കാവ്യാഞ്ജലി ഗുണ്ടകൾക്ക് നൽകിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.