- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരീക്ഷാ ഭവനിൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനിൽ പി.എസ്.സി വഴി ജോലി വാഗ്ദാനം ചെയ്തു; പുളിയറക്കോണം സ്വദേശികളായ ദമ്പതിമാരിൽ നിന്നും തട്ടിയെടുത്തത് 3,80,000 രൂപ; കേസിൽ ഭർത്താവിന് പിന്നാലെ ഭാര്യയും അറസ്റ്റിൽ
തിരുവനന്തപുരം: പരീക്ഷാ ഭവനിൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനിൽ പി.എസ്.സി വഴി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ ഒന്നാം പ്രതിയായ യുവതി അറസ്റ്റിൽ. പേട്ട പ്രിയശ്രീ ടി.സി.30/10 ൽ കെ.ശുഭയെയാണ് (42) വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തത്.
പി.എസ്.സി. വഴി പരീക്ഷാഭവനിൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ സെന്ററിൽ ജോലി ശരിയാക്കാമെന്നു പറഞ്ഞ് വിളപ്പിൽശാല പുളിയറക്കോണം സ്വദേശികളായ ദമ്പതിമാരിൽ നിന്നും 3,80,000-രൂപ കൈക്കലാക്കി മുങ്ങിയ കേസിലെ ഒന്നാം പ്രതിയാണ് പിടിയിലായത്. ഈ കേസിലെ രണ്ടാം പ്രതിയായ ശുഭയുടെ ഭർത്താവ് സാബുവിനെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കോഴിക്കോട് ബാലുശ്ശേരി ഭാഗത്ത് ഒളിവിൽ കഴിയവേയാണ് ശുഭയെ അറസ്റ്റ് ചെയ്തത്. തട്ടിപ്പിനുശേഷം മുങ്ങിയ ശുഭ കോഴിക്കോട് ബാലുശ്ശേരിക്കടുത്തുള്ള കാട്ടാമ്പടിയെന്ന സ്ഥലത്താണ് ഒളിവിൽ കഴിഞ്ഞിരുന്നത്. റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. വി.ദിവ്യാ ഗോപിനാഥിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കാട്ടാക്കട ഡിവൈ.എസ്‌പി. കെ.എസ്.പ്രശാന്തിന്റെ നിർദ്ദേശമനുസരിച്ച് വിളപ്പിൽശാല ഇൻസ്പെക്ടർ എൻ.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ എസ്‌ഐ. ഗംഗാപ്രസാദ്, എഎസ്ഐ. ബൈജു ആർ.വി., സി.പി.ഒ. പ്രദീപ്, സ്വാതി എന്നിവരങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇരുവർക്കുമെതിരെ മണ്ണന്തല പൊലീസ് സ്റ്റേഷൻ ഉൾപ്പെടെ നിരവധി സ്റ്റേഷൻ പരിധിയിൽ സാമ്പത്തിക തട്ടിപ്പിന് കേസ് നിലവിലുള്ളതായി പൊലീസ് അറിയിച്ചു. താമസിക്കുന്നിടത്തെ സമീപവാസികളുമായി സ്‌നേഹബന്ധം സ്ഥാപിക്കും, തുടർന്ന് ആരും വിശ്വസിച്ച് പോകുംവിധം സംസാരിച്ച് വീഴ്‌ത്തും. ക്രമേണ ജോലി വാഗ്ദാനം നൽകി പണം തട്ടിയെടുത്ത് ജില്ല വിട്ട് ആർഭാട ജീവിതം നയിക്കുകയാണ് ശുഭയുടെയും സാബുവിന്റെയും രീതിയെന്നും പൊലീസ് അറിയിച്ചു.
സമാന രീതിയിൽ നിരവധി പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരമെന്ന് എസ്.എച്ച്.ഒ സുരേഷ് കുമാർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ