കൊച്ചി: മയക്കുമരുന്ന് മാഫിയയുടെ സ്വന്തം ഹബ്ബായി കൊച്ചി മാറിയിട്ട് കുറച്ചു കാലമായി. മദ്യനിരോധനം കൂടിയായപ്പോൾ മയക്കുമരുന്നിലേക്ക് മാറിയത് യുവതലമുറയാണെന്ന് ഞെട്ടിക്കുന്ന കണക്കാണ്. ഇതിനിടെയാണ് ഇന്ത്യയിൽ ലഹരി ഉപയോഗത്തിൽ അമൃത്‌സർ, പൂണെ എന്നീ നഗരങ്ങൾ കഴിഞ്ഞാൽ കൊച്ചി നഗരത്തിനാണ് മൂന്നാം സ്ഥാനത്താണെന്ന റിപ്പോർട്ടും പുറത്തുവന്നത്. ഈ റിപ്പോർട്ടുകളെ ശരിവെക്കുന്ന വിധത്തിലാണ് പുറത്തുവരുന്ന വാർത്തകളും. സ്ത്രീകൾ അടക്കം കഞ്ചാവ് ഉപയോഗത്തിലും വിൽപ്പനയിലും മുന്നിൽ നിൽക്കുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം കഞ്ചാവ് വിൽപ്പനക്കിടെ പിടിയിലായതുകൊച്ചിയിൽ യുവതികൾക്കിടയിൽ കഞ്ചാവ് വിൽക്കുന്നവരിലെ മുഖ്യകണ്ണിയാണ്.

ലോഡ്ജിൽ താമസിച്ചു കഞ്ചാവ് കച്ചവടം നടത്തിയ കേസിൽ യുവതിയടക്കം നാലുപേരാണ് കഴിഞ്ഞദിവസം പിടിയിലായത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് യുവതികളിലെ കഞ്ചാവ് ഉപയോഗത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. വൈപ്പിൻ തൈവേലിക്കകത്ത് വിനീഷ് വിശ്വനാഥൻ(20), ആലപ്പുഴ കോമളപുരം വടക്കുഴിവെളിയിൽ വീട്ടിൽ പ്രദീപ് ഏബ്രഹാം(20), പുതുവൈപ്പ് തുണ്ടത്തിൽ വീട്ടിൽ രാഹുൽ സുബ്രഹ്മണ്യൻ(23), ഇടക്കൊച്ചി പട്ടിത്തറ വീട്ടിൽ ദിൽഷിദ സലാം(21) എന്നിവരെയാണ് അരക്കിലോ കഞ്ചാവുമായി സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇതിൽ ഇടക്കൊച്ചി സ്വദേശിയായ ദിൽഷിദ സലാം കോളേജ് വിദ്യാർത്ഥിനികൾക്കിടയിലും കഞ്ചാവ് വിൽക്കുന്ന വ്യക്തിയാണെന്ന ബോധ്യമായിട്ടുണ്ട്. ചെറിയതോതിൽ കഞ്ചാവ് ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടാണ് യുവതി പ്രവർത്തിക്കുന്നത്. ആവശ്യക്കാർക്ക് ഇവർ നേരിട്ടെത്തി കഞ്ചാവ് നൽകുകയാണ് ചെയ്യുന്നത്. ഇവരുടെ കീഴിൽ സാധനം സപ്ലൈ ചെയ്യാനായി നിരവധി യുവതികളും പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.

ലോഡ്ജ് കേന്ദ്രീകരിച്ചു മയക്കുമരുന്നു കച്ചവടം നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് എസ്.ഐ: ഡി. ദീപുവും സംഘവും നടത്തിയ അന്വേഷണത്തിലാണു പ്രതികൾ വലയിലായത്. മറൈൻഡ്രൈവിനു സമീപം പകലും രാത്രിയുമായി സംഘം ചേർന്നാണ് കച്ചവടം നടത്തിയിരുന്നത്. പിടിയിലായ യുവതി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും ഈ സംഘത്തിൽ നഗരത്തിലെ ടെക്‌സ്‌റ്റൈൽ ഷോപ്പുകളിൽ ജോലിചെയ്യുന്ന എറണാകുളം വൈപ്പിൻ സ്വദേശിനികളായ യുവതികളുമുണ്ടെന്നും പൊലീസ് പറഞ്ഞു.

തമിഴ്‌നാട്, ഒഡീഷ എന്നിവിടങ്ങളിൽ നിന്നും കഞ്ചാവ് എത്തിച്ചിരുന്നത് വിനീഷും രാഹുലും ചേർന്നാണ്. സംഘത്തിലെ യുവതികൾ വഴിയാണ് വിൽപ്പന നടത്തിയിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. സ്ത്രീകൾക്കിടയിലും കഞ്ചാവ് ഉപയോഗം കൂടുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് ദിൽഷിദയുടെ അറസ്‌റ്റോടെ വ്യക്തമാകുന്നത്.