പത്തനംതിട്ട: ഗൾഫിൽ വച്ച് വിവാഹംകഴിക്കുകയും എട്ടുവർഷത്തിന് ശേഷം തന്നെയും മൂന്നുമക്കളേയും ഉപേക്ഷിച്ച് നാട്ടിലേക്ക് മുങ്ങുകയും ചെയ്ത യുവാവിനെ തേടി 33 കാരി പത്തനംതിട്ടയിലെത്തി.

കാസർകോട് കാഞ്ഞങ്ങാട് സ്വദേശിനിയായ റിഹാനയാണ് തന്നെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവാവിനെ പിൻതുടർന്ന് കണ്ടുപിടിച്ചത്. എ്ന്നാൽ വീണ്ടും മറ്റൊരു യുവതിക്കൊപ്പം കടന്നുകളഞ്ഞ യുവാവിനായി അന്വേഷണത്തിലാണ് ഈ യുവതി.

തനിക്കും കുട്ടികൾക്കും ചെലവിനും സംരക്ഷണവും നൽകാതെ ഇടുക്കി കട്ടപ്പനയിലുള്ള മറ്റൊരു യുവതിയോടൊപ്പം മുങ്ങിയ ഭർത്താവിനെ തേടിയാണ് വീട്ടമ്മയും മൂന്നു മക്കളും അലയുന്നത്. കുവൈറ്റിൽ ജനിച്ചുവളർന്ന റിഹാന ഭർത്താവിനെ കണ്ടുപിടിച്ചു നൽകണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട പൊലീസിലും ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയിലും പരാതി നൽകിയിരിക്കുകയാണിപ്പോൾ.

കുവൈത്തിൽ ഡ്രൈവറായി ജോലി നോക്കിയിരുന്നയാളുമായി 2000ലാണ് ഇവരുടെ വിവാഹം നടന്നത്. കുവൈറ്റ് കോടതിയിലായിരുന്നു തങ്ങളുടെ വിവാഹമെന്നും വിവാഹശേഷം എട്ടു വർഷത്തിനുശേഷം നാട്ടിൽ പോയ ഭർത്താവ് തിരികെയെത്തുകയോ വിവരങ്ങൾ അന്വേഷിക്കുകയോ ചെയ്തില്ലെന്നും ഇവരുടെ പരാതിയിൽ പറയുന്നു.

ആറു വർഷം മുമ്പ് ഇവർ കേരളത്തിലെത്തി ഭർത്താവിനെ അന്വേഷിക്കുകയും കാഞ്ഞങ്ങാട് പൊലീസിൽ പരാതി നൽകുകയും ചെയ്തെങ്കിലും ആളെ കണ്ടെത്തിയില്ല.

തിരികെ കുവൈറ്റിലെത്തി അന്വേഷണം തുടർന്നപ്പോഴാണ് തന്റെ ഭർത്താവ് പത്തനംതിട്ട സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഡ്രൈവറായി ജോലി ചെയ്യുന്ന വിവരം അറിഞ്ഞത്. തുടർന്നു മക്കളുമൊത്ത് പത്തനംതിട്ടയിലെത്തി അഴൂരിന് സമീപം താമസമാക്കി.

മകന്റെ സഹായത്തോടെ ഭർത്താവിനെ കണ്ടെത്തിയെങ്കിലും ഒപ്പമുണ്ടായിരുന്ന യുവതിയോടൊപ്പം ഇയാൾ മുങ്ങി. പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെ ഇയാൾ സ്റ്റേഷനിലെത്തി ഇവരെ നോക്കിക്കൊള്ളാമെന്ന് ഉറപ്പു നൽകി കൂടെ താമസം തുടങ്ങിയതായി റിഹാന പറയുന്നു.

പക്ഷേ, ദിവസങ്ങൾക്കു ശേഷം വീണ്ടും, നേരത്തേ കൂടെ താമസിച്ചിരുന്ന യുവതിയുമായി മുങ്ങുകയായിരുന്നു. പരാതി നൽകിയതോടെ പൊലീസ് ഇയാളെ കട്ടപ്പനയിൽ നിന്നു കണ്ടെത്തി ജയിലിലാക്കി. അവിടെനിന്നു ജാമ്യത്തിലിറങ്ങിയെങ്കിലും ഭാര്യയെയും മക്കളെയും സംരക്ഷിക്കാൻ തയാറായില്ല. പിന്നീട് ഇതുവരെ കണ്ടെത്തിയില്ല. ഇതോടെയാണു വീണ്ടും പരാതിയുമായി റിഹാന അധികൃതരെ സമീപിച്ചത്.