കൊല്ലം: കൊല്ലത്ത് മദ്യലഹരിയിൽ ഇന്നലെ അഴിഞ്ഞായ വനിതാ ദന്തഡോക്ടർ രശ്മി പിള്ള സ്ഥിരം പ്രശ്‌നക്കാരി. ഇതിന് മുമ്പ് ആംബുലൻസിന്റെ താക്കോൽ ഊരിയെടുത്ത സംഭവത്തിൽ ഇയാൾ കേസെടുത്തിരുന്നു. എന്നാൽ, സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച ശേഷം ആഡംബര കാറോടിച്ച ഇവർ അതിക്രമം കാണിച്ചപ്പോൾ ഗതാഗത തടസമുണ്ടായത് ഒരു മണിക്കൂറോളമായിരുന്നു. ഇന്നലെ വൈകീട്ടാണ് സംഭവമുണ്ടായത്. ദേശീയപാതയിൽ മേവറം ഭാഗത്തുനിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന ഡോക്ടറുടെ ആഡംബര കാർ നിരവധി വാഹനങ്ങളിൽ ഇടിച്ചു. ആദ്യം മാരുതി കാറിലിടിച്ചശേഷം മുന്നോട്ടുപോയ കാർ എതിരെ വന്ന ബൈക്ക് ഇടിച്ചുവീഴ്‌ത്തി. ബൈക്ക് യാത്രികർ നിലത്തുവീണെങ്കിലും ഡോക്ടർ കാർ നിർത്തിയില്ല. പിന്നീട് മറ്റൊരു ബൈക്കിലും ഇടിച്ചു.

ഇതിനിടെ ആദ്യം ഇടിച്ച മാരുതി കാറിലെയും ബൈക്കിലെയും യാത്രക്കാർ പിന്നാലെയെത്തി കാർ വളഞ്ഞു. ഇതോടെ ബൈക്ക് യാത്രക്കാർക്കുേനരെ ഇവർ കൈയേറ്റത്തിനും ശ്രമിച്ചു. നാട്ടുകാർ തടിച്ചുകൂടിയതോടെ കൺട്രോൾ റൂം പൊലീസും ഈസ്റ്റ് പൊലീസും സ്ഥലത്തെത്തി. ഇവരെ പൊലീസ് വാഹനത്തിൽ കയറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതിനിടെ പിങ്ക് പൊലീസ് സ്ഥലത്തെത്തി ഈസ്റ്റ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.

തുടർന്ന് നാട്ടുകാർ വാഹനം തടഞ്ഞപ്പോൾ ആൺ സുഹൃത്തുക്കൾക്കൊപ്പം ഡോർ ലോക്ക് ചെയ്ത് അകത്തിരുന്ന ഡോക്ടറെ ഏറെപണിപ്പെട്ടാണ് പൊലീസ് പുറത്തിറക്കിയത്. കൺട്രോൾ റൂമിലെ പൊലീസുകാരും പിങ്ക് പൊലീസും കാറിന്റെ ഡോർ തുറക്കാനാവശ്യപ്പെട്ടെങ്കിലും ഇവർ തയാറായില്ല. കൊല്ലം ഈസ്റ്റ് എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് അവരെ അറസ്റ്റ് ചെയ്തത്. ഒരു മണിക്കൂറോളം ഗതാഗത തടസത്തിനിടയാക്കി.

അസീസി മെഡിക്കൽ കോളേജിലെ ദന്ത ഡോക്ടറാണ് ഇവർ. ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കിടെ ഇവർ പൊലീസുകാരോടും മാധ്യമപ്രവർത്തകരോടും തട്ടിക്കയറി. കാറിൽ നിന്ന് നാല് മദ്യക്കുപ്പികളും പൊലീസ് പിടിച്ചെടുത്തു. വൈദ്യപരിശോധനയ്ക്ക് ഹാജരാക്കിയപ്പോൾ കാൽ നിലത്തുറയ്ക്കാതിരുന്ന ഇവർ പൊലീസുകാരെ അസഭ്യം പറഞ്ഞു. ഇവരോടൊപ്പമുണ്ടായിരിന്ന ആൺസുഹൃത്തുക്കൾ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. പിന്നീട് നിർബന്ധിച്ച് പൊലീസ് ജീപ്പിൽ കയറ്റി ട്രാഫിക് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

മുമ്പ് അത്യാസന്ന നിലയിലുള്ള രോഗിയുമായി വന്ന ആംബുലൻസിന്റെ താക്കോൽ ഊരിയെടുത്തെന്ന പരാതിയാണ് ഇവർക്കെതിരെ ഉയർന്നിരുന്നത്. രോഗിയെ മരണത്തിലേക്ക് നയിച്ചേക്കാവുന്ന കുറ്റത്തിനാണ് അന്ന് കൊല്ലം ഈസ്റ്റ് പൊലീസ് ഇവർക്കെതിരെ കേസെടുത്തത്. ഈ കേസ് നിലനിൽക്കെ തന്നെയും ഇവർ മദ്യലഹരിയിൽ അഴിഞ്ഞാട്ടം തുടരുകയായിരുന്നു. ഇന്ന് തന്റെ ആഡംബരകാറിൽ ആംബുലൻസ് തട്ടിയെന്ന് ആരോപിച്ചാണ് കോപാകുലയായ രശ്മി പിള്ള ആംബുലൻസിന്റെ താക്കോൽ ഊരി മാറ്റിയത്.

കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ നിന്ന് ജില്ലാ ആശുപത്രിയിലേയ്ക്ക് അയച്ച രോഗിയുമായി വരികയായിരുന്ന ആംബുലൻസ് യാത്രാമധ്യേ ഹൈസ്‌കൂൾ ജങഷനിൽ വച്ച് യുവതി ഓടിച്ച കാറുമായി ഉരസി. രോഗി അത്യാസന്ന നിലയിലായിരുന്നതിനാൽ ആംബുലൻസ് നിർത്തിയില്ല. രോഗിയെ ഒപ്പമുള്ളവരും ഡ്രൈവറും ചേർന്ന് ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേയ്‌ക്കെടുക്കുമ്പോൾ പിന്തുടർന്നെത്തിയ യുവതി ആംബുലൻസിൽ നിന്ന് താക്കോൽ കൈക്കലാക്കുകയായിരുന്നു. ഡോക്ടർമാരുടെ പരിശോധനയ്ക്ക് ശേഷം രോഗിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് റഫർ ചെയ്തു. അവിടേയ്ക്ക് പോകാൻ ആംബുലൻസ് സ്റ്റാർട്ടാക്കാൻ നോക്കുമ്പോഴാണ് താക്കോൽ നഷ്ടമായ വിവരം അറിയുന്നത്.

ഡ്രൈവർ കൊല്ലം ഈസ്റ്റ് പൊലീസിൽ പരാതി നൽകിയതോടെ യുവതി താക്കോൽ ട്രാഫിക് പൊലീസ് സ്റ്റേഷനിലെത്തിച്ച് തനിക്ക് പരാതിയുണ്ടെന്നും ഉടൻ വരാമെന്നും അറിയിച്ച് മുങ്ങുകയായിരുന്നു. ഇവരുടെ കാറിന്റെ നമ്പർ കണ്ടെത്തി അന്വേഷണം നടത്തിയാണ് പൊലീസ് കേസെടുത്തത്.