ലോസാഞ്ചൽസ്: മൊബൈൽ ഫോൺ വന്നതിനു പിന്നാലെ ഉണ്ടായ ഒരു ആചാരമാണ് കാണാൻ കൊള്ളാവുന്ന എന്തു കണ്ടാലും അതിന്റെ മുന്നിൽനിന്നു സെൽഫി എടുക്കുകയെന്നത്. സെൽഫി വ്യത്യസ്തമാക്കാൻ ചില സാഹസികർ വളരെ അപകടം പടിച്ച സ്ഥലങ്ങളിൽനിന്നു ഫോട്ടോ എടുക്കുന്നതും അപകടം പറ്റുന്നതും സംഭവിക്കാറുണ്ട്.

അമേരിക്കയിലെ കലിഫോർണിയയിൽ ഒരു യുവതി വ്യത്യസ്ത സെൽഫി എടുക്കാൻ ശ്രമിച്ചത് 730 അടി ഉയരത്തിലുള്ള പാലത്തിന്റെ അപകടം പിടിച്ച സ്ഥലത്തുനിന്നായിരുന്നു. എന്നാൽ നിൽപ്പു പിഴച്ച യുവതി താഴേയ്ക്കു നിപതിച്ചു. ഭാഗ്യത്തിന് 60 അടി താഴ്ചയിലേക്കു വീണ യുവതി അഭ്ദുതകരമായി രക്ഷപ്പെടുകയായിരുന്നു.

കലിഫോർണിയയിലെ സാക്രമെന്റോയ്ക്കടുത്തുള്ള ഫോറസ്റ്റ്ഹിൽ പാലത്തിലാണ് അപകടം സംഭവിച്ചത്. പാലത്തിന്റെ തൊട്ടുതാഴെയുള്ള നടപ്പാതയിൽനിന്നാണ് യുവതി സെൽഫി എടുക്കാൻ ശ്രമിച്ചത്. അദ്ഭുതകരമായി അറുപതടി താഴ്ചയിലേക്കു വീണ യുവതിയെ ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചു. പാലത്തിൽനിന്നു വീണ യുവതിക്ക് ഭാഗ്യം കൊണ്ടു മാത്രമാണ് ജീവൻ തിരിച്ചുകിട്ടിയതെന്ന് അധികൃതർ പറഞ്ഞു.

ഉയരത്തിന്റെ കാര്യത്തിൽ അമേരിക്കയിലെ നാലാമത്തെയും കലിഫോർണിയിയിലെ ഒന്നാമത്തെയും പാലമാണിത്. പാലത്തിന്റെ അടിയിലുള്ള വാക് വേ അപകടം പിടിച്ചത് ആയതിനാൽ അധികൃതർ അടച്ചിട്ടിരിക്കുകയാണ്. എന്നാൽ സെൽഫി എടുക്കാൻ മാത്രമായി ഇവിടേക്കു പലരും എത്തിച്ചേരുന്നുണ്ട്.

2015ൽ ഒറ്റ ദിവസം മാത്രം 34 പേർ പാലത്തിലെ അപകട മേഖലയിൽ പ്രവേശിച്ചിരുന്നു. സെൽഫി എടുക്കാ്ൻ ഇവിടെ എത്തുന്നവരിൽ ഭൂരിഭാഗവും യുവാക്കളാണ്. ഈ പാലത്തിൽനിന്ന് എടുത്ത നിരവധി ചിത്രങ്ങൾ സോഷ്യൽ മിഡീയയിൽ പ്രചരിക്കുന്നുമുണ്ട്.